ADVERTISEMENT

റാന്നി ∙ താലൂക്ക് ആശുപത്രിയിലെ ഒപി വിഭാഗം അടിമുടി പരിഷ്കരിച്ചു. തിക്കും തിരക്കുമില്ലാതെ രോഗികൾക്ക് ഡോക്ടർ‌മാരെ കാണാനും ഫാർമസിയിൽ നിന്ന് മരുന്നുകൾ വാങ്ങാൻ കഴിയും വിധത്തിലാണ് പരിഷ്കരണം. ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) അനുവദിച്ച 93 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്.

വാർഡ് കെട്ടിടത്തിന്റെ താഴത്തെ നിലയാണ് ഒപിക്കായി സജ്ജമാക്കിയിരുന്നത്. ഒപി ടിക്കറ്റെടുക്കാൻ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിശ്രമിക്കാൻ കാർ പോർച്ചിനു സമീപം പ്രത്യേക ഇരിപ്പിട സംവിധാനം ഒരുക്കി. ഒപി ടിക്കറ്റ് കൗണ്ടർ പ്രധാന ഗേറ്റിനു സമീപത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇപ്പോൾ ടിക്കറ്റ് എഴുതി നൽകുകയാണ്. സമീപഭാവിയിൽ അത് ടോക്കൺ സംവിധാനത്തിലേക്കു മാറ്റും. ടിക്കറ്റ് കൗണ്ടറിനു മുന്നിലും രോഗികൾക്കും മറ്റും വിശ്രമിക്കുന്നതിന് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.

ടോക്കൺ നമ്പർ പ്രകാരമാണ് ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത്. ഡോക്ടർമാരുടെ മുറികൾക്കു മുന്നിൽ നമ്പർ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ പരിശോധന മുറിക്കു സമീപമായിരുന്നു മുൻപ് ഫാർമസി. ഇതുമൂലം ഇവിടെ തിക്കും തിരക്കും കൂടുതലായിരുന്നു. പരിശോധനാ മുറികൾക്കു പുറത്ത് തരിശായി കിടന്നിരുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിർമിച്ചാണ് പുതിയ ഫാർമസി സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ 4 കൗണ്ടറുകൾ ക്രമീകരിച്ചിട്ടുണ്ട്. 

അവയ്ക്കു മുന്നിൽ നിരയായി നിന്ന് മരുന്നുകൾ വാങ്ങാം. ഫാർമസിയിലും ടോക്കൺ സംവിധാനം ഏർപ്പെടുത്താൻ പദ്ധതിയുണ്ട്. മുൻപ് ഒപി ടിക്കറ്റ് കൗണ്ടർ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് കണ്ണു പരിശോധന സംവിധാനം ഒരുക്കാനാണ് ആലോചന. നവീകരിച്ച ഒപി സംവിധാനം താൽക്കാലികമായി പ്രവർ‌ത്തനം ആരംഭിച്ചെങ്കിലും ഉദ്ഘാടനം നടന്നിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com