ഇട്ടിയപ്പാറ ∙ ചെളിക്കുണ്ടായി മാറിയ വലിയപറമ്പുപടി – ഈട്ടിച്ചുവട് ബണ്ടുപാലം റോഡിൽ യാത്ര ദുഷ്കരമായി. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 1.50 കോടി രൂപ ചെലവഴിച്ചു നവീകരിക്കുന്ന റോഡാണിത്. ഇരുമ്പിനു പകരം തടിക്കഷണമിട്ടു വാർത്ത തൂണുകൾ ഉപയോഗിച്ച് ബണ്ടുപാലത്തോടു ചേർന്ന് സംരക്ഷണഭിത്തി പണിതു വിവാദമായ റോഡുമാണിത്. ഓടയും സംരക്ഷണഭിത്തിയും കലുങ്കുമൊക്കെ നിർമിക്കും മുൻപേ ടാറിങ്ങും കോൺക്രീറ്റും വെട്ടിപ്പൊളിച്ച് റോഡിന്റെ ഉപരിതലത്തിൽ കുറെ ഭാഗത്ത് മണ്ണ് നിരത്തിയതാണ് പുലിവാലായത്.
വേനൽ മഴ പെയ്തതോടെ മണ്ണിട്ട ഭാഗങ്ങൾ ചെളിക്കുഴികളായിരിക്കുന്നു. നടന്നു പോയാൽ കാലിൽ പശപ്പുള്ള മണ്ണ് പറ്റിപ്പിടിക്കുന്ന സ്ഥിതി. വാഹനങ്ങളുടെ ചക്രങ്ങൾ കയറി മണ്ണ് കട്ട കെട്ടിക്കിടക്കുകയാണ്. ചിലയിടത്ത് ഇന്നലെ രാവിലെ 2 തൊഴിലാളികൾ കട്ടയായ മണ്ണ് നിരത്തി. റോഡിന്റെ മധ്യ ഭാഗങ്ങളിലും മറ്റും മണ്ണിട്ട് ഇനി നിരപ്പാക്കാനുമുണ്ട്.റോഡിന്റെ ഇരുവശങ്ങളിലായി 500 കുടുംബങ്ങൾ താമസമുണ്ട്. ഏപ്രിലിനു ശേഷം അവർ സുരക്ഷിതമായി ഇതിലെ യാത്ര നടത്തിയിട്ടില്ല. എന്നത്തേക്കു സുരക്ഷിത യാത്ര ഉറപ്പാകുമെന്നു വ്യക്തതയുമില്ല. മറ്റു റോഡുകളിലൂടെ ചുറ്റിക്കറങ്ങി ജനം വലയുകയാണ്. ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കാട്ടിക്കൂട്ടിയ പണികളാണ് തുടരെ പൊല്ലാപ്പാകുന്നത്.