പന്തളം ∙ ബാങ്ക് ജീവനക്കാരൻ പണയസ്വർണം മറ്റ് സ്വകാര്യ ബാങ്കുകളിൽ പണയപ്പെടുത്തി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ പന്തളം സഹകരണ ബാങ്കിനു മുന്നിൽ ബിജെപി നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിയത്. ബിജെപി നേതാക്കളടക്കം 8 പേർക്കു പരുക്ക്. സമര പന്തൽ പൊലീസ് പിന്നീട് പൊളിച്ചു നീക്കി.

ക്രമക്കേട് ആരോപണത്തെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ബാങ്കിനു മുന്നിൽ ബിജെപി രാപകൽ സമരം തുടങ്ങിയത്. ഇന്നലെ രാവിലെ ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും പൊലീസ് സംരക്ഷണയിൽ ബാങ്കിലെത്തി. ജീവനക്കാരെ അകത്തേക്ക് കടത്തി വിട്ട ശേഷം പൊലീസ് നിലയുറപ്പിച്ചു. ഇതിനിടെ മറ്റൊരു ഡയറക്ടർ ബോർഡ് അംഗം ബാങ്കിലേക്കെത്തിയപ്പോൾ പ്രതിഷേധക്കാർ തടഞ്ഞു. ചില ഡിവൈഎഫ്ഐ പ്രവർത്തകരും ഈ സമയം ബാങ്കിനു മുന്നിലേക്കെത്തി. ഇവരും ബിജെപി പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി. പൊലീസ് തടയാൻ ശ്രമിക്കുന്നതിനിടെ സംഘർഷം തുടങ്ങി. സമരക്കാർ എത്തിച്ച കസേരകൾ പരസ്പരം വലിച്ചെറിഞ്ഞു.
Also read: ആന ഇടഞ്ഞ് ഓടിയത് റോഡിലൂടെ 12 കിലോമീറ്റർ; ഒപ്പം പാപ്പാൻമാരും നാട്ടുകാരും ഓടി
ഉന്തും തള്ളിനുമിടയിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗം കൊട്ടേത്ത് ശ്രീപ്രദീപിന് ഉൾപ്പെടെ പരുക്കേറ്റു. തുടർന്ന് പൊലീസ് ലാത്തി വീശി. ബിജെപി പ്രവർത്തകർ വീണ്ടും ബാങ്കിനു മുന്നിലെത്തി പ്രതിഷേധം തുടർന്നു. പൊലീസുമായി തുടർന്നും വാക്കേറ്റവുമുണ്ടായി.ബാങ്കിൽ പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് റജിസ്ട്രാർ ഓഫിസിലെ വനിതാ ജീവനക്കാരും ബഹളത്തിനിടയിൽ പൊലീസിന്റെ സഹായത്തോടെയാണ് ബാങ്കിലേക്ക് കയറിയത്.
തുടർന്ന് പൊലീസ് സംഘം ബിജെപി നേതാക്കളായ കൊട്ടേത്ത് ശ്രീപ്രദീപ്, ശ്യാം തട്ടയിൽ, ജി.ഗിരീഷ് കുമാർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. ഇവരെ കയറ്റിയ പൊലീസ് ജീപ്പിനു മുന്നിൽ കിടന്നും നേതാക്കൾ മുദ്രാവാക്യം വിളിച്ചു. സംഘർഷത്തിനു കാരണക്കാരായ ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നും ബാങ്ക് ക്രമക്കേടിനു കാരണക്കാരായവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട്‍ പൊലീസ് സ്റ്റേഷനു മുൻപിൽ നേതാക്കൾ മണിക്കൂറുകളോളം കുത്തിയിരുന്നു.
സ്റ്റേഷനിൽ പൊലീസുമായുണ്ടായ ഉന്തും തള്ളിനുമിടയിൽ നേതാക്കളെ പൊലീസ് കയ്യേറ്റം ചെയ്തെന്ന് ബിജെപി ആരോപിച്ചു. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, ജനറൽ സെക്രട്ടറി കെ.ബിനുമോൻ, നഗരസഭാ അധ്യക്ഷ സുശീല സന്തോഷ് അടക്കമുള്ളവർ സ്റ്റേഷനിലെത്തി. യുഡിഎഫ് പ്രതിഷേധത്തിനു നേതാക്കളായ കെ.എസ്.ശിവകുമാർ, കെ.ആർ.രവി, എ.ഷാജഹാൻ, എം.ജി.കണ്ണൻ എന്നിവർ നേതൃത്വം നൽകി. എസ്ഡിപിഐ നഗരസഭാ കമ്മിറ്റി നടത്തിയ പ്രതിഷേധത്തിനു പ്രസിഡന്റ് ഷംസ് കടയ്ക്കാട്, സെക്രട്ടറി അൻസാരി മുട്ടാർ തുടങ്ങിയവർ നേതൃത്വം നൽകി.
പണയ സ്വർണം ബാങ്കിലുണ്ടെന്ന് ഉറപ്പുവരുത്തി: ബാങ്ക് പ്രസിഡന്റ്
ബാങ്കിൽ സ്വർണം പണയം വച്ചിട്ടുള്ളവർ ബാങ്കിലെത്തിയെന്നും അവരുടെ സ്വർണം ലോക്കറിലുണ്ടെന്ന് ഉറപ്പ് വരുത്തിയെന്നും ബാങ്ക് പ്രസിഡന്റ് ഇ.ഫസിൽ പറഞ്ഞു. ക്രമക്കേട് നടന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഏത് ആരോപണങ്ങളും പരിശോധിക്കാൻ തയാറാണ്. ജീവനക്കാരൻ സ്വർണം എടുക്കുന്ന സിസിടിവി ദൃശ്യമുണ്ടെന്ന ആരോപണം തെറ്റാണ്.
സിസിടിവി പ്രവർത്തനരഹിതമായിരുന്നു. കഴിഞ്ഞ ദിവസം അത് നന്നാക്കുകയും ചെയ്തു. രാത്രി ജീവനക്കാരെ വിളിച്ചു വരുത്തിയിട്ടില്ല. ബാങ്കിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും പ്രസിഡന്റ് ആരോപിച്ചു.