നീർപാലത്തിൽ ആൽ വളർന്നാൽ അധികൃതർക്ക് തണലോ?

HIGHLIGHTS
  • അപകടഭീഷണി; പരാതി നൽകിയിട്ടും നടപടിയില്ല
bridge-image
പമ്പാ ജലസേചന പദ്ധതി വലതുകര കനാലിലെ കുരുടാമണ്ണിൽ നീർപാലത്തിൽ വളർന്നു നിൽക്കുന്ന ആൽമരം
SHARE

കോഴഞ്ചേരി ∙ നീർപ്പാലത്തിൽ ‍മരങ്ങൾ വളരുന്നു, അപകട ഭീഷണിയിൽ സമീപവാസികൾ. വാഴക്കുന്നത്തു നിന്ന് ആരംഭിച്ച് പമ്പാനദിക്ക് കുറുകെ നീലംപ്ലാവിൽ അവസാനിക്കുന്ന പമ്പാ ഇറിഗേഷന്റെ വലതുകര കനാലിലെ കുരുടാമണ്ണിൽ നീർപാലമാണ് അപകടഭീഷണി ഉയർത്തുന്നത്. വാഴക്കുന്നം ഭാഗത്തുള്ള മൂന്നാമത്തെ തൂണിൽ ആൽമരം വളർന്നു തുടങ്ങിയിട്ട് നാളുകൾ ഏറെയായി.

പ്രദേശവാസികൾ തങ്ങളാൽ‌ ആവും വിധം ഇത് നശിപ്പിച്ചു കളയാൻ നോക്കിയിട്ടും ആൽമരം തഴച്ചു വളരുകയാണ്.ഇതിന്റെ വേരുകൾ താഴെ മണ്ണിലേക്ക് ആഴ്ന്നു തുടങ്ങിയിരിക്കുന്നു. ഈ നീർപാലത്തിന്റെ താഴെക്കൂടിയാണ് വാഴക്കുന്നം - വള്ളക്കടവ് - മേലുകര – ചീങ്കമുക്ക് റോഡ് കടന്നു പോകുന്നത്. കൂടാതെ നിരവധി കുടുംബങ്ങളാണ് ഈ നീർപാലത്തിനു സമീപം ജീവിക്കുന്നത്. 

ആൽമരത്തിന്റെ വേരുകൾ ഇറങ്ങി നീർപാലത്തിനു ബലക്ഷയം ഉണ്ടായാൽ അത് വലിയ ദുരന്തത്തിന് ഇടയാക്കും എന്ന പേടിയിലാണ് സമീപവാസികൾ. മരത്തിന്റെ വേരുകൾ സിമന്റിലേക്ക് ആഴ്ന്നിറങ്ങി തൂണിൽ ചില ഭാഗങ്ങൾ അടർന്നു പോയിട്ടുണ്ട്.പമ്പാനദിയുടെ മധ്യഭാഗത്തുള്ള തൂണുകളിലും തേറകം, തൊണ്ടിമരം, ആൽമരം എന്നിവ വളരുന്നുണ്ട്. 

ഇവയുടെ വേരുകളും താഴെ നദിയിലേക്ക് വളരുകയാണ്. പ്രധാന കനാൽ ആയതിനാൽ തുറന്നു വിടുമ്പോൾ വളരെ ശക്തമായ ഒഴുക്കാണ് നീർപാലത്തിൽ കൂടി ഉണ്ടാകുന്നത്. പാലത്തിന്റെ മുകളിൽ കൂടി ചെറിയ വാഹനങ്ങൾ ഇരുവശത്തേക്കും യാത്ര ചെയ്യുന്നുണ്ട്. കൂടാതെ ഒട്ടേറെപ്പേരാണ് ഉയരെ നിന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഇവിടേക്ക് എത്തുന്നത്. വൈകുന്നേരങ്ങളിൽ നല്ല തിരക്കാണ് ഈ നീർപാലത്തിനു മുകളിൽ. 

അത്തരം ഒരു അവസ്ഥയിൽ പാലത്തിന് ഉണ്ടാകുന്ന ബലക്ഷയം കണ്ടില്ല എന്നു നടിക്കുകയാണ് അധികാരികൾ.പ്രദേശത്തെ ജനപ്രതിനിധികളും നാട്ടുകാരും ബന്ധപ്പെട്ട അധികൃതർക്ക് പലതവണ പരാതി നൽകി. എന്നാൽ ആരും തിരിഞ്ഞു നോക്കുന്നില്ല എന്നാണ് പരാതി ഉയരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS