ADVERTISEMENT

കൊടുമൺ‌ ∙ മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനിലെ ഇ പോസ് യന്ത്രം മോഷ്ടിച്ചു. പ്രതിയായ അടൂർ മരുതിമൂട് എബി ഭവനിൽ എബിജോണിനെ (28) പിടികൂടിയെങ്കിലും യന്ത്രം ഇതുവരെ കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. വാഹനപരിശോധന നടത്തുമ്പോൾ യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കാനും രസീത് നൽകാനും ഉപയോഗിക്കുന്ന യന്ത്രമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ 27 നാണ് സംഭവം.

ബവ്റിജസ് ചില്ലറ വിൽപനശാലയ്ക്ക് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പിന്നീടാണ് ഇ പോസ് യന്ത്രം സ്റ്റേഷനിൽ നിന്ന് കാണാതായതായി അറിയുന്നത്. എവിടെയെങ്കിലും വച്ച് മറന്നതാകാം എന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. അന്നു മുതൽ അന്വേഷണവും ആരംഭിച്ചിരുന്നു. കഴിഞ്ഞദിവസം സ്റ്റേഷനിലെ സിസി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യന്ത്രം മോഷ്ടിക്കപ്പെട്ടതാണെന്ന് അറിയുന്നത്. കസ്റ്റഡിയിലായിരുന്ന എബി 27ന് രാത്രി 8.45ന് യന്ത്രവുമായി കടക്കുകയായിരുന്നു.

വസ്ത്രങ്ങളിൽ ഒളിപ്പിച്ചാണ് യന്ത്രം കൊണ്ടുപോയത്. പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തെങ്കിലും യന്ത്രം കോടിയാട്ട് ക്ഷേത്രത്തിന് സമീപം റോഡരികിൽ ഉപേക്ഷിച്ചതായി പറഞ്ഞു. റോഡരികിലെ പുല്ല് നീക്കി പരിശോധന നടത്തിയെങ്കിലും യന്ത്രത്തിൽ ഘടിപ്പിക്കുന്ന പേപ്പർ റോൾ മാത്രമാണ് ലഭിച്ചത്. പ്രതി പറഞ്ഞ സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തിയെങ്കിലും യന്ത്രം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. റോഡരികിൽനിന്ന് യന്ത്രം ആരെങ്കിലും എടുത്തുകൊണ്ട് പോയിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. 20,000 രൂപ വിലയുള്ള, സർക്കാർ വക യന്ത്രമാണിത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com