റാന്നി ∙ പതിമൂന്നാമത്തെ വയസ്സിൽ കൃഷി തുടങ്ങിയതാണ് റാന്നി പെരുനാട് ഹൈസ്കൂളിലെ അധ്യാപകനായ ടി.പി.രാജൻ. ഇന്നും കൃഷി ജീവിതത്തിന്റെ ഭാഗമാണ്. കാർഷികവൃത്തി അന്യംനിന്നുപോകുന്ന കാലത്ത് തന്റെ ശിഷ്യരെക്കൂടി കൃഷിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയും ഇടപ്ര സ്വദേശിയുമായ സന്ദീപ് തോമസിന്റെ ആഗ്രഹം ഭാവിയിൽ മികച്ച കർഷകനാകണമെന്നാണ്. വീട്ടിലെ ചെറിയ കൃഷിത്തോട്ടത്തിൽ സന്ദീപ് നട്ടുവളർത്തുന്നത് ഒട്ടേറെ വിളകളാണ്.
ഇതുപോലെ കൃഷിയെയും കാർഷിക മേഖലയെയും സ്നേഹിക്കുന്ന ഒരുപറ്റം അധ്യാപകരും വിദ്യാർഥികളും ചേർന്നപ്പോൾ റാന്നി പെരുനാട് ഹൈസ്കൂളിൽ ഒരുങ്ങിയത് അതിശയിപ്പിക്കുന്ന കൃഷിത്തോട്ടമാണ്. കൃഷിയുടെ വിളവെടുപ്പിൽ നൂറുമേനിയാണ് അവർ കൊയ്തെടുത്തത്. ഇന്നു നടക്കുന്ന സ്കൂൾ വാർഷികത്തിൽ 1000 പേർക്കുള്ള സദ്യയാണ് ഒരുക്കുന്നത്. സദ്യയിലെ മുഖ്യപങ്കും സ്കൂളിൽതന്നെ വിളയിച്ച സാധനങ്ങളാണ്. പ്രധാനാധ്യാപിക വി. ഉഷാകുമാരിയാണ് കൃഷിക്കുള്ള സാമ്പത്തിക സഹായങ്ങളും പിന്തുണയും നൽകിയത്. സ്കൂളിലെ 351 വിദ്യാർഥികളും 19 അധ്യാപകരും അകമഴിഞ്ഞ് പിന്തുണച്ചു. 20 സെന്റ് സ്ഥലത്താണ് കൃഷി. വാഴ, ചേന, ചേമ്പ്, ഇഞ്ചി എന്നിവയാണ് പ്രധാന വിളകൾ.
കഴിഞ്ഞ മേയ് മാസം ആരംഭിച്ച കൃഷിയിൽ മുഖ്യപങ്കും വഹിച്ചിരിക്കുന്നത് രാജൻ സാറിന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ വിദ്യാർഥിസംഘമാണ്. ഇവരിൽ പലരും വീട്ടിൽ സ്വന്തമായി കൃഷി ചെയ്യുന്നവരാണ്. പിന്തുണയുമായി ബഥനി ആശ്രമം മാനേജ്മെന്റും ഒപ്പമുണ്ട്. ‘സ്കൂളിന്റെ വെറുതെ കിടന്ന ഭൂമിയിൽ കൃഷിയിറക്കാമെന്നുള്ള തീരുമാനത്തിന്റെ പുറത്താണ് ഇത്തരമൊരു സംരംഭം രൂപപ്പെട്ടത്. അധ്യാപകരും വിദ്യാർഥികളും മുഴുവൻ പിന്തുണയുമറിയിച്ചപ്പോൾ ആവേശമായി. കൃഷിയിൽനിന്ന് മികച്ച ഫലം ലഭിച്ചതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ഇതു തുടരാനാണ് ആഗ്രഹം.’ രാജൻ പറഞ്ഞു.