തണ്ണിത്തോട് ∙ തേക്കുതോട് ഏഴാംതല വനത്തിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി മറവുചെയ്തു. കഴിഞ്ഞ ദിവസം കല്ലാറിന്റെ മറുകരയിലെ വനത്തിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്.ദിവസങ്ങളായി വനത്തിൽ നിന്ന് ആറിന്റെ ഇങ്ങേക്കരയിലെ ഏഴാംതല ജനവാസ മേഖലയിലേക്ക് ദുർഗന്ധം പരന്നതോടെ പ്രദേശവാസികൾ കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
നടുവത്തുമൂഴി റേഞ്ച് ഓഫിസർ ശരത് ചന്ദ്രന്റെ നേതൃത്വത്തിൽ വനപാലകസംഘം ഇന്നലെ സ്ഥലത്തെത്തി. കോന്നി ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ശ്യാംചന്ദ്രൻ ജഡം പോസ്റ്റ്മോർട്ടം നടത്തി. ശേഷം വനത്തിൽ മറവുചെയ്തു.ഏകദേശം 12 വയസ്സുള്ള പിടിയാനയുടെ ജഡമാണ്. ഒരാഴ്ചയോളം പഴക്കമുണ്ട്. പല്ല് കേടായതുമൂലം ആഹാരമെടുക്കാനാകാതെ ചരിഞ്ഞതാണെന്ന് ഡോ. ശ്യാംചന്ദ്രൻ അറിയിച്ചു.