ശബരിമല ∙ സംസ്ഥാന ബജറ്റിൽ 30 കോടി രൂപ അനുവദിച്ചെങ്കിലും ലേഔട്ട് പ്ലാൻ (ശബരിമല മേഖലയിൽ നടപ്പാക്കുന്ന നിർമാണങ്ങളുടെ കൃത്യമായ രൂപരേഖയും വിശദ വിവരങ്ങളും) തയാറാക്കൽ വൈകുന്നതു ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനു തടസ്സമാകും. സുപ്രീംകോടതി നിർദേശ പ്രകാരം സർക്കാർ സഹായത്തോടെ ദേവസ്വം ബോർഡ് മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ട് 14 വർഷമായി. എന്നാൽ ഇതുവരെ ലേ ഔട്ട് പ്ലാൻ തയാറാക്കാൻ കഴിഞ്ഞിട്ടില്ല.
ദേവസ്വം ഭൂമിയും വനഭൂമിയും തമ്മിലുള്ള അതിർത്തിത്തർക്കമാണ് മാസ്റ്റർ പ്ലാൻ ലേഔട്ട് തയാറാക്കുന്നതിനു തടസ്സമായത്. ഇതുകാരണം ഏത് പദ്ധതി വന്നാലും വനം വകുപ്പ് എതിർക്കുമായിരുന്നു. ഹൈക്കോടതി ഇടപെട്ട് അഭിഭാഷക കമ്മിഷനെ നിയോഗിച്ചു സന്നിധാനത്തെ ദേവസ്വം ഭൂമി അളന്നു തിരിച്ചു ജണ്ട സ്ഥാപിച്ചു. അഭിഭാഷക കമ്മിഷന്റെ ആദ്യ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. ഇനി പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ഭൂമി അളന്നു തിരിച്ചു കോടതിക്കു റിപ്പോർട്ട് നൽകണം. അതിനു കാലതാമസമെടുക്കും.
മാസ്റ്റർ പ്ലാൻ ലേഔട്ട് തയാറാക്കാൻ തിരുവനന്തപുരം എൻജിനീയറിങ് കോളജിനെയാണു ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയത്. വസ്തുവിനെ ചൊല്ലിയുള്ള തർക്കം കാരണം അവർക്കു പ്ലാൻ ലേഔട്ട് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ശബരിമലയിൽ നടത്തുന്ന എല്ലാ വികസന പദ്ധതികളും മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ വേണമെന്നാണു സുപ്രീംകോടതി നിർദേശം. ലേഔട്ട് പ്ലാനിൽ ഉൾപ്പെടാത്ത പദ്ധതികൾക്ക് അംഗീകാരം നൽകാൻ ഉന്നതാധികാര സമിതിക്കും കഴിയില്ല. കേന്ദ്ര സർക്കാർ തീർഥാടക ടൂറിസം പദ്ധതിയിൽ അനുവദിച്ച 100 കോടി രൂപയിൽ 80 കോടിയും പാഴായത് ഇതേ കാരണത്താലാണ്.
നാണയമെണ്ണൽ ഇന്നു പുനരാരംഭിക്കും
ശബരിമല ∙ ദേവസ്വം ഭണ്ഡാരത്തിൽ കെട്ടിക്കിടക്കുന്ന നാണയങ്ങൾ ഇന്നു മുതൽ വീണ്ടും എണ്ണിത്തുടങ്ങും. ഇന്നലെ രാവിലെ മുതൽ ഇതിനായുള്ള ജീവനക്കാർ എത്തിത്തുടങ്ങി. ദേവസ്വം ബോർഡിന്റെ 19 ഗ്രൂപ്പുകളിൽ ഇതുവരെ ശബരിമല ഡ്യൂട്ടി നോക്കാത്ത 520 പേരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ദേവസ്വം ബോർഡിന്റെ ഫിനാൻസ് ഓഫിസർ ബി.എസ്.ശ്രീകുമാർ, ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ആർ.എസ്.ഉണ്ണിക്കൃഷ്ണൻ എന്നിവർ സ്പെഷൽ ഓഫിസർമാരായി 11 അസി. ദേവസ്വം കമ്മിഷണർമാരെ പണം എണ്ണുന്നതിനു നേതൃത്വം നൽകാൻ നിയോഗിച്ചിട്ടുണ്ട്. കുംഭമാസ പൂജയ്ക്കു ലഭിക്കുന്ന കാണിക്ക കൂടി എണ്ണിത്തീർന്ന ശേഷമേ ഇവർക്കു മടങ്ങാനാകൂ.കുംഭമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട 12ന് വൈകിട്ട് 5ന് തുറക്കും. 17വരെ പൂജകൾ ഉണ്ടാകും.