ADVERTISEMENT

പത്തനംതിട്ട ∙ 10 ലക്ഷം രൂപ വായ്പ എടുത്തതിനു 4.5 കോടി രൂപ മതിപ്പുവിലയുള്ള ഭൂമിയും കെട്ടിടവും അനന്തരാവകാശികളെ അറിയിക്കാതെ 25 ലക്ഷം രൂപയ്ക്കു ബാങ്ക് ലേലം ചെയ്തതിനെതിരെയുള്ള കേസ് കോടതിയിൽ നിൽക്കെയാണു ഏറ്റെടുക്കൽ നടപടിയുമായി അഭിഭാഷക കമ്മിഷൻ എത്തിയതെന്ന് അജീബ എം.സാഹിബ്.‘എന്റെ പേരിൽ വസ്തുവോ വീടോ ഇല്ല. പിതാവ് നഗരത്തിലെ ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന കെ. മീരാസാഹിബ് 2003ൽ ഭവന നിർമാണത്തിനായി 10 ലക്ഷം രൂപ ഫെഡറൽ ബാങ്കിൽനിന്നു വായ്പ എടുത്തു. 

2006ൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് അമ്മ സാലിയത്ത് ബീവി മരിച്ചിരുന്നു. അച്ഛൻ, സഹോദരൻ എന്നിവർ അന്നത്തെ അപകടത്തിൽ പരുക്കുപറ്റി 9 മാസത്തിലേറെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതോടെ സാമ്പത്തികമായി തകർന്നു. ഇതുമൂലം വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. 2009 ഒക്ടോബർ 22ന് അച്ഛനും മരിച്ചു.അതിനുശേഷം ബാങ്കിലെത്തി അച്ഛന്റെ മരണ സർട്ടിഫിക്കറ്റും സാവകാശം നൽകിയാൽ വായ്പ കുടിശിക തിരിച്ചടയ്ക്കാമെന്നും കാണിച്ച് അസിസ്റ്റന്റ് ജനറൽ മാനേജർക്ക് കത്തും നൽകി. ചികിത്സാ ആവശ്യങ്ങൾക്കായി എനിക്ക് 6 വർഷം മാറിനിൽക്കേണ്ടി വന്നു.

എന്നാൽ സഹോദരി ജീബ സ്ഥലത്ത് ഉണ്ടായിരുന്നു. അനന്തരാവകാശികളായ 4 മക്കളിൽ ആരെയും അറിയിക്കാതെ വസ്തുവും കെട്ടിടവും ബാങ്ക് ലേലത്തിൽ വിറ്റു. പഴയ സ്വകാര്യ സ്റ്റാൻഡിൽ 4.5 സെന്റ് സ്ഥലത്ത് 3 നില വീടും 8 കടമുറിയും ഉണ്ട്. അതിൽ ഒരു കടമുറി വിറ്റാൽതന്നെ രണ്ടരക്കോടി രൂപ കിട്ടും. ബാങ്കിൽ 16 ലക്ഷം രൂപ മാത്രമാണ് അടയ്ക്കാൻ ഉണ്ടായിരുന്നത്. എന്നാൽ വെറും 25 ലക്ഷം രൂപയ്ക്കാണ് എല്ലാം കൂടി ബാങ്ക് ലേലത്തിൽ വിറ്റത്. ഇത് ഒത്തുകളിയാണ്’ അജീബ ആരോപിച്ചു.

കോളജ് രാഷ്ട്രീയ കാലത്താണ് ഭർത്താവ് അബ്ദുൽഖാദർ (അമ്പിളി) കേസിൽ പ്രതിയാകുന്നത്. നിരപരാധിയാണെന്നു കണ്ട് കോടതി അദ്ദേഹത്തെ വെറുതെവിട്ടതാണെന്നും അജീബ പറഞ്ഞു. പിതാവ് കെ. മീരാസാഹിബ് ജനകീയനായ പൊതുപ്രവർത്തകനായിരുന്നു എന്ന നിലയിലാണ് അദ്ദേഹത്തിന്റെകുടുംബത്തെ സഹായിക്കാൻ സിപിഎം മുന്നോട്ടുവന്നതെന്നു അജീബയുടെ സഹോദരി ജീബ പറഞ്ഞു. പഴയ സ്വകാര്യ സ്റ്റാൻഡ് പണ്ട് മാർക്കറ്റായിരുന്നു. ബസ് സ്റ്റാൻഡ് വരാൻ സ്വന്തം സ്ഥലം വിട്ടുകൊടുത്ത കുടുംബമാണ് തങ്ങളുടേതെന്നും അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com