ADVERTISEMENT

തിരുവല്ല∙ മധ്യതിരുവിതാംകൂറിലെ ഫുട്ബോൾ ചരിത്രം ഉറങ്ങുന്ന തിരുവല്ലയിൽ നിന്നു ഒരു കളിക്കാരൻ കൂടി ജീവിതത്തിന്റെ കളിക്കളം വിട്ടു. മുൻ സംസ്ഥാന, ജില്ലാ താരം കിഴക്കൻ മുത്തൂർ മാമ്മൂട്ടിൽ ഷാജി ജോണാണ് ( 58) കഴിഞ്ഞ ദിവസം വിടവാങ്ങിയത് എൺപതുകളിൽ തിരുവല്ല ഫുട്ബോളിൽ നിറഞ്ഞു നിന്ന ഒരു പറ്റം കളിക്കാരിൽ പ്രഗത്ഭനായിരുന്നു ഷാജി. ഇടതു വിങിലെ വിശ്വസ്ത പ്രതിരോധ നിരക്കാരൻ. 1981ൽ തിരുവല്ല എസ്‌സിഎസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ജേതാക്കളായ അവിഭക്ത ആലപ്പുഴ ജില്ലയുടെ ഇടതു വിങ് ബാക്കായാണു ഷാജി കായികപ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

അന്ന് ടീമിൽ റെജിനോൾഡ്, ഷാജി, റെജി, വർഗീസ് മാത്യു , അബിലി, റിക്കി, അലക്സ് ഏബ്രഹാം അപ്പു, ഉപ്പായി മാത്യൂസ് തുടങ്ങിയവർ ഉണ്ടായിരുന്നു.. ഇതിൽ അപ്പുവും, വർഗീസ് മാത്യുവും ഇപ്പോൾ ഷാജിയും നല്ല ഓർമകൾ ബാക്കിയാക്കി യാത്ര പറഞ്ഞു.ഗോവ ജൂനിയർ നാഷനലിൽ കേരളത്തിന്റെ കുപ്പായം അണിഞ്ഞ ഷാജി പിതൃസഹോദരൻ ഐസക് ഏബ്രഹാമിന്റെ പ്രേരണയിൽ മിലട്ടറിയിൽ ചേർന്നു. ബെംഗളൂരുവിൽ എംഇജിക്കു വേണ്ടി പല ദേശീയ മത്സരങ്ങളും കളിച്ചു. കുറ്റപ്പുഴ സോക്കർ, തിരുവല്ല യൂത്ത് യുണൈറ്റഡ് എന്നിവയ്ക്കു വേണ്ടി ഒട്ടേറെ തവണ കളിച്ചിട്ടുണ്ട്. വിവാഹത്തിനു ശേഷം കുവൈത്തിൽ ദീർഘനാൾ ജോലി ചെയ്തു. നാട്ടിൽ മടങ്ങിയെത്തി വിശ്രമ ജീവിതത്തിലും കാൽപന്തുകളിയോടുള്ള സ്നേഹം കൈവിട്ടില്ല.

കുറ്റപ്പുഴ സോക്കർ ക്ലബിലൂടെ കളിച്ചു വളർന്നതിന്റെ ഓർമകൾ അയവിറക്കി മാർത്തോമ്മാ കോളജ് സ്റ്റേഡിയത്തിലും സോക്കർ ക്ലബിന്റെ പരിപാടികളിലും സജീവമായിരുന്നു. ജില്ല ഫുട്ബോൾ അസോസിയേഷനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ജനുവരിയിൽ മൂത്ത മകളുടെ വിവാഹത്തിനു വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു. സ്നേഹം കൊണ്ട് സഹകളിക്കാരെ വീർപ്പുമുട്ടിച്ച ഒരു കളിക്കൂട്ടുകാരൻ കൂടി കടന്നുപോയതെന്ന് സഹകളിക്കാരനും ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായ ഡോ. റെജിനോൾഡ് വർഗീസ് പറഞ്ഞു. ഷാജിയുടെ സംസ്കാരം ഇന്ന് നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com