പുലിയിറങ്ങിയിട്ട് 17ദിവസം : കൂട്ടിലൊതുങ്ങി നടപടി

കലഞ്ഞൂരിൽ പുലിയെ പിടിക്കാനായി കൂട് സ്ഥാപിച്ചിരിക്കുന്നു.വനം വകുപ്പ് ഉദ്യോഗസ്ഥൻ സമീപം. ചിത്രം: മനോരമ
SHARE

കൂടൽ ∙ അഞ്ച് തവണ പുലി പ്രത്യക്ഷപ്പെട്ട ഇഞ്ചപ്പാറ മേഖല പൊതുവേ ശാന്തമെങ്കിലും ആളുകളുടെ ഭീതി ഇപ്പോഴും പൂർണമായും മാറിയിട്ടില്ല. ടാപ്പിങ് തൊഴിലാളി ആക്രമണത്തിന് ഇരയായ റബർ തോട്ടത്തിനു സമീപത്തും ഇഞ്ചപ്പാറ, കാരയ്ക്കാക്കുഴി പ്രദേശങ്ങളിലും താമസിക്കുന്നവരാണ് വലിയ ഭീതിയിൽ കഴിയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിച്ച് പ്രദേശമാകെ നിരീക്ഷിക്കുന്നുണ്ടെങ്കിലും ആളുകൾ ആശങ്കയോടെയാണ് കഴിയുന്നത്.

ഇതിനിടെ, പുലിയുടെ ഉപദ്രവം വലിയ തോതിൽ ഉണ്ടായിട്ടും ബന്ധപ്പെട്ടവർ വിഷയം ഗൗരവത്തിൽ എടുത്തിട്ടില്ലെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. ജനങ്ങളുടെ ഭീതി അകറ്റാനുള്ള ശാശ്വത നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പുലി ഇടത്താവളമാക്കാൻ ഇടയുള്ള റബർ തോട്ടങ്ങളിലെ കാട് തെളിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്.

പുലിയിറങ്ങി 17ദിവസം കഴിഞ്ഞിട്ടും പ്രദേശത്തെ തെരുവു വിളക്കുകൾ തെളിക്കാനും റോഡരികിലെ കാട് നീക്കാനുമുള്ള നടപടി ആയിട്ടില്ല. സർവകക്ഷി യോഗമോ ജാഗ്രതാ സമിതിയോ ചേർന്ന് അടിയന്തര സാഹചര്യം ചർച്ച ചെയ്തിട്ടില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. പുലിയുടെ സാന്നിധ്യം ഒഴിവാക്കാൻ ശാസ്ത്രീയമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ആലോചന ഉണ്ടായിട്ടില്ല. വലിയ ഭീഷണിയെ അതേ ഗൗരവത്തോടെ തന്നെ അധികൃതർ കൈകാര്യം ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കൃഷിയിടങ്ങളിലെല്ലാം കുറ്റിക്കാടുകൾ രൂപപ്പെട്ട് ചെറു വനങ്ങളായി മാറിയതാണ് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാനുള്ള പ്രധാന കാരണം. റബർ കൃഷി നഷ്ടമായതോടെ ഇപ്പോൾ റീ പ്ലാന്റ് നടക്കുന്നില്ല. മറ്റു കൃഷികൾ നേരത്തേ തന്നെ ഉപേക്ഷിച്ചിരുന്നു. ഇത്തരം ഇടങ്ങളിൽ ഒളിച്ചിരിക്കാൻ സൗകര്യമാണ്. ഭൂവുടമകൾ സ്വന്തമായോ തൊഴിലുറപ്പു പദ്ധതിയിലൂടെയോ കാടുകൾ നിർമാർജനം ചെയ്യണം. വന്യമൃഗങ്ങൾ നാട്ടിൽ നിൽക്കാൻ ഭക്ഷണ രീതിയും ഒരു കാരണമാണ്. ഭക്ഷ്യശൃംഖല മുറിച്ചാൽ ഇവയെ നിയന്ത്രിക്കാം. പുലി നാട്ടിലിറങ്ങിയതിന്റെ മുഖ്യ കാരണം അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ ഭക്ഷണമാക്കാനാണ്. വന്യമൃഗങ്ങളെ പിടിച്ച് കാട്ടിൽ വിട്ടാലും തിരികെ വരാനാണ് സാധ്യത. അവയെ കാട്ടിൽ തന്നെ നിർത്താൻ പ്രേരിപ്പിക്കുന്ന മാർഗത്തെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. മാത്യു ചെറിയാൻ, ഇഞ്ചപ്പാറ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS