ADVERTISEMENT

റാന്നി ∙ ചാക്കപ്പാലം–കുട്ടത്തോട് റോഡിൽ പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) കനാലിനു കുറുകെ വലിയ വാഹനങ്ങൾ കടന്നു പോകാനാകുന്ന പാലം നിർമിക്കാത്തതിന്റെ ദുരിതം ജനം അടുത്തറിഞ്ഞത് പുതമൺ പാലത്തിനു നാശം നേരിട്ടപ്പോൾ. ഇനിയെങ്കിലും സംസ്ഥാന സർക്കാരും പിഡബ്ല്യുഡിയും ഇടപെട്ട് പിഐപി കനാലിനു കുറുകെ ബലവത്തായ പാലം നിർമിക്കണം. 

പുതമൺ–കുട്ടത്തോട്, റാന്നി–കോഴഞ്ചേരി എന്നീ പാതകളെ ബന്ധിപ്പിക്കുന്നതാണ് ചാക്കപ്പാലം–പള്ളിയത്തുപടി–കുട്ടത്തോട് റോഡ്. കോഴഞ്ചേരി റോഡിലെ ചാക്കപ്പാലം ജംക്‌ഷനിൽ‌ നിന്നാരംഭിച്ച് ശ്രീരാമ വിലാസം കോളനി വഴി കുട്ടത്തോട് റോഡിലെ പള്ളിയത്തുപടിയിലാണ് പാത സന്ധിക്കുന്നത്. പിഡബ്ല്യുഡിയുടെ അധീനതയിലുള്ള റോഡാണിത്. 

ഫണ്ട് അനുവദിച്ചില്ല

പിഐപിയുടെ പ്രധാന കനാൽ കടന്നു പോകുന്നത് ചാക്കപ്പാലം–കുട്ടത്തോട് റോഡിനു കുറുകെയാണ്. കനാൽ നിർമിച്ചപ്പോഴാണ് റോഡ് രണ്ടായി മുറിക്കുമെന്ന് ജനം അറഞ്ഞത്. കനാലിനു മുകളിൽ ചെറിയ വാഹനങ്ങൾ‌ക്കു കടന്നു പോകാനാകുന്ന പാലമേ നിർമിക്കൂയെന്ന് പിഐപി അധികൃതർ അറിയിച്ചിരുന്നു. പിഡബ്ല്യുഡി ഫണ്ട് അനുവദിച്ചാൽ പാലം നിർമിച്ചു നൽകാമെന്ന് അവർ പറഞ്ഞിരുന്നു. ഇതനുസരിച്ച് എസ്റ്റിമേറ്റും രൂപരേഖയും തയാറാക്കി പിഡബ്ല്യുഡിയെ സമീപിച്ചെങ്കിലും ഫണ്ട് അനുവദിച്ചില്ല. ചെറിയ പാലം നിർമിച്ച് പിഐപി കനാൽ നിർ‌മാണം പൂർത്തിയാക്കുകയും ചെയ്തു. ജനം വലഞ്ഞു

പിഐപി കനാലിന്റെ എതിർ കരയിൽ വീട് നിർമാണ സാമഗ്രികളെത്തിക്കാൻ പുതമൺ, വയലത്തല, പള്ളിയത്തുപടി വഴി കിലോമീറ്ററുകൾ ചുറ്റണം. റോഡിന്റെ മധ്യത്തിലെ ശ്രീരാമവിലാസം കോളനിയിൽ താമസിക്കുന്നവർ പുറംനാട്ടിലെത്താൻ ബസ് യാത്ര നടത്തണമെങ്കിൽ പള്ളിയത്തുപടിയിലോ  ചാക്കപ്പാലം വരെയോ നടക്കണം. 

അര നൂറ്റാണ്ടു മുൻപ് പിഐപി കനാലിനു കുറുകെ പാലം പണിതിരുന്നെങ്കിൽ ഇതുവഴി ബസിൽ യാത്ര നടത്താമായിരുന്നു. പുതമൺ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടപ്പോൾ ഇതിലെ അന്ത്യാളംകാവ് റോഡിലൂടെ യാത്ര നടത്താമായിരുന്നു. 

പിഐപി കനിഞ്ഞില്ല

പാലം നിർമിക്കാൻ രാജു ഏബ്രഹാം എംഎൽഎയായിരിക്കെ ഫണ്ട് അനവുദിച്ചതാണ്. പിഡബ്ല്യുഡി നിരത്തു വിഭാഗം എസ്റ്റിമേറ്റും രൂപരേഖയും തയാറാക്കിയെങ്കിലും പിഐപിയുടെ അനുമതി ലഭിക്കാത്തതാണ് പണിക്കു തടസ്സമായത്. പിന്നീട് ഫണ്ട് വക മാറ്റുകയായിരുന്നു. 2 വർഷം മുൻപ് സ്ഥലത്തിന്റെ ഉറപ്പു പരിശോധിച്ച് പാലത്തിനായി ബോറിങ്ങും നടത്തിയിരുന്നു. ഇനിയെങ്കിലും ഇതിനു മാറ്റം വേണം. 

ജലവിഭവ വകുപ്പു മന്ത്രിയിൽ നിന്ന് പാലം നിർമിക്കാൻ അനുമതി വാങ്ങണം. പുതമൺ പാലത്തിനൊപ്പം പിഐപി കനാലിനു കുറുകെയും പാലം ഉയരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com