ADVERTISEMENT

ശബരിമല ∙ കൃത്യമായ ഏകോപനമില്ല. തിരക്കു കൂടുന്നത് മുൻകൂട്ടി കണ്ട് ഭക്തരുടെ കഷ്ടപ്പാടുകൾ കുറയ്ക്കാൻ വേണ്ടപ്പെട്ടവർ ശ്രദ്ധിക്കുന്നില്ല. രണ്ട് ദിവസമായി സന്നിധാനത്ത് കാണുന്ന കാഴ്ചയാണിത്. രണ്ടാം ഘട്ട സേവനത്തിനു പുതിയ പൊലീസുകാർ  വന്നതോടെ രാത്രി ഹരിവരാസനത്തിനു ശേഷം പതിനെട്ടാംപടി കയറ്റുന്നത് നിർത്തി. തീർഥാടനം തുടങ്ങി 10 ദിവസം കൃത്യമായി നടന്നുവന്ന രീതി അടുത്ത ഉദ്യോഗസ്ഥർ എത്തിയതോടെ മാറ്റി. അതും ദേവസ്വം ബോർഡുമായി ആലോചിക്കാതെ. ഞായറാഴ്ച രാത്രി നട അടച്ച ശേഷം ആരെയും പതിനെട്ടാംപടി കയറ്റിയില്ല.  ഇല്ലാത്ത നിയന്ത്രണമാണ് പൊലീസ് കൊണ്ടുവന്നത്.

  1.മാളികപ്പുറത്തേക്കുളള വഴിയിലെ തിരക്ക്, 2.പാദബലം ഇല്ലെങ്കിലും മനസ്സിന്റെ ബലത്തിൽ വലിയ തിരക്കിലുടെ ഉന്നുവടിയുടെ സഹായത്തോടെ പതിനെട്ടാംപടി കയറുന്ന ഭക്തൻ. 				         ചിത്രം:മനോരമ
1.മാളികപ്പുറത്തേക്കുളള വഴിയിലെ തിരക്ക്, 2.പാദബലം ഇല്ലെങ്കിലും മനസ്സിന്റെ ബലത്തിൽ വലിയ തിരക്കിലുടെ ഉന്നുവടിയുടെ സഹായത്തോടെ പതിനെട്ടാംപടി കയറുന്ന ഭക്തൻ. ചിത്രം:മനോരമ

പുലർച്ചെ 3ന് നട തുറക്കും മുൻപാണ് ഇവരെ പടി കയറ്റിയത്. അതുവരെ വലിയ നടപ്പന്തലിലെ വരികളിൽ അവർ കാത്തിരുന്നു. 12 വിളക്കു ദിവസമായ ഇന്നലെ  ദർശനത്തിനു 89037 പേർ വെർച്വൽക്യു ബുക്കു ചെയ്തിരുന്നു. പുലർച്ചെ നട തുറക്കുമ്പോൾ വലിയ തിരക്ക് ഉണ്ടാകുമെന്നതിനാൽ നേരത്തെ വന്നവരെ എല്ലാം പതിനെട്ടാംപടി കയറാൻ അനുവദിക്കാതിരുന്നത് തീർഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി.

  ശബരിമലയിൽ പുജയ്ക്കായി തിരുമുറ്റം കഴുകുന്നു. 	       		        ചിത്രം:മനോരമ
ശബരിമലയിൽ പുജയ്ക്കായി തിരുമുറ്റം കഴുകുന്നു. ചിത്രം:മനോരമ

പുലർച്ചെ 3ന് നട തുറക്കുന്നതിനു മുൻപ് അയ്യപ്പന്മാരെ പതിനെട്ടാംപടി കയറ്റുമായിരുന്നു. ഇതുകാരണം നട തുറക്കുമ്പോൾ തന്നെ നല്ലൊരു ഭാഗത്തിനു ദർശനം കിട്ടി. ആദ്യഘട്ടത്തിൽ തുടർന്നുവന്ന സംവിധാനം  രണ്ടാംഘട്ടം പൊലീസ് വന്ന ആദ്യ ദിവസം മാറ്റി. നട തുറന്ന മേൽശാന്തി ശ്രീകോവിലിൽ നിന്ന് ഇറങ്ങി ഉപദേവ നടകൾ തുറക്കാൻ പോയ സമയത്താണ്  അയ്യപ്പന്മാരെ പതിനെട്ടാംപടി കയറ്റി വിട്ടത്. പൊലീസും ദേവസ്വവും തമ്മിലുള്ള ഏകോപനം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടാണ് ഇത് സൂചിപ്പിക്കുന്നത്.

  ശബരിമലയിൽ പന്ത്രണ്ട് വിളക്കായ ഇന്നലെ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി, തന്ത്രി കണ്ഠര് രാജീവര് എന്നിവരുടെ കാർമികത്വത്തിൽ നടന്ന കളഭപ്രദക്ഷണം. 	      ചിത്രം:മനോരമ
ശബരിമലയിൽ പന്ത്രണ്ട് വിളക്കായ ഇന്നലെ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി, തന്ത്രി കണ്ഠര് രാജീവര് എന്നിവരുടെ കാർമികത്വത്തിൽ നടന്ന കളഭപ്രദക്ഷണം. ചിത്രം:മനോരമ

ഇതേ അനുഭവം പമ്പയിലും ഉണ്ടായി. ഞായറാഴ്ച വൈകിട്ട് പമ്പ ത്രിവേണിയിൽ കെഎസ്ആർടിസി  ബസിനു പാർക്കിങ് നൽകുന്നതിനെ ചൊല്ലി ഉണ്ടായ തർക്കം കുറെ സമയത്തേക്ക് ഗതാഗതക്കുരുക്ക് ഉണ്ടാക്കി.

ദാഹമകറ്റാൻ ഔഷധ ചുക്കുവെള്ളം

പതിനെട്ടാംപടി കയറാൻ  വലിയ നടപ്പന്തലിൽ മണിക്കൂറുകളോളം കാത്തുനിൽക്കുന്നവർക്ക് ദാഹമകറ്റാൻ ഔഷധ ചുക്കുവെള്ളം. ദർശനത്തിനു 3 ദിവസമായി ഭക്തരുടെ പ്രവാഹമാണ്. വലിയ നടപ്പന്തലിലെ 9 നിരയിലും പടികയറാനുള്ള തീർഥാടകരെ  പൊലീസ് നിറച്ചു നിർത്തി. കാത്തുനിൽപ് മണിക്കൂറുകൾ നീണ്ടതോടെ ഭൂരിഭാഗവും ദാഹജലത്തിനായി  അപേക്ഷിച്ചു.  രണ്ട് വശങ്ങളിലും നിൽക്കുന്നവർക്കു മാത്രമാണ് വെള്ളം കൊടുക്കാൻ കഴിഞ്ഞത്. ഇക്കാര്യം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപന്റെ  ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് ഉള്ളിൽ നിൽക്കുന്ന തീർഥാടകർക്ക് സ്റ്റീൽ കുപ്പികളിൽ  വെള്ളം എത്തിക്കാൻ അടിയന്തര സംവിധാനം ഒരുക്കി.

ദേവസ്വം ബോർഡ് പ്രസിഡന്റ് നേരിട്ട് ഇറങ്ങി  നടപ്പന്തലിൽ  കാത്തുനിൽക്കുന്ന തീർഥാടകർക്ക് ചുക്കുവെള്ളം കൊടുക്കാൻ തുടങ്ങി. അതോടെ ഉദ്യോഗസ്ഥരും  സജീവമായി. പ്രസിഡന്റ് പോകും വരെ അവരും കുപ്പികളിൽ  ചുക്കുവെള്ളം നിറച്ച് തീർഥാടകർക്കു വിതരണം ചെയ്തു. തിരക്കു കൂടിയതോടെ എല്ലാ സ്ഥലങ്ങളിലെയും ചുക്കുവെള്ള വിതരണ കേന്ദ്രങ്ങളും സജീവമായി.ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേർത്ത് തയാറാക്കുന്ന കുടിവെള്ളമാണു ദേവസ്വം ബോർഡ് വിതരണം ചെയ്യുന്നത്.

അയ്യപ്പ സേവാസംഘം  ചുക്ക്, രാമച്ചം, ഞെരിഞ്ഞിൽ എന്നിവ ഉണക്കി പൊടിച്ചാണു വെള്ളം തിളപ്പിച്ച് വിതരണം ചെയ്യുന്നത്.  രണ്ടും ഔഷധ ഗുണം ഉള്ളതാണ്. ഇതിനു പുറമേ ഹരിഹരപുത്ര സംഘവും  ഔഷധ ഗുണമുള്ള വെള്ളമാണ് വിതരണം ചെയ്യുന്നത്.ദേവസ്വം ബോർഡിന് 52 ഇടങ്ങളിലാണ് വിതരണം ഉള്ളത്. 400 തൊഴിലാളികളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ശരംകുത്തിയിൽ 3,500 ലീറ്റർ ശേഷിയുള്ള ബോയിലറിൽ തയാറാക്കുന്ന വെള്ളം പരമ്പരാഗത പാതയിൽ മരക്കൂട്ടം മുതൽ ജ്യോതി നഗർ വരെ വിതരണം ചെയ്യും. മറ്റിടങ്ങളിൽ വിതരണം ചെയ്യുന്നതിന് 14 സ്ഥലങ്ങളിലായി ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് വെള്ളം തയാറാക്കുന്നു. 

അയ്യപ്പ സേവാസംഘം അപ്പാച്ചിമേട് ക്യാംപിനോടു ചേർന്ന് ചുക്കുവെളള വിതരണം ഉണ്ട്.  കുത്തനെയുളള മല കയറുമ്പോൾ ക്ഷീണം അനുഭവപ്പെടും. അതിനാൽ അവിടെനിന്നു വെള്ളം കുടിച്ചാണു മുന്നോട്ടു നടക്കുന്നത്.  പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലും സന്നിധാനത്തെ നടപ്പന്തലിലുമെല്ലാം  ഔഷധജലം ലഭ്യമാണ്. എന്നാൽ പതിനെട്ടാംപടി കയറാനുള്ള ക്യു മതിൽ പോലെ  നിൽക്കുമ്പോൾ ഒരുവശത്തു മാത്രമുള്ളവർക്കേ വെള്ളം വാങ്ങി കുടിക്കാൻ കഴിയുന്നുള്ളു. ക്യൂവിന്റെ മധ്യഭാഗത്തു നിൽക്കുന്നവർക്ക്  കുടിക്കാൻ വെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട്.

വരുമാനം 52.55 കോടി; തീർഥാടനം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നു

തീർഥാടനം പഴയ പ്രതാപത്തിലേക്കു വന്നതിന്റെ ആശ്വാസത്തിലാണ് ദേവസ്വം ബോർഡും അയ്യപ്പ ഭക്തരും. ആദ്യ 10 ദിവസം പിന്നിട്ടപ്പോഴേക്കും ദേവസ്വം ബോർഡിന്റെ വരുമാനം 52.55 കോടിയായി ഉയർന്നു. കാണിക്ക ഇനത്തിൽ 12.73 കോടിയും കിട്ടി. ദേവസ്വം ഭണ്ഡാരത്തിൽ എണ്ണാൻ കഴിയാതെ പണം കുമിഞ്ഞു കൂടിക്കിടക്കുകയാണ്. ഇതെത്തുടർന്നു ദേവസ്വം ബോർഡിന്റെ എല്ലാ ഗ്രൂപ്പിൽ നിന്നും കൂടുതൽ ജീവനക്കാരെ സന്നിധാനത്തേക്ക് സേവനത്തിനെത്തിച്ചു. ക്ഷേത്രകലാ പീഠത്തിലെ വിദ്യാർഥികളും സേവനത്തിനെത്തി. ബോർഡിന്റെ പഴയ ഭണ്ഡാരവും തുറന്ന് കാണിക്ക എണ്ണുന്ന ജോലി തുടങ്ങി.

2018 വരെ നാണയങ്ങൾ എണ്ണുന്നതിനു ഭണ്ഡാരത്തിൽ യന്ത്രങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ കറൻസി എണ്ണുന്നതിനു മാത്രമാണ് യന്ത്രമുള്ളത്. ഭണ്ഡാരത്തിൽ ആവശ്യമായ യന്ത്രങ്ങൾ ബാങ്ക് എത്തിക്കാത്തത് ജീവനക്കാർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപന്റെ ശ്രദ്ധയിൽ  കൊണ്ടുവന്നു. യന്ത്ര സംവിധാനം ഒരുക്കിയില്ലെങ്കിൽ  മകരവിളക്ക് കഴിഞ്ഞ് നട അടച്ചാലും കാണിക്ക എണ്ണി തീരില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com