ADVERTISEMENT

വെച്ചൂച്ചിറ ∙ ഉരുൾപൊട്ടലിൽ കൃഷിനാശം നേരിട്ട കർഷകർക്ക് 16 മാസം പിന്നിട്ടിട്ടും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. കുരുമ്പൻമൂഴിയിലെ കർഷകരാണ് നഷ്ടപരിഹാരം തേടി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നത്. 2021 നവംബർ 11ന് ആണ് കുരുമ്പൻമൂഴിയിലെ മലയോരവാസികളെ ഭീതിയിലാഴ്ത്തിയ ഉരുൾപൊട്ടൽ ഉണ്ടായത്. പനംകുടന്ത അരുവിക്കു സമീപം വനത്തിൽ ഉരുൾപൊട്ടി പ്രളയമായി വെള്ളം ഒഴുകിയെത്തുകയായിരുന്നു. കൈതോട് ഗതിമാറിയൊഴുകി വൻനാശമാണ് നേരിട്ടത്. വീടുകൾക്കും കാർഷിക വിളകൾക്കു നാശം നേരിട്ടവർ ഏറെയാണ്. 

വൻതോതിൽ കല്ലും മണ്ണും കൃഷിയിടങ്ങളിൽ അടിഞ്ഞിരുന്നു. മുപ്പതോളം കർഷകരുടെ റബർ, തെങ്ങ്, കപ്പ, കമുക്, കുടിവാഴ, ഏത്തവാഴ തുടങ്ങിയ കാർഷിക വിളകളെല്ലാം നശിച്ചിരുന്നു. ജില്ലാ ഭരണകൂടവും ജനപ്രതിനിധികളുമെല്ലാം അടുത്ത ദിവസം ഇവിടം സന്ദർശിച്ചിരുന്നു. കൃഷിനാശം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്നും തുടരെ ഉരുൾപൊട്ടൽ ഭീഷണിയിലായ 5 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുമെന്നുമൊക്കെ വാഗ്ദാനങ്ങൾക്കു പഞ്ഞമുണ്ടായില്ല. എന്നാൽ അവയെല്ലാം പ്രഖ്യാപനങ്ങളിൽ ഒതുങ്ങുകയായിരുന്നു. 

കൃഷി വകുപ്പ് ഉദ്യോഗസ്ഥരെത്തി കൃഷി നാശത്തിന്റെ കണക്കെടുത്തിരുന്നു. അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇന്നും ചില്ലിക്കാശുപോലും കർഷകർക്കു ലഭിച്ചിട്ടില്ല. കൃഷിഭൂമി വീണ്ടും കൃഷിയുക്തമാക്കാനും അവരിൽ ഏറെ പേർക്കും കഴിഞ്ഞിട്ടില്ല. കൂറ്റൻ കാട്ടുകല്ലുകൾ അടക്കം കൃഷിയിടത്തിൽ ചിതറിക്കിടക്കുകയാണ്. ഇതിനുള്ളിൽ കൃഷിയിറക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഉരുൾപൊട്ടൽ ഭീഷണി വീണ്ടും നിലനിൽക്കുന്നതിനാൽ ജനം ഇപ്പോഴും ആശങ്കയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com