മണ്ണാർക്കാട് ∙ തടി പിടിക്കാനെത്തിയ പിടിയാന ഇടഞ്ഞ് ഓടി. റോഡിലൂടെ 12 കിലോമീറ്റർ ഓടിയ ആനയെ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് പരിസരത്തു തളച്ചു. നാശനഷ്ടങ്ങളില്ല.ഇന്നലെ രണ്ടു മണിയോടെയാണ് കൊണ്ടോട്ടി സ്വദേശിയുടെ മിനി എന്ന ആന മൈലാംപാടം കാരാപ്പാടത്തു നിന്നു പിണങ്ങിയോടിയത്. ആനയ്ക്കൊപ്പം പാപ്പാൻമാരും നാട്ടുകാരും ഓടി. ഇടഞ്ഞ ആന വരുന്നുണ്ടെന്ന് അറിഞ്ഞതോടെ ജനം പരിഭ്രാന്തരായി.
ആന പോയ ഭാഗങ്ങളിലെ വിദ്യാലയങ്ങളിലേക്കെല്ലാം വിവരം അറിയിച്ചു. കാരാപ്പാടത്തു നിന്നു മൈലാംപാടം - നെച്ചുള്ളി- പള്ളിക്കുന്ന്- കല്യാണക്കാപ്പ് വഴി ആന കുമരംപുത്തൂർ ചുങ്കത്തു ദേശീയ പാതയിൽ കയറി. തുടർന്നു മണ്ണാർക്കാട് ഭാഗത്തേക്കു തിരിഞ്ഞു. എംഇഎസ് കോളജ് പരിസരത്ത് എത്തിയപ്പോൾ ആനയുടെ ദേഹത്തു വെള്ളം ഒഴിച്ചതോടെ അൽപം ശാന്തമായി. തുടർന്നു തളയ്ക്കുകയായിരുന്നു.
അൽപ നേരം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മണ്ണാർക്കാട് പൊലീസ് ഇൻസ്പെക്ടർ ബോബൻ മാത്യുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.സ്കൂൾ വിട്ടെത്തിയ വിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിനു പേരാണു സംഭവമറിഞ്ഞു തടിച്ചു കൂടിയത്. ഇവരെ മാറ്റിയ ശേഷമാണ് ആനയെ കൊണ്ടു പോയത്. ഒരാഴ്ച മുൻപാണ് ആനയെ മൈലാംപാടത്ത് എത്തിച്ചത്. ഇടഞ്ഞ ആനയുടെ ദേഹത്തു വെള്ളം ഒഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ അഗ്നിരക്ഷാ സേന തയാറായില്ലെന്നു നാട്ടുകാർ ആരോപിച്ചു. എന്നാൽ ഓടിക്കൊണ്ടിരിക്കെ വെള്ളം പമ്പ് ചെയ്യാൻ കഴിയുന്ന വാഹനം സേനയ്ക്കില്ലെന്ന് അഗ്നിരക്ഷാ സേന പറഞ്ഞു.