ഹിന്ദു സമൂഹത്തിലെ എല്ലാവർക്കും പൂജ ചെയ്യാൻ അവകാശമുണ്ട്: അക്കീരമൺ‍

 ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിൽ നടന്ന ഹിന്ദു നേതൃസമ്മേളനം യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി ഉദ്ഘാടനം ചെയ്യുന്നു.
ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിൽ നടന്ന ഹിന്ദു നേതൃസമ്മേളനം യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി ഉദ്ഘാടനം ചെയ്യുന്നു.
SHARE

അയിരൂർ ∙ ബ്രാഹ്മണന് മാത്രമല്ല ഹിന്ദു സമൂഹത്തിലെ എല്ലാവർക്കും പൂജ ചെയ്യാൻ അവകാശമുണ്ടെന്നും അത് നമ്മൾ ഒന്നാണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണന്നും യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ‍ കാളിദാസ ഭട്ടതിരി. ‍ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിൽ ഉച്ചയ്ക്ക് നടന്ന ഹിന്ദു നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകമേ തറവാട് എന്ന ആശയത്തിന് മുൻപിൽ വയ്ക്കാനുളള മറ്റൊരു ആശയവും നിലവിലില്ല. ഈ സംസ്‌കാരം ഹിന്ദുവിന് മാത്രം അവകാശപ്പെട്ടതാണ്.

  ചെറുകോൽപുഴ വിദ്യാധിരാജ നഗറിൽ ആരംഭിച്ച 111-ാമത് ഹിന്ദുമത പരിഷത്തിന്റെ രണ്ടാം ദിവസം രാവിലെ നടന്ന ധർ‍‍മാചാര്യ സഭ സ്വാമി അധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു.
ചെറുകോൽപുഴ വിദ്യാധിരാജ നഗറിൽ ആരംഭിച്ച 111-ാമത് ഹിന്ദുമത പരിഷത്തിന്റെ രണ്ടാം ദിവസം രാവിലെ നടന്ന ധർ‍‍മാചാര്യ സഭ സ്വാമി അധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു.

പല സംസ്‌കാരങ്ങളും നശിച്ചിട്ടും ഹൈന്ദവ സംസ്‌കാരം നിലനിൽക്കുന്നതിന്റെ കാരണവും ഇതാണ്. ഭക്ഷണത്തിന്റെ പേരിൽ പോലും വിഭാഗീയത സൃഷ്ടിച്ചവരോട് ദൈവം പൊറുക്കട്ടെ. ബ്രിട്ടീഷുകാരെക്കാൾ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ഇപ്പോഴത്തെ ഭരണകൂടം ശ്രമിക്കുന്നത്. വിഴിഞ്ഞം സമരത്തിലെ കേസുകൾ പിൻവലിക്കപ്പെട്ടപ്പോൾ ശബരിമലയിൽ നാമജപം നടത്തിയവർക്കെതിരെ ചുമത്തിയ കേസുകളിൽ ഹൈന്ദവ സമൂഹം ശിക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുന്നുവെന്നും സാംസ്‌കാരിക നായകർ പോലും വഴിതെറ്റിപ്പോകുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

നാം അനുഭവിക്കുന്ന സാമൂഹിക സമത്വം നേടിത്തന്നത് സർക്കാരുകളല്ല, ധർമാചാര്യന്മരാണെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ കുമ്മനം രാജശേഖരൻ പറഞ്ഞു. ആചാര്യന്മാരാണ് സമൂഹത്തിലെ വിദ്വേഷവും വെറുപ്പും ഇല്ലാതാക്കിയത്. അയിത്തവും അനാചാരവും വഴിമാറിയപ്പോൾ മദ്യവും ലഹരി പദാർഥങ്ങളുമായി നമ്മൾ നേരിടുന്ന പ്രശ്‌നം. യുവസമൂഹം ലഹരിയിൽപെട്ടുളള പോക്ക് എവിടേക്ക് എന്നറിയില്ല. അധ്യാപകർ പോലും അക്രമിക്കപ്പെടുന്നു. ധൂർത്തും ആഡംബരവും സമൂഹത്തെ ഇരുട്ടിലേക്ക് തളളിവിടുന്നു. കേരളത്തിന്റെ മണ്ണ് നിരപരാധികളായ സ്ത്രീകളുടെ കണ്ണുനീർ വീണു കുതിരുകയാണ്. ശബരിമല വിഷയത്തിൽ സർക്കാർ കാണിക്കുന്നത് ഇരട്ടത്താപ്പാണന്ന് ആർക്കാണ് അറിയാത്തതെന്നും കുമ്മനം പറഞ്ഞു.

എസ്എൻഡിപി പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അധ്യക്ഷത വഹിച്ചു. അഖില കേരള വിശ്വകർമ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.മുരളീധരൻ, കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ.നീലകണ്ഠൻ, ചാക്കമാർ മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.എൻ.രഘുനാഥ്, ഹിന്ദുമതമഹാ മണ്ഡലം ഭാരവാഹികളായ പി.ആർ.ഷാജി, ടി.വി.പുരുഷോത്തമൻ നായർ എന്നിവർ പ്രസംഗിച്ചു.

‘ലോക ജനതയുടെ ഗുരുപദവി ഭാരതം അലങ്കരിക്കപ്പെടുന്നു’

ലോക ജനതയുടെ ഗുരുപദവി ഭാരതം അലങ്കരിക്കപ്പെടുന്നുവെന്ന് സംബോധ് ഫൗണ്ടേഷൻ കേരള പ്രതിനിധി സ്വാമി അധ്യാത്മാനന്ദ സരസ്വതി. ചെറുകോൽപുഴ ഹിന്ദുമത കൺവൻഷന്റെ ഭാഗമായി നടന്ന ധർമാചാര്യസഭയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മയാണ് മാനവരാശിക്ക് ആവശ്യം. സങ്കുചിത വാദങ്ങൾ മാനവരാശിക്ക് അപകടമാണന്ന തിരിച്ചറിവ് ഉണ്ടാകണം. പരസ്പര ആദരവ് സമൂഹത്തിൽ നിലനിൽക്കണം. ആശയങ്ങൾക്ക് കൈകാലുകളില്ല. അത് നമ്മളാണ് നൽകേണ്ടത്. അവനവന്റെ ചെയ്തികളെ പരിശോധിക്കാനുളള മനസ്സുണ്ടാകണം. ആചാരങ്ങൾ ഉള്ളിടത്തേ ധർമം സംഭവിക്കുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു.

മത വ്യവസ്ഥയെ ഗൗരവമായി കാണാൻ നമുക്ക് കഴിയണമെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മാർഗദർശക മണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ അഭിപ്രായപ്പെട്ടു. ഹിന്ദുമതത്തിനോളം വൈവിധ്യമുളള ഒരു മതവും ലോകത്തില്ല. വ്യത്യസ്തമായ ജാതി സമ്പ്രദായങ്ങൾ നമുക്ക് ഉണ്ടെങ്കിലും ഇതിലൊന്നും ഭിന്നതയുടെ സ്വരമില്ല. സമൂഹത്തിൽ സ്പർദ്ധയുടെ വിത്ത് പാകിയത് ഭരണകൂടങ്ങളാണ്. ജാതിയല്ല ജാതികളിലെ ഉച്ച നീചത്വങ്ങളാണ് ഇല്ലാണ്ടാകേണ്ടതെന്നും സ്വാമി പറഞ്ഞു.

എല്ലാവർക്കും വേണ്ടി ഭരിക്കേണ്ടവരാണ് ഭരണാധികാരികൾ എന്ന് സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ ദയാനന്ദാശ്രമം മഠാധിപതി കൃഷ്ണാത്മാനന്ദ സരസ്വതി പറഞ്ഞു. മതനിരപേക്ഷത ഇന്നത്തെ ഭരണാധികാരികൾക്കില്ല. ഇത് ഹിന്ദുക്കളിൽ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നു. പുതു തലമുറ കേരളത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് മൂലം ഗൃഹങ്ങൾ വൃദ്ധസദനങ്ങളായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല അമൃതാനന്ദമയി മഠം പ്രതിനിധി സ്വാമിനി ഭവ്യാമൃത ചൈതന്യ, എൻ.ജി.ഉണ്ണിക്കൃഷ്ണൻ, ഡോ.സന്തോഷ് ബി.കുറുപ്പ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS