ശബരിമല∙ സന്നിധാനത്തിലും പമ്പയിലും പൊലീസിനു മറ്റൊരു മുഖമാണ്. നാട്ടിൽ കുറ്റകൃത്യങ്ങളും നിയമ ലംഘനങ്ങളും തടയുന്നതിനായി കർശന നിലപാടുകളുമായി നീങ്ങുന്ന പൊലീസിന് ഇവിടെ സേവനത്തിന്റെ മുഖമാണ്. സ്വാമി ഭക്തർക്ക് എന്താവശ്യം ഉണ്ടെങ്കിലും അവിടെ പൊലീസ് ഓടിയെത്തും. കാഴ്ചക്കാരായല്ല, സേവനനിരതരായി. തിരക്കു നിയന്ത്രണം മാത്രമല്ല ഇവിടെ പൊലീസിന്റെ ജോലി. സത്യമായ പൊന്നു പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ കണ്ടു തൊഴണമെന്ന ആഗ്രഹവുമായാണ് സ്വാമി ഭക്തർ എത്തുന്നത്. പതിനെട്ടാംപടി ചവിട്ടാൻ ഭക്തരെ സഹായിക്കുന്നത് പൊലീസിന്റെ പ്രധാന ജോലിയാണ്.
പടിയുടെ ഇരുവശത്തും നിന്ന് താഴെ വീഴാത്ത വിധത്തിൽ അയ്യപ്പന്മാരെ പടി കയറാൻ സഹായിക്കുന്നു. കുനിഞ്ഞും നിവർന്നും ഇവർ വേഗം തളരുന്നു. തുടർച്ചയായി 10 മിനിറ്റു നിൽക്കുമ്പോഴേക്കും തളരുന്ന സ്ഥിതിയാണ്. എന്നാൽ പതിനെട്ടാംപടി കയറാൻ സഹായിക്കാൻ അവസരം കിട്ടുന്നത് ഭാഗ്യമായാണ് പൊലീസുകാർ കരുതുന്നത്.നടക്കാൻ പറ്റാതെ കഷ്ടപ്പെട്ടു വരുന്ന ഭിന്നശേഷിക്കാരെ കണ്ടാൽ എത്ര വലിയ തിരക്കാണെങ്കിലും അതിൽ നിന്നു പുറത്തിറക്കി പ്രത്യേക പരിഗണനയോടെ പതിനെട്ടാംപടി കയറാൻ കടത്തിവിടുന്നു. ചിലപ്പോൾ താങ്ങിയെടുത്ത് അവരെ സഹായിക്കുന്നതും കാണാം.

തിരക്കിൽ പെടുന്ന കുട്ടികളെ കണ്ടാൽ കഷ്ടപ്പെട്ട് അവരെ അതിനുള്ളിൽ നിന്നു പുറത്തിറക്കും. കേന്ദ്ര സേനാംഗങ്ങളായ എൻഡിആർഎഫ്, ആർഎഎഫ് എന്നിവരും കുട്ടികളെ തിരക്കിൽ നിന്നു രക്ഷിക്കുന്നതിൽ മുന്നിലാണ്.എപ്പോഴും അയ്യപ്പ സ്വാമിയെ കണ്ടുതൊഴാൻ ഭാഗ്യം കിട്ടുമെങ്കിലും സോപാനത്തിലെ സേവനവും ബുദ്ധിമുട്ടുളള ജോലിയാണ്. ദർശനം നടത്തുന്നവരെ പരാതി ഇല്ലാത്ത വിധത്തിൽ വേഗം നീക്കിവിട്ടു മറ്റുള്ളവർക്കും അവസരം ഒരുക്കുന്നതും ഇവിടെ പൊലീസാണ്. പതിനെട്ടാംപടി കയറ്റുന്നതിൽ അൽപം കാലതാമസം ഉണ്ടായാൽ ക്യു മണിക്കൂറുകളോളം നീളും.അതേപോലെ ദർശനം കഴിയുന്നവരെ സോപാനത്തു നിന്നു നീക്കിയില്ലെങ്കിൽ കഷ്ടപ്പെട്ട് എത്തുന്നവർക്കു ശരിയായ ദർശനം കിട്ടാതെ വരും.
അങ്ങനെ വരാതെ നോക്കേണ്ടതും പൊലീസിന്റെ ജോലിയാണ്.നല്ലൊരു ഭാഗം തീർഥാടകർക്കും വഴിപാടു കൗണ്ടറുകൾ, അപ്പം , അരവണ പ്രസാദം കിട്ടുന്ന സ്ഥലം, നെയ്യഭിഷേകത്തിനുള്ള സമയം, ആശുപത്രി, ശുചിമുറി തുടങ്ങിയവ അറിയില്ല. ഇതിനായി ഏതെങ്കിലും പൊലീസുകാരോടു ചോദിച്ചാൽ മതി. അവർ വ്യക്തമായി വഴി പറഞ്ഞു കൊടുക്കും. അയ്യപ്പന്മാർ കൂട്ടുപിരിഞ്ഞാൽ ദേവസ്വം ഇൻഫർമേഷൻ സെന്ററിൽ എത്തി ഉച്ചഭാഷിണിയിലൂടെ അറിയിപ്പു നൽകുകയാണു വേണ്ടത്. ഇതിനു പറ്റുന്നില്ലെങ്കിൽ തൊട്ടടുത്തു കാണുന്ന പൊലീസിനോടു പറഞ്ഞാൽ മതി. അപ്പോൾ തന്നെ ദേവസ്വം ഇൻഫർമേഷൻ സെന്ററിലേക്ക് സന്ദേശം നൽകും.
ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നൽകി, കൂട്ടുപിരിഞ്ഞവരെ കണ്ടെത്താൻ സഹായിക്കും.സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ പൊലീസിന്റെ ചുമതല ഓരോ എസ്പിമാർക്കാണ്. ഓരോരുത്തരെയും സഹായിക്കാൻ അസി. സ്പെഷൽ ഓഫിസറായി ഒരു ഡിവൈഎസ്പി ഉണ്ട്. ഇതിനു പുറമേ സെക്ടർ തിരിച്ച് കൂടുതൽ ഡിവൈഎസ്പിമാരും ഉണ്ട്.പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് എഡിജിപി എം.ആർ.അജിത് കുമാറാണ്. രണ്ട് സംഘം സേവനം പൂർത്തിയാക്കി പൊലീസിന്റെ മൂന്നാം സംഘം ഇന്നലെ ചുമതലയേറ്റു. ഇത്തവണ ഇതുവരെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സേവനത്തിനുള്ള പൊലീസുകാരെപ്പറ്റി പരാതി ഉണ്ടായിട്ടില്ല.