ശബരിമല ∙ സ്വാമി അയ്യപ്പൻ റോഡിലൂടെ മലയിറങ്ങുന്ന അയ്യപ്പന്മാർ കുറുക്കുവഴി തേടുന്നത് അപകടക്കെണിയിലേക്ക്. ദിവസവും തെന്നി വീണ് പരുക്കുപറ്റുന്നവർ ഏറെ. കോൺക്രീറ്റ് ചെയ്ത നല്ല വഴിയാണ് സ്വാമി അയ്യപ്പൻ റോഡ്. അതിലൂടെ പോയാൽ വളവുകൾ തിരിഞ്ഞു താഴെ എത്താൻ അൽപം സമയം എടുക്കും. ഇത് ഒഴിവാക്കാൻ പലരും റോഡിന്റെ വശത്തെ ബാരിക്കേഡിന് ഇടയിലൂടെ നുഴഞ്ഞിറങ്ങി കാട്ടിലെ കുറുക്കു വഴിയിലൂടെ പോകുന്നു.

വേരിൽ തട്ടിയും തെന്നി വീണുമാണ് മിക്കവർക്കും പരുക്കു പറ്റുന്നത്. ഇതിലൂടെ പോകുന്നവർക്ക് റോഡിന്റെ അടുത്ത ഭാഗത്ത് ശരിയായി ഇറങ്ങാൻ കഴിയില്ല. ഒരാൾ ഉയരത്തിൽ നിന്നു വേണം റോഡിലേക്ക് ഇറങ്ങാൻ. അവിടെ വഴിയില്ല.തെന്നി കിടക്കുകയാണ്. വേരിലും വള്ളിയിലും പിടികിട്ടാതെ പലരും തെന്നി വീഴുന്നു. വഴിയുടെ അപകടാവസ്ഥ അറിയാതെയാണ് മിക്കവരും കുറുക്കു വഴിയിലൂടെ ഇറങ്ങുന്നത്. മുൻ വർഷങ്ങളിൽ ഇതുവഴി അയ്യപ്പന്മാർ ഇറങ്ങി അപകടം ഉണ്ടാകാതിരിക്കാൻ വനപാലകരും പൊലീസും പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. ഇപ്പോൾ അതില്ല.

തീർഥാടന പാതയോട് ചേർന്ന് കരിക്കിന്റെ അവശിഷ്ടങ്ങൾ
ശബരിമല ∙ പമ്പയിൽ പ്രധാന തീർഥാടന പാതയോടു ചേർന്നു കരിക്കിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ടാൽ ദുരന്തങ്ങളിൽ നിന്നു നാം പാഠം പഠിച്ചില്ലെന്നു തോന്നും. പമ്പയിൽ നീലിമല പാതയും സ്വാമി അയ്യപ്പൻ റോഡും തുടങ്ങുന്ന ഭാഗത്താണ് രണ്ട് വശത്തായി കരിക്കിന്റെ കടകൾ ഉള്ളത്. അയ്യപ്പന്മാർ കരിക്കു കുടിച്ച ശേഷം ഉപേക്ഷിക്കുന്ന അവശിഷ്ടം വഴിയോടു ചേർന്നാണ് കൂട്ടിയിടുന്നത്. പ്രധാന പാതയോടു ചേർന്നും സ്വാമി അയ്യപ്പൻ റോഡിന്റെ വശത്തുമാണ് ഇത് കൂട്ടിയിട്ടിരിക്കുന്നത്.

54 പേരുടെ മരണത്തിനിടയാക്കിയ ഹിൽടോപ്പ് ദുരന്തത്തിന്റെ പ്രധാന കാരണം പാതയോരത്തു കൂട്ടിയിട്ട കരിക്കിന്റെ അവശിഷ്ടങ്ങളായിരുന്നുവെന്ന് ഇതേപ്പറ്റി അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനു ശേഷം കരിക്കിന്റെ അവശിഷ്ടങ്ങൾ തീർഥാടന പാതയുടെ വശങ്ങളിൽ കൂട്ടിയിടുന്നത് കർശനമായി തടഞ്ഞിരുന്നു. മുൻവർഷങ്ങളിൽ ഇവ കുട്ടയിൽ സംഭരിച്ച് അപ്പോൾ തന്നെ ലോറിയിലേക്ക് മാറ്റുമായിരുന്നു. ഇത്തവണ പക്ഷേ പാതയുടെ വശത്തു തന്നെ കരിക്കിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിടാൻ തുടങ്ങി.