ADVERTISEMENT

പത്തനംതിട്ട ∙ നഗരത്തിൽ നടന്ന ഭൂമി ഏറ്റെടുക്കൽ നടപടി തടയാൻ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിയതിനെച്ചൊല്ലി സിപിഎമ്മിനുള്ളിൽ അഭിപ്രായഭിന്നത രൂക്ഷം. എസ്എഫ്ഐ നേതാവായിരുന്ന സി.വി.ജോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളുടെ കുടുംബാംഗത്തിന്റെ പേരിലുള്ള വീടും വസ്തുവും ഏറ്റെടുക്കാനെത്തിയ അഭിഭാഷക കമ്മിഷനെതിരെ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ കഴിഞ്ഞ ദിവസം പ്രതിരോധം തീർത്തിരുന്നു. 

സി.വി.ജോസ് കൊലക്കേസിലെ പ്രതിയായിരുന്ന അബ്ദുൽഖാദർ എന്നു വിളിക്കുന്ന അമ്പിളിയുടെ ഭാര്യയും മുൻ നഗരസഭാധ്യക്ഷയും കെപിസിസി മുൻ സെക്രട്ടറിയുമായ അജീബ എം.സാഹിബിന്റെ പിതാവിന്റെ പേരിലുള്ള 4 സെന്റ് സ്ഥലവും അതിലെ കടമുറിയും വായ്പ അടവു മുടങ്ങിയതിനെത്തുടർന്ന് എറണാകുളം ഡെറ്റ് റിക്കവറി ട്രൈബ്യൂണൽ ലേലം ചെയ്തിരുന്നു. കോടതി നിർദേശത്തെതുടർന്ന്  ഈ വസ്തു ലേലം പിടിച്ചവർക്ക് ഏറ്റെടുത്തു നൽകാൻ അഭിഭാഷക കമ്മിഷൻ എത്തിയപ്പോഴാണ് ഒരുവിഭാഗം ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരും തടയാനായി എത്തിയത്.

മാനുഷികപരിഗണന മാനിച്ചു ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ഇടപെടണമെന്നു സിപിഎം പ്രദേശിക നേതൃത്വത്തിന്റെ നിർദേശം ഉണ്ടായിരുന്നെന്നും ഇതേത്തുടർന്നാണു സംഭവസ്ഥലത്ത് എത്തിയതെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ വിശദീകരണം. എന്നാൽ, പാർട്ടിയുടെ രക്തസാക്ഷിയോടു കാണിച്ച കടുത്ത വഞ്ചന ഒരിക്കലും ക്ഷമിക്കാൻ ആകാത്തതാണെന്നാണ് മറുപക്ഷം നേതാക്കളുടെ നിലപാട്.വസ്തുമായി ബന്ധപ്പെട്ട കേസിൽ സഹായം തേടി അജീബ കെപിസിസി നേതൃത്വത്തെ സമീപിച്ചിരുന്നു. സഹോദരി ഡോ. സജീബ ഇടതുപക്ഷ പ്രവർത്തകയാണ്. 

അവർ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ സഹായവും തേടിയിരുന്നു. ഈ കുടുംബത്തെ പൂർണമായി സിപിഎമ്മിൽ എത്തിക്കാൻ ജില്ലാ നേതൃത്വത്തിനു താൽപര്യവുമുണ്ട്. എന്നാൽ വിഷയം സംസ്ഥാന നേതൃത്വത്തിന്റെ മുന്നിലെത്തിയപ്പോൾ അനുകൂല നിലപാടുണ്ടായില്ലെന്ന് പറയുന്നു. ജില്ലയിൽ നിന്നുതന്നെയുള്ള ചില നേതാക്കൾ സി.വി. ജോസ് വിഷയവും കോടതിയിലെ കേസ് വിഷയങ്ങളും സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചതിനെ തുടർന്നാണ് സംസ്ഥാന നേതൃത്വം വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കാതിരുന്നതെന്നാണ് സൂചന. 

എതിർത്തത് മാഫിയ: ഡിവൈഎഫ്ഐ

പത്തനംതിട്ട ∙ ധനകാര്യ സ്ഥാപനങ്ങളിൽ വസ്തു പണയപ്പെടുത്തി വായ്പ എടുത്തു കുടിശിക വരുത്തുന്നവരുടെ വസ്തുവകകൾ കുറഞ്ഞവിലയ്ക്കു തട്ടിയെടുക്കുന്ന മാഫിയയ്ക്കെതിരെയുള്ള നടപടി മാത്രമാണു കഴിഞ്ഞ ദിവസം നഗരത്തിൽ നടന്നതെന്നു ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സൂരജ് എസ്.പിള്ള പറഞ്ഞു.4 കോടി രൂപ വിലവരുന്ന വസ്തു 25 ലക്ഷം രൂപയ്ക്കു മാഫിയ സംഘം രഹസ്യമായി കൈക്കലാക്കി. ഇതിനെതിരെ കെട്ടിടം ഉടമ ഡെറ്റ് റിക്കവറി ട്രൈബ്യൂണലിൽ നൽകിയ പരാതിയിൽ ഉത്തരവ് വരുന്നതിനു മുൻപാണു കെട്ടിടം ഒഴിപ്പിച്ചത്. കോൺഗ്രസ് നേതാവ് ആയിട്ടും അവരുടെ കുടുംബത്തെ സഹായിക്കാൻ തയാറാകാഞ്ഞതു കോൺഗ്രസിനു മാഫിയയുമായി ബന്ധമുള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com