തിരുവല്ല ∙ സംസ്ഥാന ബജറ്റിൽ തിരുവല്ല നിയോജകമണ്ഡലത്തിനു 2 പദ്ധതികൾ മാത്രം. കടപ്ര-വീയപുരം റോഡ് വികസനവും നെടുമ്പ്രം പഞ്ചായത്ത് സ്റ്റേഡിയം നവീകരണവും മാത്രം. 10 കോടി രൂപ അടങ്കലുള്ള റോഡിന് 2 കോടി രൂപയും 2 കോടി രൂപ ആവശ്യമുള്ള സ്റ്റേഡിയത്തിന് 40 ലക്ഷം രൂപയും. മറ്റ് 17 പദ്ധതികൾ നടപ്പാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. ഇവയ്ക്ക് ടോക്കൺ തുകയായി 100 രൂപ വീതമാണ് വച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷത്തെ ബജറ്റിന്റെ തനിയാവർത്തനമാണ് ഇത്തവണയും. കുറെ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും പുല്ലംപ്ലാവിൽ കടവ് പാലം, കോമളം പാലം എന്നിവയ്ക്ക് മാത്രമാണ് ഭരണാനുമതി ലഭിച്ചത്. എല്ലാ വർഷവും ബജറ്റിൽ ഇടം പിടിക്കുകയും വർഷാവസാനം ഒന്നും ചെയ്യാതെ വീണ്ടും അടുത്ത ബജറ്റിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ചിലത് ഇത്തവണയും പട്ടികയിലുണ്ട്. തിരുവല്ലയിൽ വിദ്യാഭ്യാസ സമുച്ചയം, കറ്റോട്, മന്നംകരച്ചിറ പാലങ്ങൾ, തിരുവല്ല സബ് ട്രഷറിക്കു കെട്ടിടം, തുടങ്ങിയവ. ഇവയും ഇത്തവണ 100 രൂപ മാത്രം ഇട്ട പദ്ധതികളായി. പദ്ധതിതുകയുടെ 20% പണം അനുവദിച്ചാൽ മാത്രമേ ഇവ നടപ്പാക്കാനാകു എന്നതിനാൽ വലിയ പ്രതീക്ഷയ്ക്ക് വകയില്ല.
പുതിയ ഒരു വികസന പദ്ധതിയും മണ്ഡലത്തിന് പ്രഖ്യാപിച്ചിട്ടില്ല .അടിസ്ഥാനസൗകര്യ വികസനങ്ങൾ റോഡിലും കെട്ടിടത്തിലും മാത്രം ഒതുങ്ങുന്നു. എന്നും വെള്ളപ്പൊക്കബാധിത പ്രദേശമായ അപ്പർ കുട്ടനാട്ടിൽ ഷെൽട്ടർ കെട്ടിടങ്ങൾ നിർമിക്കുക, അപ്പർ കുട്ടനാടിനു മാത്രമായി പാക്കേജ്, റൈസ് പാർക്ക് എന്നിവയൊന്നും ബജറ്റിലില്ല. രണ്ടാം കുട്ടനാട് പാക്കേജിനു വേണ്ടി 137 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ജില്ലയിൽപെട്ട അപ്പർ കുട്ടനാടിനു ലഭിക്കാനിടയില്ല.
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച എംസി റോഡിൽ മുത്തൂരിൽ ഫ്ലൈഓവറും ഇത്തവണയില്ല. എല്ലാ താലൂക്ക്് ആശുപത്രിയോടും ചേർന്ന് നഴ്സിങ് കോളജ് സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിൽ തിരുവല്ല താലൂക്ക് ആശുപത്രിയും ഉൾപ്പെട്ടേക്കുമെന്നതാണ് മറ്റൊരു പദ്ധതി. സർക്കാരിന്റെ പ്രധാന വരുമാനമായി വിദേശ മദ്യവിൽപനയെ കാണുമ്പോൾ പൊതുമേഖലയിലെ വിദേശ മദ്യ നിർമാണ ശാലയായ പുളിക്കീഴ് ഷുഗർ ഫാക്ടറിയുടെ വികസനവും പ്രതീക്ഷിച്ചിരുന്നതാണ്. അതും ബജറ്റിൽ ഉൾപ്പെട്ടില്ല. ഇത്തവണ ടോക്കൺ തുകയായി 100 രൂപ മാത്രം പ്രഖ്യാപിച്ച് ബജറ്റിൽ ഉൾപ്പെട്ടവ. പദ്ധതി തുകയുടെ 20% എങ്കിലും അനുവദിച്ചാൽ മാത്രമേ ഈ പദ്ധതികൾ തുടങ്ങാൻ കഴിയു.
∙ കുറ്റപ്പുഴ പിഎച്ച്സിക്കു കെട്ടിടം
∙ മന്നംകരച്ചിറ പാലം.
∙ അട്ടക്കുളം - വായ്പൂര് റോഡ്
∙കുറ്റപ്പുഴ - മാർത്തോമ്മാ കോളജ് - കിഴക്കൻമുത്തൂർ റോഡ്
∙ ഡക്ക്ഫാം - ആലംതുരുത്തി - കുത്തിയതോട് -ഇരമല്ലിക്കര റോഡ്
∙ സ്വാമിപാലം
∙ പന്നായി - തേവേരി റോഡ്
∙ കറ്റോട് പാലം
∙ നിരണം ഇരതോടിൽ ഹെൽത്ത് സബ് സെന്റർ, ക്യാംപ് ഷെഡ്,
∙ ആലംതുരുത്തി - പനച്ചമൂട് -തോക്കിനടി- ചക്കുളത്തുകടവ് - പനച്ചമൂട് റോഡ്
∙ കാഞ്ഞിരത്തുമൂട് ചാത്തങ്കരി ആശുപത്രി റോഡ്
∙ തേലപ്പുഴ കടവ് പാലം
∙ തിരുവല്ല സബ് ട്രഷറി
∙ നടയ്ക്കൽ - മുണ്ടിയപ്പള്ളി - പുന്നിലം - കമ്മാളത്തകിടി റോഡ്
∙ മഞ്ഞാടി - ആമല്ലൂർ - കുറ്റപ്പുഴ റോഡ്
∙ കണ്ണംപ്ലാവ് - കുളത്തൂർമുഴി റോഡ്
∙ തിരുവല്ലയിൽ വിദ്യാഭ്യാസ സമുച്ചയം.