പെരുമ്പെട്ടി ∙ അൻപത്താറു വർഷത്തിനുശേഷം മേഖലയിൽ വീണ്ടും കരിമ്പുകൃഷി വിളവെടുപ്പ്. പ്രദേശത്തെ പാടശേഖരങ്ങളിൽ 1967ൽ നിലച്ച കൃഷിയാണ് 5 യുവാക്കളുടെ ശ്രമഫലമായി വീണ്ടും ആരംഭിച്ചത്. 2800 മൂടുകളാണിപ്പോൾ വിളവെത്തിയിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ തിരുവൻവണ്ടൂരിൽ എത്തിച്ച് നാടൻ ശർക്കര നിർമിക്കാനാണ് പദ്ധതി.ദേവസ്വം പാടത്തെ ഒരേക്കർ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിൽ പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്.
നീലക്കരിമ്പ്, സിലോൺ നാടൻ, മഞ്ഞക്കരിമ്പ്, ഒപ്പം പാരമ്പര്യയിനവുമാണ് ഇവിടെ നട്ടിരുന്നത്. തനി ജൈവ കൃഷിരീതിയാണ് അവലംബിച്ചത്. 8-10 മാസത്തിലെ വിളവിൽ കരിമ്പിൻ ജൂസ് ഉൽപാദനമായിരുന്നു പദ്ധതിയെങ്കിലും കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിച്ചശേഷം ഉദ്യമം ആരംഭിക്കാനാണ് യുവാക്കളുടെ ഇപ്പോഴത്തെ നീക്കം. തേനി, കണ്ണൂർ, മറയൂർ, എന്നിവിടങ്ങളിൽനിന്നാണ് കരിമ്പിൻ വിത്തുകൾ എത്തിച്ചത്. മലവെള്ളപ്പാച്ചിലിൽ 3 തവണ നാശം സംഭവിച്ചിട്ടും അതിനെ അതിജീവിച്ച് കരിമ്പുകൃഷിയിൽ വിജയം കൊയ്യുന്നതിന്റെ സന്തോഷത്തിലാണ് വ്യത്യസ്ത രംഗങ്ങളിൽ ജോലി ചെയ്യുന്ന അഞ്ചംഗസംഘം.