ADVERTISEMENT

കൂടൽ ∙ പ്രദേശത്തെ റബർ തോട്ടങ്ങളിലും കാടുകളിലും മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന പുലി അഞ്ചാം തവണയെത്തിയതു വീട്ടുമുറ്റത്താണെന്ന് അറിഞ്ഞതോടെ വിറങ്ങലിച്ച അവസ്ഥയിലായി നാട്. ഞായറാഴ്ച രാത്രി 9ന് ശേഷം കൂടൽ ഇഞ്ചപ്പാറ–കാരക്കാക്കുഴി റോഡിൽനിന്ന് പാക്കണ്ടത്തേക്ക് തിരിയുന്ന ഭാഗത്തെ അജി മാത്യുവിന്റെ വീട്ടുമുറ്റത്താണ് ഒടുവിൽ പുലിയെ കണ്ടത്. ഒൻപതു വയസ്സുള്ള മകൻ അലനെയും കൂട്ടി മുറ്റത്തേക്ക് ഇറങ്ങിയ അജിയുടെ ഭാര്യ ബിന്ദു മുൻവശത്തെ മുള്ളുവേലിക്കിടയിലൂടെ അടുത്തേക്ക് വരുന്ന പുലിയെ കാണുകയായിരുന്നു. അവർ മകനെ മുറിക്കകത്തേക്ക് തള്ളിയിട്ട് കതക് അടച്ചു. ഈ സമയം അജി വീട്ടിൽ ഉണ്ടായിരുന്നില്ല. 

ഏഴ് അടിയോളം അടുത്ത് വരെ പുലി വന്നതായി ബിന്ദു പറഞ്ഞു. വാർഡ് അംഗം മുഖേന പൊലീസിലും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ച് അവർ എത്തിയപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത്. കോന്നി ബിആർസി ഓട്ടിസം സെന്ററിലെ ആയ ആണ് ബിന്ദു. ബിന്ദുവിന്റെ വിറയൽ ഇതുവരെ മാറിയിട്ടില്ല. പുലിയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് എങ്ങനെയെന്ന് ഓർക്കാൻ പോലും ആകുന്നില്ലെന്ന് ബിന്ദു പറയുന്നു.

നാട്ടുകാരുടെ ചിട്ടകളെല്ലാം മാറി

ആളുകളുടെ ദിനചര്യപോലും മാറിക്കഴിഞ്ഞു. പുലർച്ചെയുള്ള ടാപ്പിങ് മിക്കവരും നിർത്തി. വൈകിയാണ് പത്രവിതരണം. വെളുപ്പിനുള്ള യാത്രയും നടത്തവും ഒട്ടേറെ പേർ ഒഴിവാക്കി. ചെറിയ കുട്ടികളെ സ്കൂളുകളിൽ വിടാനും മാതാപിതാക്കൾ മടിക്കുന്നു. പാതകൾ പകൽ പോലും വിജനമാകുന്നു. കാൽനട യാത്രക്കാർ കുറഞ്ഞു. വീടിന്റെ വാതിലുകൾ തുറക്കാൻ മടിക്കുന്നു. ഒറ്റപ്പെട്ടു കഴിയുന്ന മാതാപിതാക്കളെ നിരന്തരം വിദേശത്തുനിന്നു വിളിച്ച് സുരക്ഷ ഉറപ്പാക്കുന്ന മക്കൾ. പകൽ പോലും പുറത്തിറങ്ങരുതെന്ന കർശന നിർദേശങ്ങൾ. ഇഞ്ചപ്പാറ, കാരയ്ക്കാക്കുഴി, പാക്കണ്ടം ഭാഗങ്ങളിലെ ജീവിതം ഏറെ മാറിക്കഴിഞ്ഞു. 

വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പോലും ഇരുവശത്തെയും കാടുകളിലേക്കു പരിഭ്രാന്തിയോടെയാണു നോക്കുന്നത്. പ്രദേശത്തെ യഥാർഥ അവസ്ഥ മനസ്സിലാക്കാൻ കാരയ്ക്കാക്കുഴിക്കു സമീപം താമസിക്കുന്ന ഇഞ്ചപ്പാറ കാലായിൽ കുഞ്ഞൂഞ്ഞമ്മ ജോണിന്റെ വീട്ടിലെ സ്ഥിതി അറിഞ്ഞാൽ മതി. 

കഴിഞ്ഞ ദിവസം പുലി പ്രത്യക്ഷപ്പെട്ട പ്രവർത്തനം നിലച്ച പാറമടയ്ക്ക് അരികിലാണ് കുഞ്ഞൂഞ്ഞമ്മയുടെ വീട്. സമീപത്ത് മറ്റു വീടുകളില്ല. ജീവൻ കയ്യിൽ പിടിച്ച് ഭയത്തോടെയാണ് ഇവർ ഓരോ ദിവസവും തള്ളിനീക്കുന്നത്. ഭർത്താവ് 11 വർഷം മുൻപ് മരിച്ചു. മക്കൾ കൂടെയില്ല. പുറത്തേക്കുള്ള യാത്ര നിർത്തി; പള്ളിയിൽ പോലും പോകുന്നില്ല - കുഞ്ഞൂഞ്ഞമ്മ പറഞ്ഞു. സ്വന്തം ആടിനെ കൊല്ലുന്നത് നേരിൽ കണ്ട ഇഞ്ചപ്പാറ മഠത്തിലേക്ക് ജോസിന്റെ ഭീതി ഇതുവരെയും മാറിയിട്ടില്ല. ഭയന്ന് ഓടി ആളെക്കൂട്ടി എത്തിയപ്പോൾ പുലി സ്ഥലത്തുനിന്ന് മാറിയിരുന്നില്ലെന്നതാണു ജോസിനെ ഭയപ്പെടുത്തുന്നത്.

പുലി വന്നത് ഇങ്ങനെ

നവംബർ 21

പുലർച്ചെ 5ന് കലഞ്ഞൂർ കുടപ്പാറയിലാണ് പുലി ആദ്യം പ്രത്യക്ഷപ്പെട്ടത്. സംസ്ഥാന പാതയിൽനിന്ന് ഇവിടേക്ക് ഒരു കിലോമീറ്റർ മാത്രമാണ് ദൂരം. ഇവിടെ നിന്നു 9 കിലോമീറ്റർ പോയാൽ കൊടുംവനത്തിലെത്താം.

നവംബർ 29

വൈകിട്ട് 4.30 നാണ് ഇഞ്ചപ്പാറ മഠത്തിലേത്ത് ജോസിന്റെ ആടിനെ പുലി പിടിച്ചത്. ഇവിടെ നിന്നു കിഴക്കോട്ട് 5 കിലോമീറ്റർ സഞ്ചരിച്ചാൽ വനത്തിലെത്താം. സംസ്ഥാന പാതയിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ ഇവിടേക്ക്.

ഡിസംബർ 2

പുലർച്ചെ 12.15 കഴിഞ്ഞ സമയത്താണ് മുറിഞ്ഞകൽ - അതിരുങ്കൽ റോഡിലൂടെ പുലി നടന്നു പോകുന്നത് തൊട്ടടുത്ത വീട്ടിലെ സിസി ടിവിയിൽ കാണുന്നത്. സംസ്ഥാന പാതയിൽനിന്ന് 200 മീറ്റർ മാത്രമാണ് പുലിയെ കണ്ട സ്ഥലത്തേക്കുള്ള ദൂരം. 6 കിലോമീറ്റർ ദൂരമാണ് ഇവിടെനിന്ന് വനത്തിലേക്ക്.

ഡിസംബർ 4

വൈകിട്ട് 4ന് കാരയ്ക്കാക്കുഴിയിലെ പ്രവർത്തനം നിലച്ച പാറമടയുടെ മുകളിൽ നിന്ന് പുലി ചാടുന്നത് നേരിൽ കണ്ടത് വാർഡിലെ കുടുംബശ്രീ അംഗങ്ങളാണ്. സംസ്ഥാന പാതയിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള ഇവിടെനിന്ന് നാലര കിലോമീറ്റർ ദൂരമുണ്ട് വനത്തിലേക്ക്.

ഡിസംബർ 4 രാത്രി

ഒടുവിൽ ഞായറാഴ്ച പുലി പ്രത്യക്ഷപ്പെട്ട ഇഞ്ചപ്പാറ ജംക്‌ഷനിൽ നിന്നു പാക്കണ്ടത്തിനു തിരിയുന്ന ഭാഗം ജനങ്ങൾ തിങ്ങി പ്പാർക്കുന്ന സ്ഥലമാണ്. കോന്നി - പത്തനാപുരം റോഡിൽ നിന്ന് 200 മീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം. അഞ്ചു കിലോമീറ്റർ അകലമുണ്ട് വനത്തിൽ നിന്നും. ഈ സ്ഥലത്തേക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com