ADVERTISEMENT

ഇട്ടിയപ്പാറ ∙ കമ്പിക്കു പകരം തടിക്കഷണമിട്ട് വാർത്ത തൂണുകൾ ഉപയോഗിച്ച് പണി നടത്തി വിവാദമായ വലിയപറമ്പുപടി–ഈട്ടിച്ചുവട് ബണ്ടുപാലം റോഡിൽ വീണ്ടും സംരക്ഷണഭിത്തി നിർമാണം തുടങ്ങി. ബണ്ടുപാലത്തോടു ചേർന്നു പൊളിച്ചുനീക്കിയ സ്ഥാനത്താണ് പുതിയ സംരക്ഷണഭിത്തി നിർമിക്കുന്നത്.തടിക്കഷണമിട്ട് വാർ‌ത്ത തൂണുകൾ ഉപയോഗിച്ചു നിർ‌മിച്ച സംരക്ഷണഭിത്തി വിവാദത്തെ തുടർന്ന് റീ ബിൽ‌ഡ് കേരള എൻജിനീയറിങ് വിഭാഗത്തിന്റെ നിർദേശ പ്രകാരം കരാറുകാരൻ പൊളിച്ചു നീക്കിയിരുന്നു. 

പിന്നാലെ റീ ബിൽഡ് കേരള പ്രോജക്ട് ഡയറക്ടർ‌ വിഷ്ണുകുമാർ ഇവിടെ പരിശോധന നടത്തിയിരുന്നു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരമാണ് വിവാദ സ്ഥലത്ത് പുതിയ സംരക്ഷണഭിത്തി പണിയുന്നത്. നിലവിലുണ്ടായിരുന്ന സംരക്ഷണഭിത്തി പൊളിച്ചു നീക്കിയ കല്ലാണ് നിർമാണത്തിനായി മുൻപ് ഉപയോഗിച്ചിരുന്നത്. അടിത്തറയുടെ വാനത്തിലും കുഴികൾ അടയ്ക്കാനും മാത്രമേ പഴയ കല്ലുകൾ ഉപയോഗിക്കാവൂ എന്ന് പ്രോജക്ട് ഡയറക്ടർ നിർദേശിച്ചിരുന്നു. മുൻപ് അടിത്തറയ്ക്കും സംരക്ഷണഭിത്തി നിർമിക്കാനും ഉപയോഗിച്ച കല്ലുകൾ ഇപ്പോൾ അടിത്തറയ്ക്കുപോലും പൂർണമായി തികഞ്ഞില്ലെന്നതാണ് വിചിത്രം. 

പുതുതായി ഇറക്കിയ കല്ലുകൾ കൂടി ഉപയോഗിച്ചാണ് 48 മീറ്റർ‌ നീളത്തിലുള്ള സംരക്ഷണഭിത്തിയുടെ അടിത്തറ നിർമിക്കുന്നത്. വിവാദമായ അടിത്തറയ്ക്ക് അര മീറ്റർ പോലും വീതിയുണ്ടായിരുന്നില്ല. ഇപ്പോൾ ഒരുമീറ്ററോളം വീതിയിലാണ് പണിയുന്നത്. വീതി കൂടിയപ്പോഴാണ് പഴയ കല്ലുകൾ തികയാതെ വന്നത്. ഇഴയടുപ്പത്തോടെയാണ് കല്ലുകൾ പാകുന്നതും. മുൻപു പണിത സംരക്ഷണഭിത്തി വളഞ്ഞു പുളഞ്ഞിരിക്കുകയായിരുന്നു. വളവുകളിലധികവും ഒഴിവാക്കിയാണ് ഇപ്പോൾ പണി നടത്തുന്നത്. ഭിത്തികെട്ടുന്നതിന് പുതിയ കല്ലുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് പ്രോജക്ട് ഡയറക്ടർ‌ നിർദേശിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com