പത്തനംതിട്ട ∙ രാത്രി യാത്രക്കാരിയെ സ്വകാര്യ ബസിൽനിന്ന് വഴിമധ്യേ ഇറക്കിവിട്ടതായി പരാതി. നരിയാപുരം സ്വദേശിനി ലതയാണ് ജില്ലാ പൊലീസ് മേധാവിക്കും ആർടിഒയ്ക്കും പരാതി നൽകിയത്.കഴിഞ്ഞ വ്യാഴം രാത്രി 7.45ന് പന്തളത്തുനിന്ന് പത്തനംതിട്ടയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർതൃമാതാവിന്റെ അടുത്തേക്ക് വരികയായിരുന്നു ലത. ജനറൽ ആശുപത്രിയുടെ മുൻപിൽ ഇറങ്ങാനാണ് ടിക്കറ്റ് എടുത്തിരുന്നതെങ്കിലും സ്റ്റേഡിയം ജംക്‌ഷനും സെന്റ് പീറ്റേഴ്സ് ജംക്‌ഷനും ഇടയിലുള്ള പെട്രോൾ പമ്പിന് സമീപം ലതയെ ഇറക്കിവിടുകയായിരുന്നു.
ബസിൽ മറ്റ് യാത്രക്കാർ ഇല്ലാത്തതിനാൽ സർവീസ് ഇവിടെ അവസാനിപ്പിക്കുകയാണെന്നാണ് കാരണം പറഞ്ഞത്. രാത്രിയിൽ മറ്റ് വാഹനങ്ങൾ കിട്ടാൻ പ്രയാസമാണെന്ന് പറഞ്ഞപ്പോൾ ബാക്കി ദൂരം തങ്ങളുടെ ബൈക്കിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ജീവനക്കാർ പരിഹസിച്ചെന്നും ലത പറഞ്ഞു. പരാതിയിൽ അന്വേഷണം ആരംഭിച്ചെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും ആർടിഒ എ.കെ.ദിലു പറഞ്ഞു.