അടൂർ ∙ ടൗൺ ഗവ. എൽപിഎസിലും യുപിഎസിലും മോഷണം. എൽപി സ്കൂളിലെ ഓഫിസിൽ നിന്ന് ലാപ്ടോപ് മോഷ്ടിക്കുകയും 3 അലമാരകളും അതിലെ ലോക്കറും കുത്തിത്തുറന്ന് രേഖകളെല്ലാം പുറത്തെടുത്തിടുകയും ചെയ്തു. രണ്ടു സ്കൂളുകളിലെയും ഉച്ചഭക്ഷണം പാചകം ചെയ്യുന്ന അടുക്കള കുത്തിത്തുറക്കുകയും യുപിഎസിലെ അടുക്കളയിൽനിന്ന് വെളിച്ചെണ്ണയും മുളകുപൊടിയും എടുത്ത് എൽപിഎസിലെ അടുക്കളയിൽ കൊണ്ടുവന്ന് ഭക്ഷണം പാചകം ചെയ്തു കഴിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്.
പാചകം ചെയ്ത പാത്രങ്ങളും സ്കൂളിന്റെ തന്നെ കാടുപിടിച്ചു കിടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്തു.ബുധനാഴ്ച രാത്രിയിലാണ് സംഭവം. ഇന്നലെ രാവിലെ അധ്യാപകർ സ്കൂളിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയിരുന്നത്. എൽപി സ്കൂളിലെ ഓഫിസിലുള്ള മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന ഏഴംകുളം ഗവ. എൽപിഎസിലെ അധ്യാപികയുടെ ലാപ്ടോപ്പാണ് മോഷ്ടിച്ചത്. ഈ ലാപ്ടോപ് സൂക്ഷിച്ചിരുന്ന ബാഗ് ശുചിമുറിയുടെ മുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
മോഷ്ടാക്കൾ എൽപി സ്കൂളിന്റെ ഓഫിസ് മുറിക്കുള്ളിൽ ഇരുന്ന് മദ്യപിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സ്കൂൾ അധികൃതർ നൽകിയ പരാതിയെത്തുടർന്ന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഈ സ്കൂളിനു സമീപത്തുള്ള ബിആർസിയുടെ ജനൽ ഗ്ലാസും തകർത്തിട്ടുണ്ട്. കഴിഞ്ഞ 16നും എൽപി സ്കൂളിൽ മോഷണശ്രമം നടന്നിരുന്നു. അന്ന് സ്കൂളിന്റെ തൂണുകളുടെ കുറച്ചുഭാഗം ഇടിച്ചിളക്കിയിരുന്നു.