ADVERTISEMENT

സീതത്തോട് ∙ പതിവായി ആറ് നീന്തിക്കടന്നെത്തുന്ന കുട്ടിക്കൊമ്പൻ ഊരാൻപാറ നിവാസികൾക്കു സ്ഥിരം കാഴ്ചയാണ്. നാട്ടാനയെ പോലെയായി ഈ കാട്ടാന. കുട്ടിക്കുറുമ്പനു നാട്ടുകാർ ഇതിനോടകം ഒരു പേരും ഇട്ടു, ‘കുട്ടി ശങ്കരൻ’. ആനക്കഥ കേട്ടാൽ പലർക്കും വിശ്വാസമാകില്ല: കഥാപാത്രത്തെ നേരിൽ കാണണമെങ്കിൽ ചിറ്റാർ–സീതത്തോട് റൂട്ടിൽ ഊരാൻപാറയിൽ എത്തിയാൽ മതി. ദിവസം രണ്ട് നേരം രണ്ട് മണിക്കൂർ കാത്തിരുന്നാൽ കുട്ടിശങ്കരനെ നേരിൽ കാണാം.

റാന്നി ഫോറസ്റ്റ് ഡിവിഷനിൽ രാജാമ്പാറ സ്റ്റേഷൻ പരിധിയിലുള്ള അള്ളുങ്കൽ വനത്തിലാണ് കുട്ടിശങ്കരന്റെ വാസം. ദിവസവും രാവിലെയും വൈകിട്ടും കക്കാട്ടാറ് നീന്തി ഇഡിസിഎൽ ജലവൈദ്യുത പദ്ധതിക്കു സമീപത്തെ റബർ തോട്ടത്തിലൂടെ ജനവാസ മേഖലയിലെത്തും. വൈകിട്ട് 4 മണിക്കു ശേഷമാണ് വരവ്. ഇതിനിടെ ആരെങ്കിലും പേടിപ്പിച്ചാൽ ആറ് കടന്നെത്താൻ അൽപം വൈകും. തോട്ടത്തിലെത്തിയാൽ പിന്നെ ആരും ഓടിച്ച് വിട്ടില്ലെങ്കിൽ വെളുക്കുവോളം സമീപ പ്രദേശത്ത് കാണും.

മറ്റുള്ള കാട്ടാനകളെ അപേക്ഷിച്ച് കുട്ടി ശങ്കരൻ ഭക്ഷണ കാര്യത്തിൽ ‘ഡീസന്റ്’ ആണെന്നാണ് നാട്ടുകാരുടെ സാക്ഷ്യം. റബർ തോട്ടത്തിലെ വാഴകളാണ് പ്രധാന ഭക്ഷണം. അത്യാവശ്യം വേണ്ടവമാത്രം കഴിക്കും. വരുംദിവസത്തേക്കു ബാക്കിവച്ച ശേഷമാകും മടക്കം.കുട്ടിശങ്കരനെ തുരത്താൻ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകർ ദിവസവും എത്താറുണ്ട്. പടക്കം പൊട്ടിച്ചും ബഹളം കൂട്ടിയും ഓടിക്കാൻ ശ്രമിക്കും. ചില ദിവസം ഇവയൊന്നും കണ്ടഭാവം നടിക്കില്ല. തോന്നുമ്പോൾ തിരികെ പോകും. എങ്കിലും രാവിലെ 8 മണിവരെ മിക്ക ദിവസവും ഉണ്ടാവും. ആറ്റിലിറങ്ങിയാലും ചില ദിവസങ്ങളിൽ ഏറെ സമയം വെള്ളത്തിൽ കിടന്ന് നീന്തിത്തുടിച്ച ശേഷമാകും കാട് കയറുക.

കുട്ടിശങ്കരന്റെ സാന്നിധ്യം കാണികൾക്കു ഹരമാണെങ്കിലും ഊരിൻപാറ നിവാസികളുടെ മനസ്സിൽ ആശങ്ക ഉണർത്തി തുടങ്ങി.അള്ളുങ്കൽ വനത്തിൽവച്ച് കുട്ടിശങ്കരൻ കൂട്ടം തെറ്റിയതാകാമെന്ന നിഗമനത്തിലാണ് വനപാലകർ. ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന് വ്യക്തമായ ഉത്തരം കിട്ടാതെ വിഷമ ഘട്ടത്തിലാണ് വനം വകുപ്പ്. ആന നിൽക്കുന്ന സ്ഥലവും സീതത്തോട്–ചിറ്റാർ റോഡും തമ്മിൽ കഷ്ടിച്ച് 100 മീറ്ററിൽ താഴെ മാത്രമാണ് ദൂരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com