ADVERTISEMENT

ശബരിമല ∙ സുരക്ഷാ ഭീഷണി ഉണ്ടെന്ന സൂചനയെ തുടർന്ന് സന്നിധാനം, പമ്പ, നിലയ്ക്കൽ, എന്നിവിടങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. പൊലീസും കേന്ദ്ര സേനയും ചേർന്നു മാർച്ച് പാസ്റ്റ് നടത്തി.സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ കെ. ഹരിശ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തിൽ സംസ്ഥാന പൊലീസ്, കമാൻഡോകൾ, ബോംബ് സ്ക്വാഡുകൾ എന്നിവർക്കു പുറമേ കേന്ദ്ര സർക്കാരിന്റെ ദേശീയ ദുരന്ത നിവാരണ സേന, ദേശീയ ദ്രുതകർമ സേന എന്നിവരും വനം, എക്സൈസ് സേനകളും ചേർന്നാണു പരിശോധന നടത്തിയത്.

സന്നിധാനം വലിയ നടപ്പന്തലിൽനിന്നു തുടങ്ങിയ പരിശോധന മരക്കൂട്ടംവരെ നീണ്ടു. ഇതിനു പുറമേ പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും പൊലീസ് മാർച്ച് പാസ്റ്റ് നടത്തി. തീർഥാടകരെ കർശന പരിശോധനയ്ക്കു ശേഷമാണ് കടത്തിവിടുന്നത്. സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി 100 പേർ അടങ്ങുന്ന കമ്പനി പൊലീസ് സംഘംകൂടി സന്നിധാനത്തെത്തിയിട്ടുണ്ട്. കൂടാതെ മെറ്റൽ ഡിറ്റക്ടർ, ബോംബ് ഡിറ്റക്ടർ തുടങ്ങിയ പരിശോധനയ്ക്കുള്ള സംഘവും ഉണ്ട്. ഡ്രോൺ നിരീക്ഷണവും ശക്തമാക്കി. വനം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് പ്രത്യേക നിരീക്ഷണവും നടത്തുന്നുണ്ട്.

വനത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലാണ് ഡ്രോൺ നിരീക്ഷണം നടത്തിയത്. സന്നിധാനത്ത് പാണ്ടിത്താവളത്തിലാണ് ഡ്രോൺ ഉയർത്തിയത്. 120 മീറ്റർ ഉയരത്തിൽ പറന്ന് 900 മീറ്റർ അകലെ വരയുള്ള ദൃശ്യങ്ങളാണ് പകർത്തിയത്. സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com