പത്തനംതിട്ട ∙ ജില്ലാ ആസ്ഥാനത്തുനിന്നു പുതിയ ദീർഘദൂര സർവീസുകൾ തുടങ്ങാൻ വേണ്ട ബസില്ലന്നു പറഞ്ഞു കെഎസ്ആർടിസി മടിച്ചുനിൽക്കുമ്പോഴും ശബരിമല തീർഥാടന കാലത്തു പ്രത്യേകം അനുവദിച്ച 13 ബസുകളാണ് ഡിപ്പോയിൽ മാറ്റിയിട്ടിരിക്കുന്നത്. ലോ ഫ്ലോർ എസി, ഫാസ്റ്റ്, ലോ ഫ്ലോർ നോൺ എസി ബസുകളാണ് മാറ്റിയിട്ടിരിക്കുന്നത്. പമ്പ-നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ് നടത്തിയ പത്തനംതിട്ട ഡിപ്പോയുടെ 3 ലോഫ്ലോർ എസി ബസും ഓടിക്കാതെ മാറ്റിയിട്ടിരിക്കുകയാണ്. നേരത്തെ പത്തനംതിട്ട-എറണാകുളം, പത്തനംതിട്ട-തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തിവന്ന ബസുകളാണിവ.

ശബരിമല തീർഥാടനകാലത്ത് ഒരുദിവസംപോലും മുടങ്ങാതെ പമ്പ-നിലയ്ക്കൽ റൂട്ടിൽ ഓടി വരുമാനം ഉണ്ടാക്കിയ 3 ബസുകളും പത്തനംതിട്ട ഡിപ്പോയിൽ തിരിച്ചുവന്നപ്പോൾ സർവീസ് നടത്താൻ അധികൃതർക്കു മടിയാണ്. ലോഫ്ലോർ എസി ബസ് എറണാകുളം, തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുമ്പോൾ ചെലവ് കൂടുതലാണെന്നാണ് അധികൃതർ പറയുന്ന ന്യായം. സ്വിഫ്റ്റിനു വഴിമാറുന്നതുവരെ പത്തനംതിട്ടയിൽനിന്ന് ബെംഗളൂരു, മൈസൂരു റൂട്ടുകളിൽ സർവീസ് നടത്തിവന്ന 2 ശബരി സൂപ്പർ ഡീലക്സ് ബസിന്റെയും അവസ്ഥ ഇതുതന്നെ.
ദീർഘദൂര റൂട്ടിൽ സർവീസ് നടത്താതെ ഇവ മാറ്റിയിട്ടിരിക്കുകയാണ്. ഇതിനു പുറമേ 4 ഫാസ്റ്റ് പാസഞ്ചർ ബസും ഇവിടെ വെറുതെ കിടന്നു നശിക്കുന്നു. അവയും ശബരിമല തീർഥാടനം കഴിഞ്ഞ്‍ മാറ്റിയിട്ടിരിക്കുകയാണ്. ദീർഘദൂര സർവീസ് നടത്താൻ ഇവിടെ ബസ് ഇല്ലെന്നു പറഞ്ഞ് അധികൃതർ ഒഴിയുമ്പോഴാണ് ജില്ലാ ഗാരിജിൽ ഇവ മാറ്റിയിട്ടിരിക്കുന്നത്. തിരുവനന്തപുരം സിറ്റിയിൽ ഷട്ടിൽ സർവീസ് നടത്തിവന്ന ലോഫ്ലോർ ബസും ഇവിടെ കിടപ്പുണ്ട്. കണ്ണൂർ ഡിപ്പോയിൽനിന്നു ശബരിമല സ്പെഷൽ സർവീസിന് എത്തിച്ചതാണ് എടിസി 132ാം നമ്പർ സൂപ്പർ എക്സ്പ്രസ് ബസ് 12 ദിവസം ഇവിടെ കിടന്നശേഷം കഴിഞ്ഞ ദിവസം കണ്ണൂരിനു കൊണ്ടുപോയി.
ഇവിടെനിന്നുള്ള തിരുനെല്ലി സർവീസ് തുടങ്ങുന്നതിനു തടസ്സമായി കെഎസ്ആർടിസി അധികൃതർ പ്രധാനമായും പറയുന്നത് ബസ് ഇല്ലെന്ന കാര്യമാണ്. പത്തനംതിട്ട-തിരുനെല്ലി ക്ഷേത്രം റൂട്ടിൽ സർവീസ് നടത്താൻ 2 ബസ് വേണം. ശബരിമല തീർഥാടനം കഴിഞ്ഞ് ഇവിടെ പാർക്ക് ചെയ്തിട്ടുള്ള ബസുകൾ പത്തനംതിട്ട ഡിപ്പോയുടെ അല്ല, എല്ലാ മാസപൂജയ്ക്കും സർവീസ് നടത്തുന്നതിനായി ഇവിടെ ഏൽപിച്ചിട്ടുള്ള ബസുകൾ മാത്രമാണെന്നുമാണ് അവർ പറയുന്ന കാരണം. അഞ്ചൽ-മുണ്ടക്കയം ചെയിൻ സർവീസ് തുടങ്ങാൻ പത്തനംതിട്ട ഡിപ്പോയ്ക്ക് 7 ഓർഡിനറി ബസ് വേണം. അതിനുള്ള ബസ് ഇല്ല. പത്തനംതിട്ട-കൊല്ലം ചെയിൻ സർവീസ് കാര്യക്ഷമമാക്കാൻ 3 ബസ് കൂടി അധികമായി ഇടുമെന്നു പ്രഖ്യാപനം വന്നു. പക്ഷേ ബസ് ഇല്ലെന്നു പറഞ്ഞ് അതും നടപ്പായില്ല.