ADVERTISEMENT

പന്തളം ∙ സഹകരണ ബാങ്കിൽ നിന്നു സ്വർണം കടത്തിയത് ജീവനക്കാരനാണെന്ന തരത്തിൽ സിപിഎം ഏരിയ സെക്രട്ടറി ആർ.ജ്യോതികുമാർ നടത്തിയ ഫോൺ സംഭാഷണം പുറത്ത്. പന്തളം സഹകരണ ബാങ്കിലെ 70 പവൻ പണയസ്വർണം ബാങ്കിലെ തന്നെ ജീവനക്കാരൻ മറ്റ് ബാങ്കുകളിൽ പണയം വച്ചു തട്ടിപ്പ് നടത്തിയെന്ന വിവാദം നിലനിൽക്കെയാണ് ഏരിയ സെക്രട്ടറിയുടെ സംഭാഷണം പുറത്തുവന്നത്.

സിസിടിവി ശ്രദ്ധിച്ചപ്പോഴാണ് സ്വർണം അവിടെ നിന്നു എടുത്തിട്ടുണ്ടെന്ന് അറിഞ്ഞതെന്നും തിരിച്ചു കൊണ്ടുവയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംഭാഷണത്തിലുണ്ട്. മോഷണം പോയതിൽ പണമോ മറ്റ് പണയപ്പണ്ടമോ കാണുമെന്നുള്ള നിലപാട് ശക്തമായി ഉന്നയിച്ചിരുന്നെന്നും അദ്ദേഹം പറയുന്നുണ്ട്.

Also read: ശസ്ത്രക്രിയ മാറ്റിവച്ചത് 4 തവണ; ഇനിയും വൈകിപ്പിക്കരുതേ, ഇതൊരു കുരുന്ന് ജീവനാണ്

തുടർന്ന് ജീവനക്കാരന്റെ വീട്ടുകാർ അവ തിരികെ ബാങ്കിലെത്തിച്ചു. സംഭാഷണത്തിനിടെ ഇതൊരു ക്രിമിനൽ കുറ്റമാണെന്നു സമ്മതിക്കുന്ന ജ്യോതികുമാർ, ആരോപണവിധേയനായ ജീവനക്കാരനെ അവിടെ ജോലിയിൽ തുടരാനനുവദിക്കാനാവില്ലെന്നും നടപടി സ്വാഭാവികമാണെന്നും പറയുന്നുണ്ട്. 

സിപിഎം മുൻ ഏരിയ സെക്രട്ടറിയുടെ മകനാണ് ആരോപണവിധേയനായ ജീവനക്കാരൻ. അതേസമയം, ബാങ്കിൽനിന്നു സ്വർണം മോഷണം പോയിട്ടില്ലെന്നും നിക്ഷേപകരെത്തി അവരുടെ സ്വർണം ബാങ്കിലുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നുമാണ് സിപിഎം മുൻ ഏരിയ സെക്രട്ടറികൂടിയായ ബാങ്ക് പ്രസിഡന്റ് ഇ.ഫസിൽ തിങ്കളാഴ്ച പറഞ്ഞത്. അദ്ദേഹം ഈ നിലപാട് ഇന്നലെയും ആവർത്തിച്ചു. ബാങ്കിലെ കാര്യങ്ങൾ തിരക്കിനിടയിൽ അറിയാതെയാണ് ഏരിയ സെക്രട്ടറി ആദ്യം അത്തരത്തിൽ സംസാരിച്ചതെന്നാണ് മനസ്സിലാക്കുന്നതെന്നും ഫസിൽ പറഞ്ഞു. തട്ടിപ്പ് നടന്നെന്ന ആരോപണം ഞായറാഴ്ച ഉച്ചയോടെയാണ് പുറത്ത് വന്നത്. 

തൊട്ടുപിന്നാലെ കോൺഗ്രസും ബിജെപിയും ബാങ്കിനു മുൻപിൽ പ്രതിഷേധിക്കുകയും ചെയ്തു. ബിജെപി നടത്തിയ രാപകൽ സമരത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിയതാണ് തിങ്കളാഴ്ച ബാങ്കിനു മുൻപിൽ സംഘർഷത്തിനു കാരണമായത്. ആരോപണവിധേയനായ ജീവനക്കാരൻ ബാങ്കിൽ പ്യൂൺ ജോലിയിൽ പ്രവേശിച്ചിട്ട് ഒരു വർഷത്തോളമായി. പരാതി ഉയർന്നതോടെ ഇപ്പോൾ അവധിയിലുമാണ്.

യുഡിഎഫ് പൊലീസിൽ പരാതി നൽകി

പന്തളം ∙ സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ചു അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പൊലീസിൽ പരാതി നൽകി. പണയ സ്വർണത്തിൽ തട്ടിപ്പ് നടന്നതായി വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചിട്ടും ഭരണസമിതി പരാതി നൽകാത്തത് അവർക്ക് താൽപര്യമുള്ള ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുള്ളതുകൊണ്ടാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ തെളിവുകൾ ലഭ്യമാണ്. വൈകാതെ ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങണമെന്ന് യുഡിഎഫ് ചെയർമാൻ എ. നൗഷാദ് റാവുത്തർ എസ്എച്ച്ഒ എസ് .ശ്രീകുമാറിനു നൽകിയ പരാതിയിൽ പറയുന്നു.

ശക്തമായ നടപടി ഉണ്ടാകും: സിപിഎം ജില്ലാ സെക്രട്ടറി

പന്തളം ∙ സഹകരണ ബാങ്കുകളിൽ ക്രമക്കേട് കാട്ടുന്നവർ ആരായാലും ശക്തമായ നടപടി ഉണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു. നെല്ലിനൊപ്പം കള വളർന്നാൽ അത് നീക്കം ചെയ്യും. പന്തളം സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പൊലീസും ആരോപണവിധേയരുംഒന്നായെന്ന് പി.കെ.കൃഷ്ണദാസ്

പന്തളം ∙ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട പൊലീസും ആരോപണവിധേയരായ സിപിഎമ്മും ഒന്നായെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. തിങ്കളാഴ്ച ബാങ്കിനു മുൻപിൽ നടന്ന പ്രതിഷേധത്തിനിടെ പരുക്കേറ്റ ബിജെപി നേതാക്കളെ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. മോഷണം നടത്തിയവർ മോഷണമുതൽ തിരികെയെത്തിച്ചാൽ കുറ്റക്കാരല്ലാതാവുമോയെന്നു അദ്ദേഹം ചോദിച്ചു.

തീവെട്ടിക്കൊള്ളയാണ് നടന്നിട്ടുള്ളത്. പ്രതിക്കെതിരെ ക്രിമിനൽ കേസ് എടുക്കുന്നതിനു പകരം ലോക്കൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ മോഷണമുതൽ തിരികെയെത്തിക്കുകയാണ് ചെയ്തത്. ഒരാൾ മാത്രം വിചാരിച്ചാൽ ഇത്തരത്തിൽ തട്ടിപ്പ് നടത്താനാവില്ല. ജീവനക്കാരനെ കൂടാതെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ പേരിലും കേസെടുത്ത് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണം.

ബിജെപി സംസ്ഥാന കൗൺസിൽ അംഗം കൊട്ടേത്ത് ശ്രീപ്രദീപ്, നഗരസഭാ കമ്മിറ്റി പ്രസിഡന്റ് ഹരികുമാർ കൊട്ടേത്ത് എന്നിവരാണ് ചികിത്സയിലുള്ളത്. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, ട്രഷറർ ഗോപാലകൃഷ്ണ കർത്ത, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് കെ.മാത്യു, നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, മണ്ഡലം പ്രസിഡന്റ് ജി. ഗിരീഷ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

‘ശബ്ദരേഖ അടിസ്ഥാനരഹിതം’

പന്തളം ∙ സഹകരണ ബാങ്കിൽ ക്രമക്കേട് നടന്നെന്ന വ്യാജ പ്രചാരണങ്ങളും വ്യാജവാർത്തകളും തുടർന്നുള്ള ബിജെപി, കോൺഗ്രസ് അക്രമ സമരങ്ങളും പൊളിഞ്ഞതോടെ, തന്റെ ഫോൺ ശബ്ദരേഖയെന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണെന്ന് സിപിഎം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ. സഹകരണ ബാങ്കിനെക്കുറിച്ചു കള്ള പ്രചാരണങ്ങൾ നടന്നപ്പോൾ പല മാധ്യമങ്ങളുടെയും പ്രതിനിധികൾ ഞായറാഴ്ച ഫോണിൽ വിളിച്ചിരുന്നു.

അപ്പോൾ ലഭ്യമായിരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പലരോടും പ്രതികരിച്ചു. ചില വിഷയങ്ങളിൽ പ്രാഥമിക വിവരങ്ങളിൽ അവ്യക്തതകൾ ഉണ്ടെങ്കിലും പ്രതികരിക്കേണ്ടിവരും. പിന്നീട് ലഭിക്കുന്ന യഥാർഥ വസ്തുതയുടെ അടിസ്ഥാനത്തിൽ കൃത്യമായ പ്രതികരണം വീണ്ടും നടത്തുന്നത് രാഷ്ട്രീയ രംഗത്ത് സ്വാഭാവികമാണ്. ബിജെപി-കോൺഗ്രസ്-വലതുപക്ഷ മാധ്യമ ഗൂഢാലോചന ജനം തിരിച്ചറിയണമെന്നും ആർ. ജ്യോതികുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com