റാന്നി ∙ കെഎസ്ആർടിസി ബസ് സ്റ്റേഷനു വേണ്ടി ഭൂമി വിലയ്ക്കെടുത്തതു മൂലം പുലിവാലു പിടിച്ച് പഴവങ്ങാടി പഞ്ചായത്ത്. സ്ഥലമുടമകൾക്ക് അധിക തുക നൽകണമെന്ന കോടതി ഉത്തരവു പ്രകാരം പഴവങ്ങാടി പഞ്ചായത്തിന്റെ ആസ്തികൾ തുടരെ ജപ്തി ചെയ്യുന്നു. പഞ്ചായത്ത് ഓഫിസ് ഉൾപ്പെടെയുള്ള വസ്തുവകകളിലാണ് അവസാനം ജപ്തി നോട്ടിസ് പതിച്ചത്. പഴവങ്ങാടി പഞ്ചായത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സ്ഥാപിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും അതിനാവശ്യമായ സ്ഥലം ഏറ്റെടുത്തു ലഭിച്ചാൽ റാന്നിയുടെ വികസനത്തിനു ഗുണകരമായിരിക്കുമെന്നും 2000 നവംബർ 24ന് പഴവങ്ങാടി പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് സർക്കാരിനോട് ആവശ്യപ്പെട്ടതാണ് പുലിവാലായത്.
2010ൽ മാന്ദ്യവിരുദ്ധ പാക്കേജിൽപ്പെടുത്തി സർക്കാർ പൊതുമരാമത്ത് വകുപ്പിന് ശബരിമല ഇടത്താവളം നിർമിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചിരുന്നു. തുകയിൽ 72.69 ലക്ഷം രൂപ ചെലവഴിച്ച് പഴവങ്ങാടി വില്ലേജിൽ 12 സർവേ നമ്പരുകളിൽ ഉൾപ്പെട്ട ഭൂമി സർക്കാർ പൊന്നുംവിലയ്ക്കെടുത്തു. എന്നാൽ, ഭൂമിയുടെ വിലയായി നൽകിയ തുക കുറവാണെന്നു ചൂണ്ടിക്കാട്ടി 9 സ്ഥലമുടമകൾ പത്തനംതിട്ട സബ് കോടതിയിൽ 6 ഹർജികൾ നൽകി.കെഎസ്ആർടിസി, പൊതുമരാമത്ത് വകുപ്പ് എന്നിവയെ കക്ഷി ചേർക്കാതെ പഞ്ചായത്തിനെയാണ് കേസുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പ്രസിഡന്റ് അനിത അനിൽകുമാർ പറയുന്നു. 2015–16 വർഷത്തിൽ അന്തിമ വിധിയുണ്ടായി. ന്യായവിലയും പലിശയും ചേർത്ത് 7.50 കോടിയോളം രൂപ പഞ്ചായത്ത് നൽകണമെന്നാണ് ഉത്തരവ്. ഇതിന്റെ ഭാഗമായാണ് പഞ്ചായത്ത് ഓഫിസ് ഉൾപ്പെടെയുള്ള 56.50 ആർ ഭൂമിയിൽ നോട്ടിസ് പതിച്ചത്.
പ്രമോദ് നാരായൺ എംഎൽഎയുടെ നേതൃത്വത്തിൽ നിലവിലെ ഭരണസമിതി ഗതാഗത, പൊതുമരാമത്ത് മന്ത്രിമാരെ കണ്ട് പ്രശ്നത്തിന്റെ ഗൗരവം ധരിപ്പിച്ചിരുന്നു. പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം, അംഗം ബിജി വർഗീസ് എന്നിവർ ചേർന്ന് മറ്റൊരു കേസും പൊതു താൽപര്യ ഹർജിയും കോടതിയിൽ നൽകിയിട്ടുണ്ട്. കോടതിയിൽ മറുപടി നൽകുന്നതിന് സർക്കാർ കൂടുതൽ സമയം ചോദിച്ചിരിക്കുകയാണ്. പഞ്ചായത്തിന്റെ അധീനതയിൽ അല്ലാത്ത കെഎസ്ആർടിസിയുടെയും പിഡബ്ല്യുഡിയുടെയും കൈവശമുള്ളതും കരം അടയ്ക്കുന്നതുമായ ഭൂമി ഏറ്റെടുത്തതിന്റെ ബാധ്യത സർക്കാർ തന്നെ നൽകണമെന്നാണ് പഞ്ചായത്ത് കമ്മിറ്റിയുടെ ആവശ്യമെന്ന് പ്രസിഡന്റ് പറഞ്ഞു.