ADVERTISEMENT

ഇലന്തൂർ ∙ ഗാന്ധിജിയെ ഇലന്തൂർ സന്ദർശനത്തിൽ സ്വീകരിച്ച സംഘാംഗം ഉടയൻകാവിൽ കെ.മീനാക്ഷിയമ്മ (99) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്കു ശേഷം വീട്ടിൽവച്ചായിരുന്നു മരണം. ഗാന്ധിജിയുടെ അവസാന കേരള സന്ദർശനത്തിന്റെ ഭാഗമായി 1937 ജനുവരി 20ന് ഇലന്തൂരിൽ എത്തിയപ്പോഴാണ് മീനാക്ഷിയമ്മ ഉൾപ്പെടുന്ന സംഘം അദ്ദേഹത്തിന് സ്വീകരണം നൽകിയത്.

അന്ന് കുമ്പഴ പ്രവൃത്തി പള്ളിക്കൂടം എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ ഇലന്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു മീനാക്ഷിയമ്മ. പിന്നീട് ഖാദി പ്രവർത്തകനും അധ്യാപകനുമായിരുന്ന സാഹിത്യ വിശാരദ് ടി.കെ.കരുണാകരൻ നായരെ വിവാഹം കഴിച്ചതോടെ മീനാക്ഷിയമ്മ പൂർണമായും ഗാന്ധി ദർശനത്തിലേക്ക് വഴിമാറിയിരുന്നു.

ഇലന്തൂർ ഗ്രാമത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം പഠിക്കാനെത്തുന്ന പുതുതലമുറ ഉടയൻകാവിലെ ഉമ്മറത്ത് മീനാക്ഷി മുത്തശ്ശിയെ തേടിയെത്തുന്നത് പതിവായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം ആഘോഷിക്കുന്ന വർഷം തൊണ്ണൂറ്റിയൊൻപതിന്റെ നിറവിലെത്തിയ മീനാക്ഷി മുത്തശ്ശിക്ക് ആദരവർപ്പിക്കാൻ ഒട്ടേറെപ്പേർ എത്തിയിരുന്നു. ജനുവരിയിൽ നൂറാം ജന്മദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിനിടെയാണ് മീനാക്ഷിയമ്മയുടെ വിയോഗം. മീനാക്ഷിയമ്മ യാത്രയാകുമ്പോൾ ഒരു കാലഘട്ടത്തിന്റെ സുവർണ ഓർമപ്പെടുത്തലുകൾ കൂടി അവസാനിക്കുകയാണ്.

കെ.മീനാക്ഷിയമ്മയുടെ സംസ്കാരം ഇന്ന് 12.30ന് നടക്കും. മക്കൾ: ടി.കെ.സുകൃതലത (മുൻ മാനേജർ ഫയർ ഫോഴ്‌സ് ഹെഡ് ക്വാർട്ടേഴ്‌സ്), ടി.കെ. സുജാതാദേവി (മുൻ സെക്രട്ടറി ഇലന്തൂർ സർവീസ് സഹകരണ ബാങ്ക്), ടി.കെ.സുചേത കുമാരി (റിട്ട. അധ്യാപിക ഇളമണ്ണൂർ എച്ച്എസ്എസ്), ടി.കെ.സുമംഗലാദേവി (മുൻ അസി.കമ്മിഷണർ സെയിൽസ് ടാക്‌സ്), ടി.കെ.സുഷമാദേവി (മുൻ പോസ്റ്റ്മിസ്ട്രസ്, മാവേലിക്കര), ടി.കെ.സുധീഷ് കുമാർ (റിപ്പോർട്ടർ മംഗളം). 

മരുമക്കൾ: വി.ജി.മോഹൻ നായർ (മുൻ സീനിയർ ടിഒഎ ബിഎസ്എൻഎൽ), അഡ്വ. രവീന്ദ്രൻ ഉണ്ണിത്താൻ (മുൻ എഒ കെഎസ്ഇബി), ബി. സുപ്രിയ (മുൻ അധ്യാപിക യൂണി ബിഎഡ് കോളജ്), പരേതരായ എസ്.ശശിധരൻ നായർ (മുൻ മാനേജർ ഫയർ ഫോഴ്സ്), കെ.ജി.കെ.ഉണ്ണിത്താൻ (മുൻ പ്രിൻസിപ്പൽ ന്യൂ ഇംഗ്ലിഷ് കോളജ്), രവീന്ദ്രൻ നായർ (മുൻ ഡിഎ പൊതുമരാമത്ത് വകുപ്പ്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com