
തിരുവല്ല ∙ രണ്ടുമുറി വീട്, 2 എൽഇഡി ബൾബും 2 ഫാനും. പക്ഷേ 2 മാസത്തെ വൈദ്യുതി ബില്ല് 17,044 രൂപ! പരാതി നൽകിയെങ്കിലും പരിഹാരമാകും മുൻപ് ബില്ല് അടയ്ക്കാത്തതിന് കൂലിപ്പണിക്കാരന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും കെഎസ്ഇബി മണിപ്പുഴ സെക്‌ഷൻ ഉദ്യോഗസ്ഥർ വിഛേദിച്ചു. ഇതോടെ പെരിങ്ങര പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ആലഞ്ചേരിൽ വിജയനും കുടുംബവും ഇരുട്ടടി കിട്ടിയതുപോലെയായി. വിജയനും ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളും വിജയന്റെ 80 വയസ്സുള്ള ഹൃദ്രോഗിയായ മാതാവുമാണ് വീട്ടിൽ താമസിക്കുന്നത്.
വിജയന്റെ ജ്യേഷ്ഠസഹോദരൻ രമേശിന്റെ പേരിലാണ് കണക്‌ഷൻ. 500 രൂപയിൽ താഴെ മാത്രം ബില്ല് ലഭിച്ചിരുന്ന വിജയന് രണ്ടാഴ്ച മുൻപാണ് 17,044 രൂപയുടെ ബില്ല് ലഭിക്കുന്നത്. വൈദ്യുതി ഓഫിസിൽ പരാതി നൽകിയപ്പോൾ അംഗീകൃത ഇലക്ട്രിഷ്യനെ കൊണ്ട് വീട്ടിലെ വയറിങ് പരിശോധിച്ച ശേഷം മീറ്ററിന്റെ ഫോട്ടോ എടുത്തു നൽകാനാണ് ഉദ്യോഗസ്ഥർ നിർദേശിച്ചത്. വീട് പരിശോധിച്ച ഇലക്ട്രിഷ്യൻ വയറിങ്ങിൽ തകരാറുകൾ ഇല്ലെന്ന് അറിയിച്ചു. തുടർന്ന് മീറ്ററിന്റെ ഫോട്ടോയെടുത്ത് വിജയൻ വീണ്ടും കെഎസ്ഇബി ഓഫിസിലെത്തി.
2 ദിവസങ്ങൾക്കകം ഉദ്യോഗസ്ഥരെത്തി വീട്ടിൽ സ്ഥാപിച്ചിരുന്ന മീറ്റർ കൂടാതെ മറ്റൊരു മീറ്റർ കൂടി ബോർഡിൽ സ്ഥാപിച്ചു. രണ്ടു ദിവസങ്ങൾക്ക് ശേഷം വീണ്ടും എത്തിയ ഉദ്യോഗസ്ഥർ പഴയ മീറ്ററിന് തകരാറില്ല എന്ന് അറിയിച്ച ശേഷം പുതുതായി സ്ഥാപിച്ച മീറ്റർ തിരികെ കൊണ്ടുപോയി. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ 2 ലൈൻമാൻമാരെത്തി വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചത്.
മാതാവിന്റെ രോഗനില മോശമാണെന്നും മക്കൾക്ക് പരീക്ഷാക്കാലമാണെന്നും പറഞ്ഞിട്ടും ഉദ്യോഗസ്ഥർ വൈദ്യുതി ബന്ധം വിഛേദിക്കുകയായിരുന്നെന്ന് വിജയൻ പറഞ്ഞു. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന തനിക്ക് ഭീമമായ തുക അടയ്ക്കാൻ നിർവാഹമില്ലെന്നും പ്രശ്നം പരിഹരിക്കുവാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം എന്നതുമാണ് കുടുംബത്തിന്റെ ആവശ്യം.
എന്നാൽ വീട്ടിലെ വൈദ്യുതി ലൈനിലെ തകരാർ കാരണമായിരിക്കാം ഇത്രയും വലിയ തുകയുടെ ബില്ല് വന്നതെന്നാണ് കെഎസ്ഇബി മണിപ്പുഴ സെക്‌ഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചത്.