ADVERTISEMENT

വൈദ്യശാസ്ത്രത്തിനു മുൻപിൽ ഗർഭഛിദ്രം മാത്രമായിരുന്നു പോംവഴി, എന്നാൽ എന്തുവന്നാലും തന്റെ കുരുന്നിനെ നഷ്ടപ്പെടുത്തില്ലെന്ന നിശ്ചയദാർഢ്യമായിരുന്നു സ്മിതയുടെ കരുത്ത്. ഡോക്ടർമാർ വിലക്കിയെങ്കിലും, അബോർഷൻ വേണ്ടെന്നുറപ്പിച്ച് അന്ന് ആശുപത്രി വിട്ടപ്പോൾ സ്മിതയുടെ വയറ്റിലെ കുരുന്നിന് പ്രായം വെറും 28 ദിവസം.

പ്ലാസന്റ, ഗർഭപാത്രത്തോട് കൂടുതൽ ചേർന്നിരിക്കുന്ന ‘പ്ലാസന്റ ഇൻക്രീറ്റ’ എന്ന അവസ്ഥയായിരുന്നു സ്മിതയ്ക്ക്. ഇതുമൂലം ഗർഭപാത്രത്തിന് ചരിവുണ്ടായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചില്ലെങ്കിൽ സ്മിതയുടെ ജീവിതം തന്നെ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥ. അതികഠിനമായിരുന്നു പിന്നീടുള്ള ദിനങ്ങൾ.

ആറാം മാസം ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കാതെ മറ്റു വഴിയില്ലായിരുന്നു. കുഞ്ഞ് ആരോഗ്യവാനായിരുന്നെങ്കിലും കൂടുതൽ ശ്രദ്ധകിട്ടുന്നതിനായി എൻഐസിയുവിലേക്ക് മാറ്റി. നിലയ്ക്കാത്ത രക്തസ്രാവം മൂലം സ്മിത ദുരിതക്കിടക്കയിൽ തുടർന്നു. ഒരാഴ്ച നീണ്ടുനിന്ന സങ്കീർണ ശസ്ത്രക്രിയ.

135 കുപ്പി രക്തമാണ് സ്മിതയുടെ ശരീരത്തിൽ കയറ്റിയത്. ദിവസങ്ങളോളം അബോധാവസ്ഥയിൽ. 20 ദിവസങ്ങൾക്കു ശേഷമാണ് ബോധം തെളിഞ്ഞത്. രക്ഷപ്പെടാൻ പത്തുശതമാനത്തിൽ താഴെ മാത്രമായിരുന്നു സാധ്യതയെന്നയിടത്തുനിന്ന് സ്മിത ജീവിതത്തിലേക്ക് തിരികെക്കയറി.

എട്ടുവർഷങ്ങൾക്കു മുൻപ് ഒരു കണ്ണീർത്തുള്ളിയായി മാഞ്ഞുപോകുമായിരുന്ന കുഞ്ഞിന്റെ പേര് ‘ദേവ് ജ്യോതി’, അവനെ ചേർത്തുപിടിച്ച് മൂത്ത മകൻ ധ്യാൻ ജ്യോതിക്കും ഭർത്താവ് കൊടുമൺ തട്ട പാറക്കര ചൈതന്യജ്യോതിയിൽ ജ്യോതിഷ് കുമാറിനുമൊപ്പമിരിക്കുമ്പോൾ സ്മിതയുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. എട്ടുവർഷം മുൻപ് അബോർഷൻ മുറിയിൽ തെളിഞ്ഞ ആത്മവിശ്വാസത്തിന്റെ തിളക്കം.

വേദനകളുടെ ആരംഭം    

28–ാം ദിവസത്തെ ചെക്കപ്പിനുവേണ്ടി ആശുപത്രിയിലെത്തിയപ്പോളാണ് ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ സ്മിതയുടെ ജീവൻ അപകടത്തിലാകാമെന്ന മുന്നറിയിപ്പ് ഡോക്ടർ നൽകുന്നത്. എന്നാൽ അതിനു വഴങ്ങാതിരുന്നതോടെ അഞ്ചാം മാസം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്ന് അറിയിച്ചു.

പ്രസവത്തിന് സങ്കീർണതകൾ ഉണ്ടാകുമെന്നും ഡോക്ടർമാർ മുൻകൂട്ടി പറഞ്ഞു. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും 2 ഞരമ്പുകളിൽനിന്നുള്ള രക്തസ്രാവം നിലച്ചില്ല. ഇതുമൂലം ഓപ്പറേഷനുശേഷം വയർ തുന്നിക്കെട്ടിയില്ല. ആശുപത്രിയിൽ ശേഖരിച്ചിരുന്ന രക്തം തികയാതെ വന്നപ്പോൾ സന്നദ്ധപ്രവർത്തകർ വഴി ദാതാക്കളെ കണ്ടെത്തി.

രക്തസ്രാവം തടയാൻ ഞരമ്പുകൾ കരിക്കാമെന്ന തീരുമാനത്തിലേക്കെത്തി. വയർ തുന്നിക്കെട്ടാതെ വീണ്ടും ഓപ്പറേഷൻ തിയറ്ററിലേക്ക്. ശസ്ത്രക്രിയയ്ക്കു ശേഷം ബോധം വീണത് 20–ാം ദിവസം. അബോധാവസ്ഥയിലായിരുന്ന സ്മിത ഇടയ്ക്കിടെ ബോധം തെളിയുമ്പോൾ കട്ടിലിൽനിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു, ചിലപ്പോൾ ഭ്രാന്തമായി നിലവിളിച്ചു.

മുറിവിന്റെ തുന്നലുകൾ പൊട്ടാതിരിക്കാൻ കാലുകൾ കട്ടിലുമായി കൂട്ടിക്കെട്ടേണ്ടിവന്നു ആരോഗ്യ പ്രവർത്തകർ‌ക്ക്. കാലിലെ ഞരമ്പു വലിഞ്ഞ് വേദന മുറുകിയ ദിനങ്ങൾ. ഇന്നും ആ വേദനയുടെ ശേഷിപ്പുകൾ സ്മിതയുടെ ശരീരത്തിലുണ്ട്. 

സംരംഭകയിലേക്ക്           

ദേവ് ജ്യോതിക്ക് ഒരു വയസ്സു കഴിഞ്ഞപ്പോൾ സ്മിത സ്വന്തമായി വരുമാന മാർഗം കണ്ടെത്താനുള്ള ശ്രമങ്ങൾ ആലോചിച്ചുതുടങ്ങിയിരുന്നു. അതിൽനിന്നാണ് ദേവാസ് സ്പൈസസ് ആൻഡ് ഫ്ലോർ മിൽ എന്ന സ്ഥാപനത്തിന്റെ ആശയത്തിലേക്ക് എത്തിച്ചേർന്നത്. ഉന്നതനിലവാരമുള്ള മുളകും മറ്റ് ധാന്യങ്ങളും പൊടിച്ചു പാക്കറ്റായി വിൽക്കുന്ന സംരംഭത്തിന് തുടക്കം കുറിച്ചു.

എല്ലാ പിന്തുണയുമായി ഭർത്താവ് ജ്യോതിഷും ഒപ്പംനിന്നു. ധ്യാൻ ജ്യോതിയും പഠനത്തിരക്കുകൾക്കിടയിൽ അമ്മയ്ക്ക് സഹായമായി എത്തുന്നുണ്ട്. കൂടാതെ 2.5 ഏക്കറിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷിയുമുണ്ട്. 10 ലക്ഷം രൂപയോളം വാർഷിക വരുമാനം ഇതിൽനിന്നു കണ്ടെത്താൻ സ്മിതയ്ക്ക് സാധിക്കുന്നുണ്ട്. 

പ്രഫ.ഡോ.ബി.പ്രസന്നകുമാരി ഗെെനക്കോളജി വിഭാഗം മേധാവി അടൂർ ലൈഫ് ലൈൻ ആശുപത്രി

സങ്കീർണമായ പ്രെഗ്നൻസിയായിരുന്നു സ്മിതയുടേത്. പ്ലാസന്റ ഗർഭപാത്രത്തിൽനിന്ന് താഴേക്ക് ഇറങ്ങുന്ന അവസ്ഥ. ഓരോ തവണ സ്കാനിങ്ങിനെത്തുമ്പോഴും അബോർഷനാണ് നല്ലതെന്ന് ഞങ്ങൾ പലവട്ടം പറഞ്ഞിരുന്നു. സിസേറിയനു ശേഷം പ്ലേറ്റലെറ്റും പ്ലാസ്മയും ആർബിസിയും വേർതിരിച്ച് 135 കുപ്പി രക്തമാണ് കയറ്റിയത്. വൈദ്യശാസ്ത്രത്തിനെ തന്നെ അദ്ഭുതപ്പെടുത്തിയാണ് സ്മിത ജീവിതം തിരിച്ചുപിടിച്ചത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com