ADVERTISEMENT

പത്തനംതിട്ട ∙ ബയോമെട്രിക് പഞ്ചിങ്ങിലൂടെ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം കലക്ടറേറ്റിൽ നടപ്പാക്കുന്നു. റവന്യു ജീവനക്കാരുടെ വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുന്ന പ്രവർത്തനം പൂർത്തിയായി. ഇതിന്റെ പരീക്ഷണം ഇന്ന് നടക്കും. വിജയകരമായാൽ നാളെ മുതൽ കലക്ടറേറ്റിലെ റവന്യു ജീവനക്കാർക്ക് പഞ്ചിങ് പ്രാബല്യത്തിൽ വരുമെന്നു കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ അറിയിച്ചു.

കലക്ടറേറ്റിലെ മറ്റു 10 ഓഫിസുകളിലെ ജീവനക്കാരുടെ വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുന്നമുറയ്ക്ക് അവിടെയും പഞ്ചിങ് പ്രാബല്യത്തിൽ വരും. പത്തനംതിട്ട, അടൂർ, തിരുവല്ല, പന്തളം നഗരസഭാ പരിധിയിലുള്ള എല്ലാ സർക്കാർ ഓഫിസുകളുടെയും സമയക്രമം രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്നു കലക്ടർ അറിയിച്ചു.

സർക്കാർ ഓഫിസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പാക്കുന്നതിനുമാണ് സ്പാർക്ക് ബന്ധിത ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുന്നത്. 11 പഞ്ചിങ് മെഷീനുകളാണു വിവിധ നിലകളിലായി സ്ഥാപിക്കുന്നത്. ഏതു ഓഫിസിലെ ജീവനക്കാരനും ഏത് മെഷീനിലും പഞ്ച് ചെയ്യാം.  

ജീവനക്കാർക്ക് മാസത്തിൽ 300 മിനിറ്റ് ഗ്രേസ് ടൈം അനുവദിക്കും. ഒരു ദിവസം പരമാവധി 60 മിനിറ്റ് മാത്രമേ വിനിയോഗിക്കാനാവൂ. ഗ്രേസ് ടൈം കഴിഞ്ഞ് താമസിച്ചുവരികയും നേരത്തെ പോകുകയും ചെയ്യുകയാണെങ്കിൽ അർഹമായ അവധി അപേക്ഷ നൽകാത്ത പക്ഷം ഹാജരായില്ലെന്ന് കണക്കാക്കി ആ  ദിവസത്തെ ശമ്പളം കുറയ്ക്കും.

ഒരു മാസത്തിൽ 10 മണിക്കൂറോ അതിലധികം സമയമോ ജോലി ചെയ്യുന്ന ജീവനക്കാർക്ക് (ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെ) അപേക്ഷിക്കുന്ന പക്ഷം മാസത്തിൽ ഒരു ദിവസം കോംപൻസേറ്ററി ഓഫായി അനുവദിക്കും. ഒരുമാസത്തിൽ അധികസമയം ജോലി ചെയ്യുന്ന മണിക്കൂർ കണക്കാക്കുന്നത് ഓരോ ദിവസത്തെയും നിർബന്ധിത പ്രവൃത്തി സമയം (7 മണിക്കൂർ) കഴിച്ചുവരുന്ന സമയമാണ്.

ഒരുതവണ മാത്രം പഞ്ച് ചെയ്താൽ ബാക്കി സമയം ലീവായി കണക്കാക്കുകയും അവധി അപേക്ഷ നൽകാത്തപക്ഷം ശമ്പളത്തിൽ കുറവുവരുകയും ചെയ്യും. ഫെബ്രുവരി 28 വരെ ബയോമെട്രിക് പഞ്ചിങ്ങിനു സമാന്തരമായി ഹാജർ പുസ്തകത്തിൽകൂടി ഹാജർ രേഖപ്പെടുത്തും. ജില്ലാ ഐടി സെൽ കോഓർഡിനേറ്റർ അജിത്ത് ശ്രീനിവാസിനാണു പഞ്ചിങ് സംവിധാനത്തിന്റെ ഏകോപന ചുമതല. പഞ്ചിങ് പദ്ധതിയുടെ ജില്ലാതല നോഡൽ ഓഫിസർ കലക്ടറേറ്റിലെ ഹുസൂർ ശിരസ്തദാർ ബീന എസ്.ഹനീഫാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com