പന്തളം ∙ നാല് പതിറ്റാണ്ടോളം തരിശു കിടന്ന പാടത്ത് മരമടിച്ചു പ്രതീക്ഷയോടെ വിത്ത് വിതച്ച കർഷകർക്ക് ജലക്ഷാമം ഭീഷണിയായി. പാടത്തിന്റെ പല ഭാഗങ്ങളും വീണ്ടുകീറിയിരുന്നു. കഴിഞ്ഞ മാസാവസാനം പെയ്ത മഴ ആശ്വാസമായെങ്കിലും വീണ്ടും പ്രതിസന്ധിയായി. രണ്ടര മാസത്തോളം വളർച്ചയെത്തിയ നെൽച്ചെടികളാണ് വെള്ളം കിട്ടാതെ വാടിയ നിലയിലുള്ളത്. ഇലകൾക്ക് നേരിയ മഞ്ഞ നിറവും കറുത്ത പാടുകളും ദൃശ്യമായതോടെ കർഷകർ കൂടുതൽ ആശങ്കയിലായി.
സമീപ പാടശേഖരങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. പരമ്പരാഗത രീതിയിൽ നെൽക്കൃഷി ചെയ്യണമെന്ന താൽപര്യത്തിൽ കാളകളെ എത്തിച്ചു മരമടിച്ചായിരുന്നു ഇവിടെ നെൽക്കൃഷിക്ക് തുടക്കം. തേക്കുനിൽക്കുന്നതിൽ രാജേന്ദ്രൻ, അമ്പലംനിൽക്കുന്നതിൽ മധുസൂദനൻ നായർ എന്നിവരാണ് കൃഷിയിറക്കിയത്.
കനാൽ തുറക്കാത്തത് പ്രതിസന്ധി
ഇറിഗേഷൻ വകുപ്പിന്റെ കനാൽ തുറന്നു വിട്ടാൽ പ്രതിസന്ധിക്ക് പരിഹാരമാകുമായിരുന്നു. എന്നാൽ, പന്തളം മേഖലയിൽ കനാലിലൂടെ ജലവിതരണം ഇനിയും തുടങ്ങിയില്ല. സബ് കനാലുകളൊന്നും കാടു തെളിച്ചിട്ടുമില്ല. ഇതിനുള്ള കരാർ നടപടികൾ വൈകിയതാണ് കാരണമെന്നാണ് ഇറിഗേഷൻ വകുപ്പ് അധികൃതർ പറയുന്നത്.
മോട്ടറിനെ ആശ്രയിച്ച് കർഷകർ
മഴയുടെ അഭാവവും വെള്ളമെത്തിക്കാനുള്ള വഴിയടഞ്ഞതും കാരണം വൈദ്യുതി ഉപയോഗിച്ചു മോട്ടർ പ്രവർത്തിപ്പിച്ചാണ് ജലക്ഷാമം ചെറിയ അളവിലെങ്കിലും നേരിടുന്നത്. താൽക്കാലിക വൈദ്യുതി കണക്‌ഷനെടുക്കുന്നതിനു തന്നെ ഏഴായിരത്തോളം രൂപ ചെലവഴിച്ചു. സമീപത്തെ കുളത്തിൽ നിന്ന് ദിവസങ്ങളോളം മോട്ടർ പ്രവർത്തിപ്പിച്ചെങ്കിലും 2 ഏക്കറിൽ മാത്രമാണ് അത്യാവശ്യത്തിനു വെള്ളമെത്തിക്കാനായത്.
'ഞങ്ങളില്ല, ഇനി കൃഷിയിലേക്ക് '
വിത്ത് പാകിയ ശേഷമുള്ള ചുരുങ്ങിയ നാളുകളിൽ മാത്രം നേരിട്ട ദുരനുഭവങ്ങൾ കാരണം ഇനി നെൽക്കൃഷിക്കില്ലെന്ന തീരുമാനത്തിലാണ് രാജേന്ദ്രനും മധുസൂദനനും. നവംബർ 20നാണ് വിത്ത് വിതച്ചത്. ഒരു മാസം പിന്നിട്ടപ്പോൾ തന്നെ ജലക്ഷാമം രൂക്ഷമായി. പാടം വീണ്ടുകീറിയതോടെ ആശങ്കയേറി.
തോന്നല്ലൂർ ആമപ്പുറം കുളത്തിൽ നിന്നു വെള്ളമെടുക്കാൻ കർഷകർ സ്വന്തം നിലയിൽ പെട്ടിയും പറയും സ്ഥാപിച്ചു. 2 ദിവസം പ്രവർത്തിച്ചതോടെ കുളത്തിലെ വെള്ളം താഴ്ന്നു. ഇതു കാരണം വെള്ളമെടുക്കാനാകാതെ വന്നു. കുളത്തിൽ ഇറക്കി സ്ഥാപിക്കുന്ന മോട്ടർ ഉപയോഗിച്ചാൽ വെള്ളം പമ്പ് ചെയ്തെത്തിക്കാനാകും. ഇതിനായി കർഷകർ കെഎസ്ഇബി അധികൃതരെ സമീപിച്ചെങ്കിലും 2 വൈദ്യുതി പോസ്റ്റുകൾ താൽക്കാലികമായി സ്ഥാപിക്കണമെന്നു അവർ അറിയിച്ചു.
ഇതിനുള്ള ചെലവ് വേറെ. ദിവസങ്ങളോളം വെള്ളം പമ്പ് ചെയ്തെങ്കിലും 2 ഏക്കറിൽ മാത്രമാണ് വെള്ളമെത്തിയത്‍. ജലക്ഷാമം സംബന്ധിച്ചു കൃഷി വകുപ്പ്, ഇറിഗേഷൻ വകുപ്പ് എന്നിവിടങ്ങളിൽ നിരന്തരം പരാതി പറയാറുണ്ടെങ്കിലും ഇരു വകുപ്പുകളുടെയും അധികൃതർ പരസ്പരം പഴിചാരി ഒഴിവാക്കുകയാണെന്നും കർഷകർ പറയുന്നു.