എറണാകുളം – ആങ്ങമൂഴി ബസ് പമ്പയ്ക്ക് തിരിച്ചുവിടുന്നു; യാത്രക്കാർ ബുദ്ധിമുട്ടിൽ

ksrtc-bus-kerala
SHARE

ശബരിമല ∙ റാന്നി ഡിപ്പോയുടെ ആങ്ങമൂഴി- എറണാകുളം ഫാസ്റ്റ്  മിക്ക ദിവസവും എറണാകുളത്തുനിന്നു പമ്പയ്ക്ക് തിരിച്ചു വിടുന്നതു മൂലം സ്ഥിരം യാത്രക്കാർ വലയുന്നു. തീർഥാടകരുടെ  വലിയ തിരക്കായിട്ടും  എറണാകുളത്തു നിന്നു പമ്പയ്ക്ക്  ആവശ്യത്തിനു ബസ് ഇല്ലാത്തതിനാലാണ് ആങ്ങമൂഴി ബസ് തിരിച്ചുവിടുന്നത്. പുലർച്ചെ 3.30ന് ആങ്ങമൂഴിയിൽ നിന്നു പുറപ്പെട്ട് രാവിലെ 5.20ന് റാന്നിയിൽ എത്തി എരുമേലി, പാലാ, കൂത്താട്ടുകുളം, വൈറ്റില വഴി 9.20ന് എറണാകുളത്ത് എത്തും. ഉച്ചയ്ക്ക് 2.40ന് എറണാകുളത്തു നിന്നു റാന്നിക്കു പുറപ്പെടേണ്ട ബസാണിത്.

തീർഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിട്ടും എറണാകുളം ഡിപ്പോയ്ക്ക്  പമ്പ സർവീസിന് ആവശ്യത്തിനു ബസ് അനുവദിച്ചിട്ടില്ല. അതിനാൽ തിരക്കുള്ള എല്ലാ ദിവസവും എറണാകുളത്തു നിന്നു റാന്നി ബസ് റദ്ദാക്കി പകരം പമ്പയ്ക്ക് അയയ്ക്കുകയാണ്. പമ്പയിൽ എത്തിയ ശേഷം അവിടെ നിന്നു ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര എന്നിവിടങ്ങളിലേക്കും തിരിച്ചുവിടും. ഇതുകാരണം പിറ്റേദിവസം ആങ്ങമൂഴിയിൽ നിന്ന് എറണാകുളത്തിനു  പോകേണ്ട  ട്രിപ്പും മുടങ്ങുന്നു.

എറണാകുളം, അല്ലെങ്കിൽ റാന്നി ഡിപ്പോയ്ക്ക് ശബരിമല സ്പെഷൽ സർവീസിന് ഒരു ബസ് അനുവദിച്ച് പ്രശ്നം പരിഹരിക്കാവുന്നതാണ്. അതിനു പകരം റാന്നി ബസ് റദ്ദാക്കി സ്ഥിരമായി പമ്പയ്ക്ക് അയയ്ക്കുന്നതു യാത്രാ ക്ലേശം ഉണ്ടാക്കുന്നു. ആങ്ങമൂഴി, സീതത്തോട്, ചിറ്റാർ, റാന്നി മേഖലകളിൽ നിന്നു കൊച്ചി അമൃത ആശുപത്രിയിലേക്ക് ധാരാളം പേരാണ് ഈ ബസിൽ പോകുന്നത്. ആശുപത്രിയിലെ ആവശ്യം കഴിഞ്ഞ് ഇവർ ഉച്ചയ്ക്ക് ഈ ബസിൽ മടങ്ങാനായി 2.40ന് സ്റ്റാൻഡിൽ എത്തുമ്പോഴാണ് ബസ് റദ്ദാക്കിയ വിവരം അറിയുന്നത്. ചിറ്റാർ, സീതത്തോട് പോകാനുള്ളവർക്കു പിന്നെ നേരിട്ട് ബസ് ഇല്ലാത്ത സ്ഥിതിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS