അവധിക്കാലത്ത് നാടും കാടും കായലും കണ്ടറിയാം; പാക്കേജ് ഒരുക്കി കെഎസ്ആർടിസി

Mail This Article
പത്തനംതിട്ട∙മധ്യവേനൽ അവധിക്കാലത്തു കുട്ടികൾക്കു രക്ഷിതാക്കളോടൊപ്പം ഉല്ലാസ യാത്രയ്ക്കു ജില്ലയിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയിൽ സൗകര്യം ഒരുക്കുന്നു. ഗവി, മൂന്നാർ, വയനാട്, ഇടുക്കി, മൺറോതുരുത്ത്, സാംബ്രാണിക്കുടി എന്നിവയ്ക്കു പുറമേ പ്രകൃതി ഭംഗിയറിഞ്ഞ് മാമലകണ്ടം, മാങ്കുളം, ആനകുളം, വഴി വനയാത്ര, അറബിക്കടലിൽ അസ്തമയ സൂര്യനെ കണ്ട് ആഡംബര കപ്പലിൽ യാത്ര, വേമ്പനാട്ട് കായലിന്റെ ഓളപ്പരപ്പിലൂടെ കായൽ ആഹാരത്തിന്റെ രുചിയറിഞ്ഞു 6മണിക്കൂർ ഹൗസ് ബോട്ട് യാത്ര എന്നിവയാണു വിവിധ പാക്കേജുകൾ.
ഇതു കൂടാതെ മലയാറ്റൂർ പള്ളി, ഗുരുവായൂർ ക്ഷേത്രം, ആഴിമല, അച്ചൻ കോവിൽ എന്നീ തീർഥാടന കേന്ദ്രങ്ങളിലേക്കും യാത്ര ഒരുക്കുന്നു.ഗവിയ്ക്ക് 24 മുതൽ ഏപ്രിൽ ഒന്ന് വരെ ബുക്ക് തുടങ്ങി. 24നു പത്തനംതിട്ട, 25ന് റാന്നി, 27 ന് പത്തനംതിട്ട, തിരുവല്ല, 28ന് അടൂർ, ,ഏപ്രിൽ ഒന്നിനു തിരുവല്ല എന്നിവിടങ്ങളിൽ നിന്നു ഗവി ബസ് ഉണ്ടാകും. കപ്പൽ യാത്രയ്ക്ക് 29 നു തിരുവല്ലയിൽ നിന്നാണു പുറപ്പെടുന്നത് .
പ്രകൃതിയെയും കാടിനെയും അറിഞ്ഞു, കാന ഭംഗി ആസ്വദിച്ചുള്ള ജില്ലയിലെ ഗവി യാത്ര ഇതുവരെ 250 ബസുകൾ പൂർത്തിയാക്കി. ഇതുവരെ 90 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു.പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചാണ് ഗവി യാത്ര. കെഎസ്ആർടിസിയുടെ പത്തനംതിട്ട, തിരുവല്ല, അടൂർ, റാന്നി ഡിപ്പോകളിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ല കോ ഓർഡിനേറ്റർ –ഫോൺ 9744348037