ADVERTISEMENT

കോഴഞ്ചേരി∙ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പു കേസിൽ അറസ്റ്റ് ചെയ്ത മാനേജരെ റിമാൻഡ് ചെയ്തു. കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിലെ അഞ്ചാം പ്രതി കുറിയന്നൂർ പിആർഡി മിനി നിധി ലിമിറ്റഡ് മുൻ മാനേജർ തോട്ടപ്പുഴശേരി ചിറയിറമ്പ് മാരാമൺ കാവുംതുണ്ടിയിൽ ഡേവിസ് ജോർജിനെ (64) ആണ് റിമാൻഡ് ചെയ്തത്.

ഇയാൾ മുൻ‌കൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകാനാണ് കോടതി നിർദേശിച്ചത്. തുടർന്ന് മുങ്ങി നടന്ന ഇയാളെ കഴിഞ്ഞ ദിവസം വൈകിട്ട് പത്തനംതിട്ടയിൽ നിന്നാണ് പിടികൂടിയത്. കുറിയന്നൂർ ശ്രീരാമസദനം ഡി.അനിൽകുമാർ (59), ഭാര്യ ഡി.എസ്.ദീപ(52), മകൻ അനന്ദു വിഷ്ണു (28) എന്നിവരെ എറണാകുളം ഇരമല്ലിക്കരയിലെ ഫ്ലാറ്റിൽ നിന്നു പിടികൂടിയിരുന്നു.

തടിയൂർ പ്രീതി വ്യൂ ഹൗസിൽ രാജ്‌കുമാറിന്റെ ഭാര്യ ബിനുമോൾ പല കാലയളവിലായി നിക്ഷേപിച്ച അഞ്ചേകാൽ ലക്ഷത്തോളം രൂപയുടെ പലിശയോ മുതലോ തിരിച്ചു നൽകാതെ ചതിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലും മറ്റ് ജില്ലകളിലും ഇവർക്കെതിരെ ഒട്ടേറെ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 

കോയിപ്രം പൊലീസ് സ്റ്റേഷനിൽ ഒട്ടേറെ കേസുകൾ സ്ഥാപനത്തിനെതിരെ ഇതിനകം റജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ പല പേരുകളിൽ സ്ഥാപനം നടത്തി വിവിധ പേരുകളിൽ പണമിടപാടും നിക്ഷേപവും നടത്തിച്ചതായും കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചശേഷം, പണമോ പലിശയോ നൽകാതെ തട്ടിപ്പ് നടത്തിയതായും പൊലീസ് കണ്ടെത്തി.

സ്ഥാപനത്തിന് റിസർവ് ബാങ്ക് അനുമതി ഇല്ലെന്നും വ്യക്തമായിട്ടുണ്ട്. പ്രതികളുടെ സ്വത്തു വിവരങ്ങളെപ്പറ്റി അന്വേഷണം തുടരുകയാണ്. പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐമാരായ ഷൈജു, മധു, എഎസ്ഐ സുധീഷ്, സിപിഒമാരായ ആരോമൽ, ഷെബി എന്നിവരാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com