കിടങ്ങന്നൂർ ∙ പ്രദേശത്ത് പന്നിശല്യം രൂക്ഷമാകുന്നു, കർഷകർ പ്രയാസത്തിൽ. കിടങ്ങന്നൂർ ആമക്കോട്ട്, നെടിയകാലായിൽ, കോഴിമല, മൂത്തേരിപടി, പുളിയേരിപടി, കോങ്കുളഞ്ഞി, തെക്കേൽ, കോതമങ്കലം, കാക്കനാട്ട് എന്നീ ഭാഗങ്ങളിലും മെഴുവേലി മലങ്കാവ് പള്ളി ഭാഗം, എരിഞ്ഞനാകുന്ന്, കാവുംപടി, കാവുങ്കൽ, കൊല്ലന്റേത്തുപടി, കല്ലൂർക്കാട്ട്, പയിനിക്കുന്നതിൽ, പാറപ്പുറം, കക്കുളഞ്ഞി, പന്നിക്കുഴി ഭാഗങ്ങളിലാണ് പന്നിശല്യം വർധിച്ചിരിക്കുന്നത്.
മരച്ചീനി, വാഴ, തെങ്ങ്, കമുക് തൈകൾ, വിവിധയിനം പച്ചക്കറി കൃഷികൾ എന്നിവയെല്ലാം പന്നിക്കൂട്ടം നശിപ്പിക്കുന്നതു കാരണം കർഷകർ കൃഷി പൂർണമായും ഉപേക്ഷിക്കുന്ന സ്ഥിതിയാണ് ഉള്ളത്. അടുത്തിടെ നിരവധി കർഷകരുടെ കൃഷികളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. നെടിയകാലായിൽ എം.ടി.സ്കറിയ, അമ്മിണി ചെറിയാൻ, സന്തോഷ് മുണ്ടകത്തിൽ, ബാബു തോമസ് പീടികയിൽ, പ്രസന്നൻ പാറക്കാട്ടേത്ത്, റെജി നെടിയകാലായിൽ, വർഗീസ് മാമ്മൻ പെനിയേൽ, ഐസക് പ്ലാംകാലായിൽ, പി.സി.വർഗീസ്, പൊന്നമ്മ സ്കറിയ നെടിയകാലായിൽ, എലിസബത്ത് തുണ്ടിയിൽ തുടങ്ങി നിരവധി പേരുടെ കൃഷിയിടങ്ങളിൽ പന്നിശല്യം രൂക്ഷമാണ്.
പ്രദേശത്ത് പല ഭാഗത്തും റബർ തോട്ടങ്ങൾ കാടുകയറി കിടക്കുന്നതാണ് പന്നികൾക്ക് താവളം ഒരുക്കുന്നത്. റബറിന് വില ഇടിയുകയും വെട്ടാൻ പണിക്കാരെ കിട്ടാതെ വരികയും ചെയ്തതോടെ നിരവധി തോട്ടങ്ങളാണ് ഇങ്ങനെ കിടക്കുന്നത്. ഇതു കൂടാതെ പല വീടുകളും താമസം ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്നതും ഇവയ്ക്ക് സഹായമാകുന്നു. ഇവിടങ്ങളിലെ തുറന്നു കിടക്കുന്ന ഷെഡുകളിലും കാലിത്തൊഴുത്തുകളിലും ഇവ തമ്പടിക്കുന്നു. രാത്രിയാകുന്നതോടെ കൂട്ടമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങി നാശം വരുത്തുകയാണ് ചെയ്യുന്നത്. ഇവയെ നിയന്ത്രിക്കാൻ അധികാരികൾ ആരും ശ്രമിക്കാത്തതിൽ നാട്ടുകാർ കടുത്ത അമർഷത്തിലാണ്.