അങ്കമാലി–എരുമേലി ശബരി റെയിൽ: അനുവദിച്ചത് 100 കോടി രൂപ; നഷ്ടപരിഹാരം മാർക്കറ്റ് വിലയുടെ ഇരട്ടി തുക ഉറപ്പാക്കും, പുതുജീവൻ

HIGHLIGHTS
  • ശബരിപാത പുനലൂർ, തിരുവനന്തപുരംവഴി നീട്ടേണ്ടതിന്റെ ആവശ്യകത ജനപ്രതിനിധികളും സംഘടനാ നേതാക്കളും പങ്കുവയ്ക്കുന്നു
Pathanamthitta News
SHARE

പത്തനംതിട്ട ∙ 100 കോടി രൂപ അനുവദിച്ചതോടെ അങ്കമാലി–എരുമേലി ശബരി റെയിൽ പാതയ്ക്കു പുതുജീവൻ കിട്ടിയിരിക്കുകയാണ്. പദ്ധതിയുടെ രണ്ടാംഘട്ടമായ എരുമേലി–പുനലൂർ–തിരുവനന്തപുരം പാത എന്നു നടപ്പാകുമെന്ന കാത്തിരിപ്പിലാണു പത്തനംതിട്ട ജില്ലക്കാർ. പാത യാഥാർഥ്യമായാൽ റെയിൽവേ കടന്നുചെന്നിട്ടില്ലാത്ത റാന്നി, പത്തനംതിട്ട, കോന്നി, കൂടൽ പ്രദേശങ്ങളിൽ റെയിൽവേ എത്തും. കുറഞ്ഞ നിരക്കിൽ രാജ്യമെങ്ങും യാത്ര ചെയ്യാമെന്നതിനോടൊപ്പം കുറഞ്ഞ ചെലവിൽ ചരക്കുനീക്കവും സാധ്യമാകും.

ട്രെയിൻ കയറാനായി ചെങ്ങന്നൂരും കായംകുളത്തും തിരുവല്ലയിലും പുനലൂരും പോകുന്നതു പഴയ കഥയാകും. സ്റ്റേഷൻ വരുന്ന പ്രദേശങ്ങൾ വികസിക്കും. ഒട്ടേറെപ്പേർക്കു തൊഴിലും ലഭിക്കും. അങ്കമാലിയിൽ മുൻപു ഭൂമിയേറ്റെടുത്തതു പഴയ ഭൂനിയമം അനുസരിച്ചായിരുന്നു. എന്നാൽ 2013ലെ പുതിയ ഭൂമിയേറ്റെടുക്കൽ ചട്ടമായിരിക്കും ഇനി പദ്ധതിക്കു ബാധമാകുക. ഇതു ഭൂഉടമകൾക്കു നഷ്ടപരിഹാരമായി മാർക്കറ്റ് വിലയുടെ ഇരട്ടി തുക ഉറപ്പാക്കും. ശബരി പാത പുനലൂർ, തിരുവനന്തപുരം വഴി നീട്ടേണ്ടതിന്റെ ആവശ്യകത ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും പങ്കുവയ്ക്കുന്നു

പുതുക്കിയ എസ്റ്റിമേറ്റ് വേഗം ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തും

ശബരിപാത പുനലൂർവഴി തിരുവനന്തപുരത്തേക്കു നീട്ടണമെന്ന ആവശ്യം മുൻപുതന്നെ പാർലമെന്റിൽ ഉന്നയിക്കുകയും സർവേ പൂർത്തിയാക്കുകയും ചെയ്തതാണ്. ശബരിപാത എരുമേലിയിൽ അവസാനിപ്പിക്കാതെ റാന്നി, പത്തനംതിട്ടവഴി പുനലൂരിലേക്കും അവിടെനിന്നു തിരുവനന്തപുരത്തേക്കും നീട്ടിയാൽ മാത്രമേ വർഷം മുഴുവനും യാത്രക്കാരെ ലഭിക്കൂ. തിരുവനന്തപുരത്തും പുനലൂരും നിലവിലുള്ള റെയിൽവേ പാതകളിൽ ശബരിപാത ബന്ധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ ഏതുകോണിലേക്കും കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ മലയോര മേഖലകളിൽ നിന്നുള്ളവർക്കു നേരിട്ടു യാത്ര ചെയ്യാൻ കഴിയും. പാത യാഥാർഥ്യമായാൽ അങ്കമാലിയിൽനിന്നു തിരുവനന്തപുരത്തേക്കു കേരളത്തിനു മൂന്നാം റെയിൽപാത ലഭിക്കും. പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം വേഗത്തിൽ ലഭ്യമാക്കാൻ കേരളത്തിൽനിന്നുള്ള എംപിമാരെല്ലാം ഒറ്റക്കെട്ടായി കേന്ദ്രത്തിൽ സമർദം ചെലുത്തും.

ആന്റോ ആന്റണി എംപി

റാന്നിയിലെ പൊതുഗതാഗത സംവിധാനം രാത്രിയിലും സജീവമാകും

ശബരി റെയിൽപാത റാന്നിയുടെ പുത്തൻ വികസന പ്രതീക്ഷകൾക്ക് വഴിതുറക്കും. വികസനക്കുതിപ്പിൽ നാട് മുന്നേറും. എരുമേലിയിൽ നിർത്താതെ പുനലൂർവരെ പാത നിർമിച്ച് കൊല്ലം–ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കണം. മറ്റു ഭാഗത്ത് തീരദേശ റോഡും എംസി റോഡും റെയിൽ പാതകളുമുണ്ട്. എന്നാൽ റാന്നിയിലെ പൊതുഗതാഗത സംവിധാനം രാത്രിയിൽ നിലയ്ക്കുന്ന സ്ഥിതിയാണ്. ഇതിന് മാറ്റം കാണാൻ പാത ഉപകരിക്കും. രാത്രി യാത്രയ്ക്കും പുറംനാടുകളുമായി വേഗം ബന്ധപ്പെടാനും പാത നേട്ടമാകും. പാതയുടെ നിർമാണത്തിനു കൂടുതൽ തുക അനുവദിക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും കേന്ദ്ര സർക്കാർ‌ ഇഛാശക്തി കാട്ടണം.


പ്രമോദ് നാരായൺ എംഎൽഎ

കേരളത്തിലെ എംപിമാർ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണം

2019ൽ കേന്ദ്രം മരവിപ്പിച്ച ശബരി റെയിൽ പദ്ധതി സംസ്ഥാന സർക്കാരിന്റെ ഇടപെടൽ മൂലമാണ് വീണ്ടും സജീവമായത്. ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കാമെന്ന ധാരണാപത്രം ഒപ്പിടുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 2000 കോടി രൂപ കഴിഞ്ഞ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. നിർദിഷ്ട ശബരി റെയിൽപാത എരുമേലിയിൽ അവസാനിപ്പിക്കാതെ ആദ്യഘട്ടംതന്നെ പുനലൂർവരെ നീട്ടാനുള്ള തീരുമാനം റെയിൽവേ ബോർഡിന്റെ ഭാഗത്തുനിന്നുണ്ടാകണം. ഇതിനുവേണ്ടി കേരളത്തിലെ എംപിമാർ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണം. പാത പുനലൂരുമായി ബന്ധിപ്പിക്കുന്നത് തമിഴ്നാടുമായുള്ള ബന്ധം സുഗമമാക്കും. ഭാവിയിൽ പുനലൂരിൽനിന്ന് നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കു നീട്ടാനും കഴിയും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ജനങ്ങൾക്കു പാത പ്രയോജനം ചെയ്യും. പ്രാദേശിക വികസനത്തിനും പദ്ധതി വഴിതെളിക്കും.

കെ.യു.ജനീഷ് കുമാർ എംഎൽഎ

പ്രത്യേക സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിക്കണം

കാലടി മുതൽ എരുമേലിവരെ അടിയന്തരമായി പാത നിർമാണം നടത്തണം. എരുമേലി–പുനലൂർ രണ്ടാംഘട്ടവും സർക്കാർ ഏറ്റെടുക്കണം. ശബരി റെയിൽവേക്ക് സ്ഥലം എടുക്കാനും നിർമാണം വേഗത്തിലാക്കാനും പ്രത്യേക സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിക്കണം. സംസ്ഥാനത്തു നടപ്പാക്കുന്ന പദ്ധതികൾക്കെല്ലാം സ്ഥലം ഏറ്റെടുക്കൽ വൈകുന്നതാണ് തടസ്സം. കേരളത്തിന്റെ സ്വപ്ന പദ്ധതിയായി ശബരിപാതയെ സർക്കാർ കാണണം.

കെ.പി.തോമസ് (ശബരി റെയിൽവേ ഇംപ്ലിമേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി)

ജില്ലാ ആസ്ഥാനമെന്ന നിലയിൽ പത്തനംതിട്ടയ്ക്കും നേട്ടമാകും

പത്തനംതിട്ട നഗരത്തിന്റെ ഏറ്റവും വലിയ പരിമിതി റോഡ്, റെയിൽ കണക്ടിവിറ്റി ഇല്ലെന്നതു തന്നെയാണ്. ജില്ലാ ആസ്ഥാനമെന്ന നിലയിൽ ആളുകൾ വന്നുപോകുന്നതല്ലാതെ ഇവിടെ ഒരു ഫ്ലോട്ടിങ് പോപ്പുലേഷൻ ഇല്ല. നഗരത്തിനു പുറത്തുകൂടി റെയിൽപാത വന്നുകഴിഞ്ഞാൽ ആ സ്ഥലങ്ങൾ വികസിക്കുന്നതോടൊപ്പം നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളും കൂടും. ശബരിമല തീർഥാടകർ എത്തുന്ന ജില്ലയെന്ന നിലയിൽ റെയിൽവേയ്ക്കു ജില്ലയുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കാൻ കഴിയും.

ടി.സക്കീർ ഹുസൈൻ (നഗരസഭാ ചെയർമാൻ, പത്തനംതിട്ട)

മലയോര മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമാകും

ശബരി പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇതുവരെയെത്തിയതിൽ സന്തോഷമുണ്ട്. എരുമേലി വരെയുള്ള പാത റാന്നി, കോന്നി, പുനലൂർ, നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്ക് നീട്ടണം. പദ്ധതിക്കായി മുൻപ് കോന്നി, വകയാർ, മുറിഞ്ഞകൽ, കൂടൽവഴി സർവേ നടത്തി കല്ലും സ്ഥാപിച്ചിരുന്നു. പദ്ധതി യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി ഏതാനും വർഷം മുൻപ് കോന്നിയിൽ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു പ്രവർത്തിച്ചിരുന്നു. മലയോര മേഖല ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ യാത്രാക്ലേശത്തിനു പരിഹാരമാകും.

ശ്യാംലാൽ (ശബരി ആക്‌ഷൻ കൗൺസിൽ സെക്രട്ടറി)

പ്രവാസികള്‍ക്കും ഗുണകരം

പത്തനംതിട്ടയ്ക്കു റെയിൽവേ സൗകര്യം വേണമെന്നതു 2005 മുതൽ പൗരസമിതി ആവശ്യപ്പെടുന്നതാണ്. അന്നും ഇന്നും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെയാണു പത്തനംതിട്ടക്കാർ ആശ്രയിക്കുന്നത്. അസമയത്ത് ചെങ്ങന്നൂരിൽ ഇറങ്ങി ടാക്സി വിളിച്ചു പത്തനംതിട്ടയിൽ പോകേണ്ടി വന്നിട്ടുണ്ട്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിച്ചത് അറുപതുകളിൽ ജില്ലയിൽനിന്നു പുറംനാടുകളിൽ ജോലിക്കു പോയവരാണ്. ബോംബെയിലും ഡൽഹിയിലും മധ്യപ്രദേശിലും ജോലി തേടിപ്പോയ നഴ്സുമാരും ടെക്നീഷ്യൻമാരും ഒട്ടേറെയുണ്ടായിരുന്നു. കൂടുതൽ പ്രവാസികളുള്ള ജില്ലയെന്ന നിലയിൽ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും അത്യാവശ്യം വേണ്ടതു പത്തനംതിട്ടയ്ക്കാണ്. എരുമേലി വിമാനത്താവളത്തോടൊപ്പം ശബരിപാത പുനലൂരിലേക്കു നീട്ടുന്നതോടെ ഈ ആവശ്യം നടപ്പാകും

പി.രാമചന്ദ്രൻ നായർ ( പ്രസിഡന്റ്, പത്തനംതിട്ട പൗരസമിതി)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS