ADVERTISEMENT

ഇളംപള്ളിൽ ∙ വേനൽക്കാലത്ത് മണ്ണെടുപ്പിന് യഥേഷ്ടം അനുമതി കൊടുത്ത് ജിയോളജി വകുപ്പും പഞ്ചായത്ത് അധികൃതരും പള്ളിക്കൽ പഞ്ചായത്തിനെ ജലക്ഷാമത്തിലേക്ക് തള്ളിവിടുന്നു. ഇളംപള്ളിലും ആലുംമൂട് ഭാഗത്തുമാണ് വ്യാപകമായി മണ്ണെടുത്തു കൊണ്ടിരിക്കുന്നത്. ഇളംപള്ളിൽ പുത്തൻചന്തയ്ക്കു സമീപത്ത‌ായി വൻ തോതിലാണ് മണ്ണെടുത്തു കൊണ്ടിരിക്കുന്നത്. ഇതിനായി മായയക്ഷിക്കാവ് ക്ഷേത്രത്തിന്റെ ഭാഗത്തുള്ള മൈതാനത്ത് നൂറോളം ടിപ്പർ ലോറികളാണ് പുലർച്ചെ മുതൽ നിരക്കും. ഇളംപള്ളിലേ കൂടാതെ ആലുംമൂട് ജംക്‌ഷനു സമീപത്തായും മണ്ണെടുപ്പ് നടക്കുന്നത്.

വേനൽ കടുത്തതോടെ ഒരു നിയന്ത്രണവുമില്ലാതെ മണ്ണെടുപ്പിന് അനുമതി കൊടുക്കുന്നത് ജലസ്രോതസ്സുകളിലെ വെള്ളം ഇല്ലാതാക്കുന്നതിനൊപ്പം പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. 

എന്നാൽ ഇതൊന്നും നോക്കാതെയാണ് അപേക്ഷ ലഭിക്കുമ്പോൾ തന്നെ ജിയോളജി വകുപ്പ് അനുമതി കൊടുക്കുന്നത്. നാട്ടുകാരുടെ എതിർപ്പുണ്ടാകുന്നതിനാൽ ഇപ്പോൾ മണ്ണെടുക്കുന്ന സംഘം കോടതി ഉത്തരവു സംഘടിപ്പിച്ചു കൊണ്ടാണ് പള്ളിക്കൽ പഞ്ചായത്തിനെ ജലക്ഷാമത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്.

ചൂട് കൂടിയതിനാൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതിനിടയിൽ പഞ്ചായത്തിന്റെ പലഭാഗങ്ങളിലായി മണ്ണെടുപ്പും കൂടി വ്യാപകമാക്കിയതിനാൽ അടുത്ത മാസം എത്തുമ്പോഴേക്കും ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടമോടേണ്ട സ്ഥിതി ഉണ്ടാകും. കെട്ടിട നിർമാണമെന്ന പേരിലാണ് ജിയോളജി വകുപ്പിൽ നിന്ന് അനുമതി വാങ്ങിയെടുക്കുന്നത്. 

എന്നാൽ മണ്ണെടുക്കുന്ന ഒരു സ്ഥലത്തും ഇതുവരെ കെട്ടിടം ഉയർന്നു കണ്ടിട്ടില്ല. 

ജിയോളജി വകുപ്പ് ഇതുമായി ബന്ധപ്പെട്ട പരിശോധനയും നടത്താറുമില്ല. മണ്ണെടുപ്പ് ജലക്ഷാമം രൂക്ഷമാകുന്നതിനൊപ്പം മണ്ണുമായി ഇടറോഡുകളിലൂടെ ടിപ്പർലോറികളുടെ പാച്ചിൽ റോഡുകളുടെ തകർച്ചയ്ക്കു വഴിയൊരുക്കുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ഇതൊന്നും ‌നോക്കാതെ ജിയോളജി വകുപ്പ് മണ്ണെടുപ്പിന് അനുമതി കൊടുത്തുകൊണ്ടേയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com