ADVERTISEMENT

പത്തനംതിട്ട ∙ ചരക്കു ലോറികൾ വാഗണുകളിൽ കയറ്റിക്കൊണ്ടു പോകുന്ന റോ റോ ട്രെയിൻ സർവീസിന് താൽപര്യമെടുക്കാതെ ദക്ഷിണ റെയിൽവേ. പരീക്ഷണ ഓട്ടങ്ങളും പഠന റിപ്പോർട്ടുകളും തയാറാക്കുന്നതല്ലാതെ ഇതുമായി ബന്ധപ്പെട്ട തുടർനടപടിയെടുക്കാൻ റെയിൽവേ തയാറാകുന്നില്ല. ചരക്കു ലോറികൾ കയറ്റിയ വാഗണുകൾ കടന്നുപോകാൻ 4.8 മീറ്റർ ഉയരമാണ് വേണ്ടത്.

ഷൊർണൂർ, തൃശൂർ, അങ്കമാലി എന്നിവിടങ്ങളിലെ റെയിൽവേ മേൽപാലങ്ങളുടെ അടിയിലെ ഉയരക്കുറവാണു കേരളത്തിൽ റോ റോ ട്രെയിൻ ഓടിക്കുന്നതിനുള്ള തടസ്സം. പാലങ്ങളുടെ ഉയരം കൂട്ടി പ്രശ്നം പരിഹരിക്കാമെങ്കിലും അതിനു പണം മുടക്കാൻ റെയിൽവേ തയാറല്ല. പകരം ഉയരം കുറഞ്ഞ വാഗൺ പുറത്തിറക്കുന്നതും കാത്ത് 3 വർഷമാണു റെയിൽവേ പാഴാക്കിയത്.  

 കൊങ്കൺ റെയിൽവേയിൽ റോ റോ സർവീസ് ആരംഭിച്ച് 22 വർഷം കഴിഞ്ഞിട്ടും ദക്ഷിണ റെയിൽവേ ‘പഠനം’ തുടരുകയാണ്. കേരളത്തിൽ നിന്നു പ്ലൈവുഡ് കമ്പനികളും  പൈനാപ്പിൾ കർഷകരും ഉൾപ്പെടെ റോ റോ സർവീസ് ആരംഭിച്ചാൽ അവ ഉപയോഗിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.

കമ്പനിയിലും സ്റ്റേഷനിലുമായി 2 തവണ ലോഡിങ് വരുമെന്ന കാരണത്താലാണു ചരക്കുനീക്കത്തിന് റെയിൽവേയെ ഇപ്പോൾ പലരും ആശ്രയിക്കാത്തത്. അതേ സമയം റോ റോ ട്രെയിനാണെങ്കിൽ  ലോഡ് കയറ്റിയ ലോറി  ട്രെയിനിൽ നിന്നിറക്കി ലക്ഷ്യ സ്ഥാനത്തേക്ക് ഓടിച്ചുപോകാമെന്നതിനാൽ 2 ലോഡിങ് ഒഴിവാകും.

സ്റ്റേഷനിൽ തയാറാക്കുന്ന പ്രത്യേക റാംപ് വഴിയാണു ലോറികൾ ഓടിച്ചിറക്കുക. ഇന്ധനച്ചെലവും തേയ്മാനവും കുറയുന്നതോടൊപ്പം റോഡിൽ നിന്നു ലോറികൾ മാറുന്നതോടെ അപകടങ്ങളും കുറയും. റെയിൽവേയ്ക്കു വരുമാനം ലഭിക്കുന്ന പദ്ധതിയായിട്ടും കേരളത്തിൽ ഇതു നടപ്പാക്കാൻ റെയിൽവേ താൽപര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com