ADVERTISEMENT

പുല്ലാട് ∙ ഒറ്റ മിന്നലിൽ പൊലിഞ്ഞുപോയത് വരയന്നൂർ ഒറ്റപ്ലാമൂട്ടിൽ റെജി ഫിലിപ്പിന്റെ ജീവിത സ്വപ്നങ്ങളാണ്. ഞായർ രാത്രി 8 മണിയോടെയുണ്ടായ മിന്നലിൽ തൊഴുത്തിൽ നിന്ന ഗർഭിണികളായ 2 പശുക്കൾ ചത്തു. വീടിനുള്ളിലെ ഇലക്ട്രിക് ഉപകരണങ്ങളും വൈദ്യുതിലൈനുകളും കത്തിനശിച്ചു. അടുക്കളയിലെ പാരപ്പറ്റിന്റെ വശങ്ങളെല്ലാം അടർന്നുവീണു. അടുക്കളജനാല കത്തി. ഭിത്തി പല സ്ഥലത്തും വിണ്ടുകീറി. 

30 വർഷമായി പശുക്കളെ വളർത്തിയാണ് കുടുംബം കഴിയുന്നത്. റെജിയും മകൻ റിന്റുവും കാഴ്ചയില്ലാത്തവരാണ്. 4 മാസം മുൻപുണ്ടായ അപകടത്തിൽ റിന്റുവിന്റെ കാലിനു പരുക്കേറ്റ് നടക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ്. ഇവരാണ് പശുക്കളെ വളർത്തുന്നതും പാൽ കൊടുക്കുന്നതുമെല്ലാം. മൂന്നും അഞ്ചും മാസം ഗർഭിണികളായിരുന്നു ചത്ത പശുക്കൾ. ഇതിൽ ഒന്നിനെ ഒന്നേകാൽ വർഷം മുൻപ് 70000 രൂപയ്ക്ക് വാങ്ങിയതാണ്. ബാങ്കുകളിൽ  മൂന്നര ലക്ഷം രൂപയുടെ  വായ്പയും ഇവർക്കുണ്ട്.  വെറ്ററിനറി ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തി പശുക്കളെ കുഴിച്ചിട്ടു. 

4 സെന്റ് സ്ഥലവും രണ്ടു മുറി വീടുമാണ് ഇവർക്കുള്ളത്. ചത്ത പശുവിനെ കുഴിച്ചിടാൻ പോലും സ്ഥലമില്ലായിരുന്നു. സമീപവാസിയുടെ സ്ഥലത്താണ് മറവു ചെയ്തത്. ഇടിമിന്നലിൽ സമീപത്തെ രണ്ടു വീടുകളിലെ വൈദ്യുതിലൈനിനും ഉപകരണങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com