അടൂർ ∙ ഭാര്യയുമായി ഉണ്ടായ വാക്കുതർക്കത്തിനിടയിൽ എട്ടു മാസമായ ആൺകുഞ്ഞിന്റെ താടിയെല്ല് കമ്പി കൊണ്ട് അടിച്ചു പൊട്ടിച്ച കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ താമരക്കുളം വേടരപ്ലാവിൽ ഇടവന തെക്ക് പുത്തൻവീട്ടിൽ ഷിനുമോൻ (31) ആണ് അറസ്റ്റിലായത്.
ഇവർ ഇപ്പോൾ താമസിക്കുന്ന പാറക്കൂട്ടത്തുള്ള വീട്ടിൽ വ്യാഴാഴ്ച രാവിലെ 11.30ന് ആണ് സംഭവം. മദ്യപിച്ചെത്തിയ ഷിനുമോൻ ഭാര്യ സുജിയുമായി ഉണ്ടായ കുടുംബ വഴക്കിനിടയിൽ മകനെ കമ്പി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.വഴക്കിനിടയിൽ സുജിയെ കൊല്ലുമെന്ന് പറഞ്ഞ് നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
ഇതിനിടയിൽ ഇവരുടെ തോളിനു പരുക്കേറ്റു. ഭാര്യ പൊലീസിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്തത്. കമ്പിയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്ഥിരം പ്രശ്നക്കാരായ ഇയാൾക്കെതിരെ വധശ്രമം, ഗാർഹിക പീഡന നിരോധന നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. താടിയെല്ലു പൊട്ടിയ കുഞ്ഞ് ചികിത്സയ്ക്കു ശേഷം മാതാവിനൊപ്പം വീട്ടിലാണ്.