ADVERTISEMENT

ഏനാത്ത് ∙ മഞ്ഞിൽ വിരിഞ്ഞു നിൽക്കുന്ന സൂര്യ കാന്തി പ്രഭയിലാണ് ഏനാത്ത് പോളച്ചിറ ഷാജി ഖാന്റെ കൃഷിയിടം. ശീതകാല പച്ചക്കറി കൃഷിക്ക് ഒപ്പമാണ് സൂര്യകാന്തി പൂക്കൾ വിടർന്ന് ശോഭ പരത്തി നിൽക്കുന്നത്. നെല്ല്, എള്ള്, ചോളം, വിവിധയിനം പച്ചക്കറിക്കൃഷി എന്നിവയിൽ നേടിയ വിജയമാണ് സൂര്യകാന്തിയുടെ പരീക്ഷണ കൃഷിയിലേക്ക് നയിച്ചത്.സുന്ദരപാണ്ഡ്യപുരം സന്ദർശിച്ചപ്പോൾ ഷാജി ഖാന്റെ കൃഷിയിടത്തിലെ നേട്ടങ്ങൾ കേട്ടറിഞ്ഞ തമിമിഴ്നാട്ടിലെ സൂര്യകാന്തി കർഷകൻ നൽകിയ വിത്താണ് വീടിനോട് ചേർന്ന പറമ്പിൽ കൃഷിയിറക്കിയത്. 50 ദിവസം മുൻപാണ് വിത്തിട്ടത്.

നല്ല പരിചരണവും നൽകി. എല്ലാ ചെടികളിലും പൂക്കൾ വിരിഞ്ഞു. പൂക്കൾ നിറയെ, അന്യമായിക്കൊണ്ടിരിക്കുന്ന ചെറു തേനീച്ചക്കൂട്ടമാണ്. തമിഴ്നാട്ടിലെ സൂര്യകാന്തി പാടത്ത് പരാഗണത്തിന് തേനീച്ചയുടെ അഭാവം കാരണം കൃത്രിമ പരാഗണത്തെയാണ് കർഷകർ ആശ്രയിക്കുന്നത്. ഷാജി ഖാന്റെ കൃഷിയിടത്തിലെ സൂര്യകാന്തി പൂക്കൾ തേനീച്ച കൈയടക്കി. തമിഴ്നാട്ടിൽ കഴിഞ്ഞ ഓണക്കാലത്തോടെ വിളവെടുപ്പ് പൂർത്തിയാക്കി. ഇനി അടുത്ത വർഷമാണവിടെ കൃഷിയിറക്കുന്നത്.

എന്നാൽ കേരളത്തിൽ ഏതു സമയത്തും കൃഷിയിറക്കാമെന്നാണ് കർഷകർ പറയുന്നത്.രണ്ടു സെന്റിലെ പരീക്ഷണ കൃഷി വിജയിച്ചതോടെ കൃഷി വിപുലമാക്കാനുള്ള ആഗ്രഹത്തിലാണീ കർഷകൻ. 90 സെന്റിൽ ഷാജിഖാന് പച്ചക്കറി കൃഷിയുണ്ട്. കൂടാതെ കളമല ഏലായിൽ തുടർച്ചയായി നെൽക്കൃഷിയും നടത്തി വരുന്നു. ഇക്കുറി അധികം വന്ന നെൽവിത്ത് കരയിൽ വിതറി. കരയിലെ നെൽച്ചെടിയും പാകമായി വരുന്നു. ശീതകാല വിളകളായ കോളി ഫ്ലവറും കാബേജും പാകപ്പെടുത്താനുള്ള തിരക്കിലാണ്. ആധാരമെഴുത്ത് തൊഴിലിനൊപ്പമാണ് ഷാജിഖാൻ കാർഷിക മേഖലയിലും മികവു തെളിയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com