ADVERTISEMENT

കോഴഞ്ചേരി  ∙ കൃഷിഭൂമിയില്ലാതെ നെൽക്കൃഷി നടത്തി സബ്സിഡി തട്ടിയെടുത്തതായി ഓഡിറ്റ് റിപ്പോർട്ട്. സമഗ്ര നെൽക്കൃഷി വികസനത്തിനായി മല്ലപ്പുഴശേരി പഞ്ചായത്തിൽ നടപ്പാക്കിയ പദ്ധതിയിലാണ് വൻ അപാകതകൾ കണ്ടെത്തിയത്.സബ്സിഡി വാങ്ങിയ കർഷകരിൽ ഭൂരിഭാഗം പേരും ആലപ്പുഴ ജില്ലയിൽ നിന്നുള്ളവരാണ്. ഇതിൽ ചിലർ ഒരേ കുടുംബത്തിൽപെട്ടവരും. 61 ഹെക്ടറിൽ പാട്ടക്കൃഷി നടത്തിയതിനാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നൽകിയിട്ടുളളത്. എന്നാൽ, ഏതു ഭൂ‍വുടമയുടെ സ്ഥലത്താണ് കൃഷി നടത്തിയിട്ടുള്ളതെന്ന രേഖകൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 32 കർഷകർക്കായി 10,54,000 രൂപയാണ് സബ്സിഡിയായി നൽകിയത്.

പഞ്ചായത്തിലെ 4 പാടശേഖര സമിതികൾ മുഖേന കൃഷി നടത്തുന്നതിനാണ് പദ്ധതി നടപ്പാക്കിയത്. എന്നാൽ, പാടശേഖര സമിതിയിൽ ഉൾപ്പെട്ട കർഷകരോ സ്ഥലത്തിന്റെ യഥാർഥ ഉടമസ്ഥരോ നെൽക്കൃഷി നടത്തിയിട്ടില്ല. കൃഷി ചെയ്തവരിൽ ഭൂരിഭാഗവും ചെങ്ങന്നൂർ, ചെറിയനാട് പ്രദേശത്തുള്ളവരാണ്. നെൽക്കൃഷി നടത്താൻ ഇവർ മല്ലപ്പുഴശേരി പഞ്ചായത്തിലെ ഏതു കൃഷി ഭൂമിയിലാണ് ഉടമസ്ഥനുമായി കരാർ വച്ചതെന്ന രേഖകളും ലഭ്യമായിട്ടില്ലെന്നതാണ് ഓഡിറ്റ് റിപ്പോർട്ടിൽ വിമർശനം.

നെൽക്കൃഷിക്ക് കൂലിച്ചെലവ് ഇനത്തിൽ സബ്സിഡിയായി ഒരു ഹെക്ടറിന് 17000 രൂപ വീതമാണ് നൽകിയിട്ടുളളത്. 32 കർഷകരിൽ 29 പേർ 2 ഹെക്ടർ വീതം നെൽക്കൃഷി നടത്തിയെന്ന് വ്യക്തമാക്കിയാണ് സബ്സിഡി വാങ്ങിയിട്ടുള്ളത്. 2 ഹെക്ടറിൽ കൃത്യമായി പാട്ടക്കൃഷി നടത്തിയെന്നും അതിന് ഭൂമി ഇതേ അളവിൽ ലഭിച്ചുവെന്നതും വിശ്വസനീയമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പഞ്ചായത്തിന് പുറത്തുള്ള കർഷകർക്ക് ആനുകൂല്യം നൽകുന്നതിന് ഗ്രാമസഭ അംഗീകാരമോ ഭരണസമിതിയുടെ തീരുമാനമോ ഉണ്ടായിട്ടില്ല. ഉമ നെൽവിത്ത് ഉപയോഗിച്ചുളള കൃഷിയിൽനിന്ന് ഒരു ഹെക്ടറിനു 8 മുതൽ 9 വരെ ‍ടൺ നെല്ല് ഉൽപാദിപ്പിക്കാമെന്നും 61 ഹെക്ടറിൽ നിന്ന് എത്ര ‍ടൺ നെല്ല് ഉൽപാദിപ്പിച്ചെന്നതിന്റെ രേഖകൾ ലഭ്യമായിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com