കലഞ്ഞൂർ ∙ പാടം ഗവ. എസ്കെവി എൽപി സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു. പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 103 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ സ്ക്രീൻ വച്ചാണു ക്ലാസ് മുറികൾ തിരിച്ചിരിക്കുന്നത്. 90 വർഷം പിന്നിട്ടെങ്കിലും സ്കൂളിനു കാലോചിതമായ മാറ്റം ഉണ്ടായിട്ടില്ലെന്നാണു രക്ഷിതാക്കളുടെ പരാതി.
വർഷങ്ങൾക്കു മുൻപു പഞ്ചായത്തിൽ നിന്ന് അനുവദിച്ച സ്മാർട് ക്ലാസ് റൂം ക്രമീകരിക്കാനും ഇവിടെ സ്ഥലമില്ല. ഇടുങ്ങിയ മുറിയിലാണു സ്കൂൾ ഓഫിസിന്റെ പ്രവർത്തനം.കലഞ്ഞൂർ പഞ്ചായത്ത് എട്ടാം വാർഡിൽ ഉൾപ്പെടുന്ന സ്കൂളിൽ രണ്ടു ജില്ലകളിലെയും മൂന്നു പഞ്ചായത്തുകളിലെയും കുട്ടികളാണു പഠിക്കാൻ എത്തുന്നത്. കിഴക്കേ വെള്ളംതെറ്റിയിൽ നിന്നുള്ള ആദിവാസി കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.
പ്രതികൂലമായ സാഹചര്യങ്ങളിലും കുട്ടികളുടെ എണ്ണം കുറയാതെ കൊണ്ടുപോകാൻ സ്കൂൾ അധികൃതർക്ക് കഴിയുന്നുണ്ട് എന്നതു മാത്രമാണ് ആശ്വാസം. പുതിയ കെട്ടിടത്തിനു വേണ്ടിയുള്ള മുറവിളി തുടങ്ങിയിട്ട് ഏറെക്കാലമായി എങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമിക്കാൻ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട് എന്നതിലാണ് ഇനി പ്രതീക്ഷയെന്ന് രക്ഷിതാക്കൾ പറയുന്നു.