കാത്തിരിപ്പ് വെറുതെയായി; വീണ്ടും കാടിറങ്ങി കുട്ടിശങ്കരൻ: തുരത്താന്‍ ശ്രമം തുടരുന്നു

അള്ളുങ്കൽ വനത്തിൽ നിന്ന് ജനവാസ മേഖലയിലേക്കു ഇറങ്ങുന്ന കാട്ടാനയെ തുരത്താൻ കക്കാട്ടാറിന്റെ തീരത്ത് ആനത്താരയിൽ ആഴി കൂട്ടുന്ന ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ. ചിത്രം. മനോരമ
SHARE

സീതത്തോട് ∙ കാത്തിരിപ്പ് വെറുതെയായി. വനപാലകരുടെ കണ്ണുവെട്ടിച്ച് വീണ്ടും കാടിറങ്ങി കുട്ടിശങ്കരൻ. കാട്ടാനയെ തുരത്താനുള്ള വനം വകുപ്പിന്റെ ശ്രമം തുടരുന്നു. ചിറ്റാർ ഊരാൻപാറയിലെ റബർതോട്ടത്തിൽ രാത്രി എത്തിയ കാട്ടാന ഇന്നലെ രാവിലെ 7 മണിയോടെ കാട് കയറി.മൂന്നാഴ്ച മുൻപാണ് അള്ളുങ്കൽ വനത്തിൽനിന്ന് കൊമ്പൻ സീതത്തോട്–ചിറ്റാർ റോഡിനോടു ചേർന്ന് ഊരാൻപാറയിലെ റബർ തോട്ടത്തിൽ എത്തുന്നത്. എല്ലാ ദിവസവും പതിവായി എത്തുന്ന ആന പിറ്റേദിവസം വെളുപ്പിനാണ് കാട് കയറുക. ഇത്രയും ദിവസമായി ഒരുതവണപോലും മുടങ്ങാതെ ആന എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ജനവാസ മേഖലയിലിറങ്ങി കൃഷി നശിപ്പിച്ചിരുന്നു.

ആനയെ ഭയന്ന് വെളുപ്പിനെയുള്ള റബർ ടാപ്പിങ് പലരും അവസാനിപ്പിച്ചു. നേരം ഏറെ പുലർന്ന ശേഷമാണ് ടാപ്പിങ് ആരംഭിക്കുന്നതെന്ന് ചിറ്റാർ തോട്ടം മേഖലയിലെ ടാപ്പിങ് തൊഴിലാളികൾ പറയുന്നു. രാവിലെയുള്ള നടത്തവും തൽക്കാലം നിർത്തി. ചിറ്റാർ–സീതത്തോട് റോഡിൽ ഊരാൻമ്പാറ മുതൽ ചിറ്റാർ പഴയ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗത്ത് വെളുപ്പിനെ എവിടെ വേണമെങ്കിലും ആനയെ കാണാമെന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.ആനയെ കണ്ടെത്താൻ ചിറ്റാർ സ്റ്റേഷനിലെ വനപാലകർ രണ്ട് ദിവസമായി ആറിന്റെ തീരത്തും വനത്തിലും റോന്ത് ചുറ്റുന്നുണ്ട്.

ആനയെ ഭയപ്പെടുത്തി ഓടിക്കാൻ പടക്കം പൊട്ടിച്ചും പിവിസി തോക്കിന്റെ സഹായത്തോടെ ശബ്ദം ഉണ്ടാക്കിയുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ലക്ഷ്യത്തിൽ എത്തിയിട്ടില്ല. കഴിഞ്ഞ രാത്രി വെളുപ്പിനെവരെ അള്ളുങ്കൽ പദ്ധതിക്കു സമീപം വരെ വനപാലകർ കാവൽ ഉണ്ടായിരുന്നു. സ്ഥിരം കടക്കുന്ന താര വിട്ടാണ് ആറ് കടന്നതെന്ന് കരുതുന്നതായി വനപാലകർ പറയുന്നു.കൂടുതൽ സന്നാഹങ്ങൾ ഒരുക്കി ആനയെ കാടുകയറ്റുന്നതിനായുള്ള ആലോചനയിലാണ് വനം വകുപ്പ്. ആനയെ തുരത്തുന്നതിനുള്ള നടപടി വൈകുന്നതിൽ പ്രതിഷേധം ഉയർന്ന് തുടങ്ങി.

‘നടപടി സ്വീകരിക്കണം’

ചിറ്റാർ ∙ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മയക്കുവെടി വച്ചോ കുങ്കി ആനയുടെ സഹായത്തോടെയോ ഉൾവനത്തിലേക്കു മാറ്റാൻ നടപടി ഉണ്ടാകണം. മണ്ഡലം പ്രസിഡന്റ് ചെറിയാൻ കോശി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ ഉദ്ഘാടനം ചെയ്തു. കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് സി.വി.വർഗീസ്, സെക്രട്ടറി റജി തോമസ്, അശോകൻ കൊടുമുടി, ഇ.കെ.വിജയൻ, സാംകുട്ടി എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS