ADVERTISEMENT

കോഴഞ്ചേരി ∙ ഒളിംപിക്സ് മെഡൽ സ്വപ്നം കാണുന്ന പെൺകുട്ടി, കിട്ടിയ മെഡലുകൾ സൂക്ഷിച്ചുവയ്ക്കാൻ ഇടമില്ലാതെയും ആവശ്യത്തിനുള്ള ഉപകരണങ്ങൾ വാങ്ങാൻ വഴിയില്ലാതെയും ദുരിതത്തിൽ. കേരള സ്റ്റേറ്റ് ഓപ്പൺ ബോക്സിങ് ചാംപ്യൻഷിപ്പിൽ ഒന്നാമതെത്തിയ മാരാമൺ മാളുവേലിൽ അക്സ മറിയം ഷിബുവാണു പ്ലസ് ടു കഴിഞ്ഞെങ്കിലും തുടർ പഠനത്തിനും പരിശീലനത്തിനും വഴിയില്ലാതെ ബുദ്ധിമുട്ടുന്നത്. വലിയ പരിശീലന കേന്ദ്രങ്ങളിൽ പോകാൻ കഴിയാത്തതിനാൽ കോച്ച് ഡാനിയേൽ തോമസിന്റെ സഹായത്താൽ കുളനടയിലെ കേന്ദ്രത്തിലാണ് പരിശീലനം. 

അതിനും പണം കണ്ടെത്താൻ കുടുംബത്തിന് കഴിയുന്നില്ല. കണ്ണൂരിൽ നടന്ന സ്കൂൾ മീറ്റിൽ സംസ്ഥാനതല മത്സരത്തിൽ ഷൂ ഇല്ലാത്തതിനാൽ നഗ്നപാദയായി മത്സരത്തിന് ഇറങ്ങേണ്ടി വന്നിട്ടുണ്ട്. അന്ന് അഞ്ചാം സ്ഥാനം കിട്ടി. തുടർന്ന് ആറ്റിങ്ങലിൽ നടന്ന മത്സരത്തിൽ പങ്കെടുത്തതു മാരാമണ്ണിലെ നാട്ടുക്കൂട്ടത്തിന്റെ സഹായംകൊണ്ടായിരുന്നു.

ആന്റോ ആന്റണി എംപിയും സഹായിച്ചിരുന്നു. 2021 ഡിസംബർ മുതൽ 2022 നവംബർ വരെ ധനകാര്യ സ്ഥാപനം അക്സയെ സ്പോൺസർ ചെയ്തിരുന്നു. അവർ വാങ്ങിനൽകിയ സൈക്കിളാണ് വണ്ടിക്കൂലി ഇല്ലെങ്കിലും പരിശീലനത്തിനു കുളനടയും തിരുമൂലപുരത്തും എത്താൻ ഉപയോഗിക്കുന്നത്. 

വിദേശമലയാളി മൂന്നു വർഷം മുൻപു വാങ്ങിക്കൊടുത്ത ഗ്ലൗസ് കീറിത്തുടങ്ങിയെങ്കിലും ഇപ്പോഴും അതാണ് അക്സ ഉപയോഗിക്കുന്നത്. 2 വർഷം മുൻപ് വാങ്ങിയ ട്രാക്സ്യൂട്ട് ഇന്ന് പാകമല്ല. റിങ്ങിൽ ഉപയോഗിക്കാൻ അനുയോജ്യമായ ഷൂ വാങ്ങാൻ 7000 രൂപയോളം വേണമെങ്കിലും അതില്ലാത്തതിനാൽ വില കുറഞ്ഞ സിന്തറ്റിക് ഷൂ ആണ് ഇടുന്നത്. 

ഏറ്റവും ഒടുവിൽ ഡിസംബറിൽ മലപ്പുറത്ത് നടന്ന സംസ്ഥാന ഓപ്പൺ ബോക്സിങ് ചാംപ്യൻഷിപ്പിൽ ഒന്നാമതെത്തി. പരിശീലനവും അതിനുവേണ്ട കളിയുപകരണങ്ങളും ലഭിച്ചാൽ തനിക്കും ഒരു ഒളിംപിക് മെഡൽ സ്വന്തമാക്കാൻ കഴിയും എന്ന ആത്മവിശ്വാസമുണ്ട്. കടംവാങ്ങി തുടങ്ങിയ വീട് നിർമാണവും പാതിവഴിയിൽ നിലച്ചു. ചുവര് തേക്കാത്ത ഹാളിലെ അടപ്പില്ലാത്ത ചെറിയ അലമാരയിലാണ് മകൾക്ക് കിട്ടിയ മെഡലുകൾ ഷിബുവും ആനിയും സൂക്ഷിക്കുന്നത്. ഷിബുവിന്റെ ഫോൺ: 8921748701.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com