ADVERTISEMENT

പത്തനംതിട്ട∙ആവശ്യത്തിനു ട്രെയിനുമില്ല, ബസുമില്ല. സംസ്ഥാനാന്തര യാത്രയ്ക്കു സൗകര്യമില്ലാതെ ജില്ലക്കാർ വലയുന്നു. തിരുനെൽവേലി, മധുര ഭാഗത്തേക്കു പോകേണ്ട യാത്രക്കാരാണു വണ്ടിയില്ലാതെ വലയുന്നത്. വൈകിട്ട് ആറര കഴിയുന്നതോടെ പത്തനംതിട്ടയിൽ നിന്നു പുനലൂർ ഭാഗത്തേക്കുള്ള സർവീസുകൾ നിലയ്ക്കുന്ന സ്ഥിതിയാണ്. രാത്രി ഏഴരയ്ക്കുള്ള തിരുവല്ല–തെങ്കാശി ബസിൽ ശ്വാസം വിടാൻ പറ്റാത്ത തിരക്കാണ്. അടൂരിൽ നിന്നോ പത്തനംതിട്ടയിൽ നിന്നോ മധുരയ്ക്ക് അധിക സർവീസ് നടത്തിയാൽ മികച്ച വരുമാനം ലഭിക്കുമെങ്കിലും കെഎസ്ആർടിസി അതിനു തയാറല്ല. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷനും ഈ സെക്ടറിൽ പുതിയ പെർമിറ്റില്ല.

പത്തനംതിട്ടയിലും സമീപ പ്രദേശങ്ങളിലും ജോലി ചെയ്യുന്ന ഒട്ടേറെ തമിഴ് തൊഴിലാളികൾ ചെങ്കോട്ട, തിരുനെൽവേലി ഭാഗത്തേക്കു യാത്ര ചെയ്യാനുണ്ട്. പത്തനംതിട്ടയിൽ നിന്നു നേരിട്ടു ബസ് കിട്ടാൻ ബുദ്ധിമുട്ടായതിനാൽ പുനലൂരിൽ പോയി കാത്തു നിൽക്കുകയാണു പതിവെന്നു ഓട്ടോ ഡ്രൈവറായ സുബ്രഹ്മണ്യൻ പറഞ്ഞു. പത്തനംതിട്ടയിൽ നിന്നു തിരുനെൽവേലിക്ക് അഡീഷനൽ പെർമിറ്റ് അനുവദിക്കാൻ കെഎസ്ആർടിസി നടപടിയെടുക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.

തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസിൽ 14 കോച്ചുകൾ മാത്രമായതിനാൽ ട്രെയിനിലും വലിയ തിരക്കാണ്. കൊല്ലം–ചെങ്കോട്ട പാതയിൽ ഗേജ് മാറ്റം കഴിഞ്ഞു വർഷങ്ങളായങ്കിലും  ഇതുവരെയും ഇരു സംസ്ഥാനങ്ങളേയും ബന്ധിപ്പിച്ച് ആവശ്യത്തിനു ട്രെയിൻ സർവീസുകളില്ല. ചെങ്കോട്ട പാതയിലെ ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം 14ൽ നിന്നു 18 ആയി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പലകുറി സംഘടനകൾ നിവേദനം നൽകിയെങ്കിലും ദക്ഷിണ റെയി‍ൽവേ തിരിഞ്ഞു നോക്കിയിട്ടില്ല.

 ഏറ്റവും തിരക്കുള്ളതു വൈകിട്ടാണെന്നിരിക്കെ ആ സമയത്ത് ആവശ്യത്തിനു ട്രെയിനുകളും ബസുകളും തമിഴ്നാട്ടിലേക്ക് ഇല്ലെന്ന സ്ഥിതിയാണുള്ളതെന്നു കൊല്ലം–ചെങ്കോട്ട റെയിൽ പാസഞ്ചർ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. കൊല്ലം–ചെങ്കോട്ട പാതയിൽ ൈവദ്യുതീകരണം പൂർത്തിയാകുമ്പോൾ കൊല്ലത്തു നിന്നു കൂടുതൽ മെമു സർവീസുകൾ ആരംഭിക്കാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com